കടന്നുപോകുന്നത് നിക്ഷേപകർ വിപണിയിൽ നിന്നും പിന്തിരിഞ്ഞ ആഴ്ച
text_fieldsകൊച്ചി: സാമ്പത്തിക മേഖലയെ പുഷ്‌ടിപെടുത്താൻ ഫെഡ് റിസർവും യുറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്കിൽ വരുത്തിയ ഭേദഗതികൾ ആഗോള തലത്തിൽ നിക്ഷേപകരെ മുൻ നിര ഓഹരി വിപണികളിൽ നിന്നും പിന്തിരിപ്പിച്ചു. ഡോളർ സുചികയിലെ ചാഞ്ചാട്ടങ്ങൾക്ക് ഇടയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. പുതിയ ഉയരങ്ങളിലേയ്‌ക്ക് ചുവടുവെച്ച സ്വർണത്തിനും വാരാന്ത്യം കാലിടറി. ബോംബെ സെൻസെക്‌സ് 58 പോയിൻറ് താഴ്‌ന്നപ്പോൾ നിഫ്‌റ്റി സ്‌റ്റെഡി ക്ലോസിങിന് ശ്രമിച്ചു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ട വാരം എല്ലാ ദിവസങ്ങളിലും നിക്ഷപകരായി രംഗത്ത് നിറഞ്ഞു നിന്നപ്പോൾ ആഭ്യന്തര ഫണ്ടുകൾ നാലിൽ മൂന്ന് ദിവസവും വിൽപ്പനയ്‌ക്ക് ഉത്സാഹിച്ചു. വ്യാഴാഴ്‌ച്ച അവർ 442 കോടി രൂപയുടെ ഓഹരികൾ വാങ്ങി മറ്റ് ദിവസങ്ങളിലായി മൊത്തം 3177 കോടി രൂപയുടെ വിൽപ്പനയും നടത്തി. വിദേശ ഫണ്ടുകൾ മൊത്തം 5528 കോടി രൂപ നിക്ഷേപിച്ചു. വിദേശ ഫണ്ട് പ്രവാഹം ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർത്തി. മുൻവാരത്തിലെ 81.83 ൽ നിന്നും രൂപ 81.68 ലേയ്‌ക്ക് കരുത്ത് നേടി. ഒരവസരത്തിൽ വിനിമയ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും മികച്ച നിലവാരമായ 81.61 ലേയ്‌ക്ക് മികവ് കാണിച്ചിരുന്നു.
രൂപയുടെ ഓരോ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ് റിസർവ് ബാങ്ക്. രൂപയെ ഒരു നിശ്‌ചിത റേഞ്ചിൽ പിടിച്ചു നിർത്താൻ ആർ.ബി.ഐ പൊതുമേഖലാ ബാങ്കുകൾ മുഖാന്തരം ഡോളർ ശേഖരിക്കാൻ നീക്കം നടത്തിയെന്ന സൂചനയുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ റിസർവ് ബാങ്ക് പുറത്തുവിട്ടില്ല.
ഇതിനിടയിൽ ഇന്ത്യയുടെ വിദേശ നാണയകരുതൽ ശേഖരം പത്ത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഏപ്രിൽ 28 ന് അവസാനിച്ച വാരം വിദേശനാണ്യ കരുതൽ ധനം 588.78 ബില്യൺ ഡോളറായി ഉയർന്നു. തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് 4.5 ബില്യൺ ഡോളറിൻറ്റ വർധനയാണ് വരുത്തിയത്.
ഫെഡ് റിസർവ് പണപ്പെരുപ്പം കുറക്കാൻ പലിശ നിരക്കിൽ 25 ബേസിസ് പോയിൻറ്റ് ഉയർത്തി. പണപ്പെരുപ്പം രണ്ട് ശതമാനമായി കുറക്കാനുള്ള ശ്രമത്തിലാണ് യു.എസ്. തുടർച്ചയായി പത്ത് തവണ പലിശ നിരക്ക് ഉയർത്തിയെന്നല്ലാതെ പ്രതിസന്ധി പരിഹരിക്കാൻ അവർക്കായില്ല.
മുൻ നിര ഓഹരികളായ എച്ച്.യു.എൽ, മാരുതി, ആർ.ഐ.എൽ, ടാറ്റാ സ്‌റ്റീൽ, ഐ.ടി.സി, ഇൻഫോസിസ് ടെക്‌നോളജി, ടി.സി.എസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയിൽ നിഷേപകർ താൽപര്യം കാണിച്ചു. ലാഭമെടുപ്പും വിൽപ്പന സമ്മർദ്ദവം എസ്.ബി. ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എം ആൻറ് എം, വിപ്രോ, ടാറ്റാ മോട്ടേഴ്‌സ്, സൺ ഫാർമ്മ തുടങ്ങിയവയെ തളർത്തി.
നിഫ്‌റ്റി രണ്ടാം വാരവും 18,000 പോയിന്റിന് മുകളിൽ ഇടം പിടിച്ചത് പ്രാദേശിക നിക്ഷേപകരെ ആകർഷിക്കും. മുൻവാരത്തിലെ 18,065 ൽ നിന്നും ഓപ്പണിങ് വേളയിൽ 17,886 ലേയ്‌ക്ക് തളർന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കരുത്ത് കാണിച്ച് 18,265 വരെ കയറി. ഇതിനിടയിൽ വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ ഓപ്പറേറ്റർമാരെ വിൽപ്പനക്കാരാക്കിയതോടെ സുചിക ക്ലോസിങിൽ 18,069 പോയിന്റായി കുറഞ്ഞു. ഈവാരം 18,262 ൽ ആദ്യ പ്രതിരോധവും 17,881 ൽ താങ്ങുമുണ്ട്.
സെൻസക്‌സ് 61,112 ൽ നിന്നും 60,500 റേഞ്ചിലേയ്‌ക്ക് തുടക്കത്തിൽ സാങ്കേതിക തിരുത്തൽ കാഴ്‌ച്ചവെച്ച ശേഷമുള്ള തിരിച്ചു വരവിൽ 61,800 ലേയ്‌ക്ക് കയറിയെങ്കിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ വ്യാപാരാന്ത്യം സെൻസെക്‌സ് 61,054 ലേയ്‌ക്ക് തളർന്നു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് തിരിച്ചടി. എണ്ണ വില ബാരലിന് 75 ഡോളറിൽ നിന്നും 63.57 ഡോളറിലേയ്‌ക്ക് ഇടിഞ്ഞു, വാരാന്ത്യം 71.32 ഡോളറിലാണ്. ജനുവരി ആദ്യം 82 ഡോളറിൽ നീങ്ങിയ എണ്ണയുടെ ദുർബലാവസ്ഥ മുന്നിൽ കണ്ട് ഒപ്പെക്ക് ഉൽപാദനം കുറക്കാൻ തീരുമാനിച്ചിട്ടും പ്രതിസന്‌ധി വിട്ടുമാറിയില്ല.
ഡോളർ സൂചികയിലെ ചാഞ്ചാട്ടവും പലിശ നിരക്ക് ഉയർത്തിയ നടപടികളും ഫണ്ടുകളെ സ്വർണത്തിൽ നിക്ഷപകരാക്കി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1990 ഡോളറിൽ നിന്നും 2000 ലെ പ്രതിരോധം തകർത്ത് 2078 ഡോളർ വരെ ഉയർന്നു. കുതിപ്പിനിടയിൽ ലാഭമെടുപ്പിന് വാരാന്ത്യം ഓപ്പറേറ്റർമാർ രംഗത്ത് ഇറങ്ങിയതിനാൽ മാർക്കറ്റ് ക്ലോസിങിൽ 2017 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.