വീണ്ടും വിൽപനക്കാരായി വിദേശ നിക്ഷേപകർ; വിപണിയിൽ ഇടിവ്
text_fieldsകൊച്ചി: വിദേശ നിക്ഷേപകർ വീണ്ടും വിൽപ്പനക്കാരായി മാറിയതോടെ ഓഹരി സൂചിക മുന്നാഴ്‌ച്ചകളിൽ നിലനിർത്തിയ ആവേശം പൊടുന്നനെ കെട്ടടങ്ങി. വിദേശ ഓപ്പറേറ്റർമാർ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും മുൻ നിര ഓഹരികൾ വിറ്റുമാറാൻ ഉത്സാഹിച്ചതോടെ സുചികയ്‌ക്ക് തിരിച്ചടിനേരിട്ടു. സെൻസെക്‌സ് 776 പോയിൻറ്റും നിഫ്‌റ്റി സൂചിക 204 പോയിൻറ്റും നഷ്‌ടത്തിലാണ്.
മാർക്കറ്റ് ഓപ്പണിങ് വേളയിലെ ആദ്യ കുതിപ്പിൽ തന്നെ ബാധ്യതകൾ ഒഴിവാക്കാനുള്ള നീക്കങ്ങൾക്ക് വിദേശ ധനകാര്യസ്ഥാപനങ്ങൾ തുടക്കം കുറിച്ചു. പിന്നിട്ട രണ്ടാഴ്‌ച്ചയിൽ ഏറെയായി വിൽപ്പനക്കാരായി നീങ്ങിയ ആഭ്യന്തര ഫണ്ടുകൾ വിപണിയുടെ രക്ഷക്കായി രംഗത്ത് ഇറങ്ങിയിട്ടും സെൻസെക്‌സ് 60,427 റേഞ്ചിൽ നിന്നും 59,412 ലേയ്‌ക്ക് ഇടിഞ്ഞു.
വെളളിയാഴ്‌ച് വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 59,655 പോയിന്റിലാണ്. മുൻ വാരം സൂചിപ്പിച്ച 59,543 ലെ രണ്ടാം സപ്പോർട്ട് ക്ലോസിങിൽ നിലനിർത്താനായത് ബുൾ ഇടപാടുകാർക്ക് ആശ്വാസം പകരും. ഈ വാരം സൂചിക 60,250 റേഞ്ചിലേയ്‌ക്ക് തിരിച്ചു വരവിന് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് വാങ്ങലുകാർ. ഈ തടസം മറികടക്കാനായാൽ 60,850 നെ വിപണി ലക്ഷ്യമാക്കി നീങ്ങും. അതേ സമയം വീണ്ടും വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 59,235 ലെ താങ്ങിൽ വിപണി പരീക്ഷണങ്ങൾ നടത്താം.
നിഫ്‌റ്റി 17,828 ൽ നിന്നും കൂടുതൽ മികവിന് അവസരം നൽക്കാതെയുള്ള വിൽപ്പന മൂലം സൂചിക ഒരു വേള 17,553 പോയിന്റിലേക്ക് തിരുത്തൽ കാഴ്‌ച്ചവെച്ചെങ്കിലും 17,524 ലെ സപ്പോർട്ട് സൂചിക നിലനിർത്തി വാരാന്ത്യം നിഫ്‌റ്റി 17,624 ലാണ്.
നിഫ്റ്റി ഐ.ടി സൂചിക 5.3 ശതമാനം കുറഞ്ഞു, മീഡിയ, മെറ്റൽ ഇൻഡക്‌സുകളും ഇടിഞ്ഞു. അതേ സമയം നിഫ്റ്റി പി.എസ്. യു ബാങ്ക് സൂചിക രണ്ട് ശതമാനവും എഫ്.എം.സി.ജി, ഓയിൽ ആൻറ് ഗ്യാസ് സൂചികയും ഉയർന്നു. ഇൻഫോസിസ് ടെക്‌നോളജി ഓഹരി വില 11 ശതമാനം ഇടിഞ്ഞ് 1227 രൂപയായി. ടെക് മഹീന്ദ്ര എട്ട് ശതമാനം ഇടിഞ്ഞ് 998 രൂപയായി. ടി.സി.എസ്, എച്ച്.സി.എൽ ടെക് തുടങ്ങിയവയ്‌ക്കും തിരിച്ചടിനേരിട്ടു.
മുൻ നിര ബാങ്കിങ് ഓഹരികളായ എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയുടെ നിരക്കും കുറഞ്ഞു, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ് റ്റി, എച്ച്.യു.എൽ, മാരുതി ഓഹരി വിലകളും താഴ്‌ന്നു. എസ്.ബി.ഐ, എം ആൻറ് എം, ഒ.എൻ.ജി.സി, ഡോ:റെഡീസ് തുടങ്ങിയവ മികവ് കാണിച്ചു.
മൂന്നാഴ്‌ച്ചകളിലെ തുടർച്ചയായ വാങ്ങലിനു ശേഷം വിദേശ ധനകാര്യസ്ഥാപനങ്ങൾ 4643 കോടി രൂപയുടെ ഓഹരികൾ വിറ്റു. മറുവശത്ത് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3026 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 81.85 ൽ നിന്നും 24 പൈസ കുറഞ്ഞ് 82.09 ലാണ്.
ഡോളർ സൂചികയിലെ ചാഞ്ചാട്ടത്തിനിടയിൽ സ്വർണ വില കയറി ഇറങ്ങി. ട്രോയ് ഔൺസിന് 2004 ഡോളറിൽ നിന്നും 2014 വരെ കയറിയെങ്കിലും പെടുന്നനെ നിരക്ക് 1968 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1982 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.