റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കാൻ സെൻസെക്സ്; വരും ദിവസങ്ങളിലും വിപണി ഉയർന്നേക്കും
text_fieldsകൊച്ചി: റെക്കോർഡ് പ്രകടനത്തോടെ തുടർച്ചയായ നാലാം വാരവും ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങി. യുറോ‐ഏഷ്യൻ ഓഹരി വിപണികളിലെ ഉണർവ് നിക്ഷേപകർക്ക് ആവേശം പകർന്നതോടെ മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ ഫണ്ടുകളും ഉത്സാഹിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങ് അവസരം ഒരുക്കി. സെൻസെക്‌സ് 759 പോയിന്റ് മികവിൽ 63,383 പോയിന്റിലും നിഫ്‌റ്റി സൂചിക 262 പോയിൻറ് നേട്ടത്തിൽ 18,826 ലുമാണ്.
മുൻ നിര രണ്ടാം നിര ഓഹരികളിലെ വാങ്ങൽ താൽപര്യം ശക്തമായി. സൂചിക റെക്കോർഡ് തലത്തിലേയ്‌ക്ക് അടുക്കുന്നത് കണ്ട് രംഗത്ത് നിന്നും വിട്ടുനിന്ന പ്രദേശിക ഇടപാടുകാരും പുതിയ ബാധ്യതകൾക്ക് ഉത്സാഹിച്ചു. വിദേശ ഓപ്പറേറ്റർമാർ 7274 കോടി രൂപ നിക്ഷേപിച്ചു. വാരാരംഭത്തിൽ അവർ 627 കോടിയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ മൂന്ന് ദിവസങ്ങളിലായി 1156 കോടിയുടെ വിൽപ്പനയും രണ്ട് ദിവസങ്ങളിൽ 2475 കോടിയുടെ നിക്ഷേപത്തിനും തയ്യാറായി.
വിദേശ സ്ഥാപനങ്ങൾ ജൂണിൽ 16,406 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെ കണക്ക് പ്രകാരം ഈ വർഷം ഇതിനകം അവർ 45,665 കോടി രൂപയുടെ വാങ്ങൽ ഇന്ത്യൻ മാർക്കറ്റിൽ നടത്തി.
മുൻ നിര ഓഹരിയായ ഇൻഫോസിസ്, എച്ച്.സി.എൽ, ഐ.ടി.സി, എയർടെൽ, സൺ ഫാർമ്മ, ഇൻഡസ് ബാങ്ക്, എച്ച്.യു. എൽ, ടാറ്റാ മോട്ടേഴ്‌സ്, എം ആൻറ എം തുടങ്ങിയവ നിഷേപ താൽപര്യത്തിൽ തിളങ്ങിയപ്പോൾ എച്ച്.ഡി.എഫ്.സി, എച്ച്.ഡി എഫ്.സി.ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, വിപ്രോ തുടങ്ങിയവയ്‌ക്ക് തളർച്ചനേരിട്ടു.
സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലം ദർശിക്കാനുള്ള ഒരുക്കത്തിലാണ്. 62,984 പോയിന്റിൽ നിന്നും 63,520 വരെ കയറിയ ശേഷം വാരാന്ത്യം 63,384 പോയിന്റിലാണ്. ഡിസംബറിൽ രേഖപ്പെടുത്തിയ 63,584 പോയിൻറ്റാണ് സർവകാല റെക്കോർഡ്. സാങ്കേതികമായി ബുള്ളിഷ് മൂഡ് നിലനിർത്തുകയാണ്. സെൻസെക്‌സിന് 63,700 പോയിന്റിൽ പ്രതിരോധം നേരിടാം. ഉയർന്ന തലത്തിൽ പ്രോഫിറ്റ് ബുക്കിങായി ഫണ്ടുകൾ രംഗത്ത് ഇറങ്ങിയാൽ 62,860 ലും 62,340 പോയിന്റിലും താങ്ങ് പ്രതീക്ഷിക്കാം.നിഫ്‌റ്റി 18,662 പോയിന്റിൽ നിന്നും ഇതിനകം 18,864 വരെ കയറിയെങ്കിലും 18,887 ലെ തടസം ഭേദിക്കാനായില്ല. വാരാന്ത്യം സൂചിക 18,826 പോയിന്റിലാണ്.
വിനിമയ വിപണിയിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം വീണ്ടും ഉയർന്നു. മുൻവാരത്തിലെ 82.42 ൽ നിന്നും 81.89 ലേയ്‌ക്ക് കരുത്ത് നേടി. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ് രൂപ. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ രൂപ 81.58 ലേയ്‌ക്ക് മികവിന് ശ്രമിക്കാം. അതേ സമയം കാലവർഷം ദുർബലമായി തുടർന്നാൽ വിനിമയ നിരക്കിൽ ഇടിവ് സംഭവിക്കും. ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരം ജൂൺ ഒന്പതിന് അവസാനിച്ച വാരം 1.128 ബില്യൺ ഡോളർ കുറഞ്ഞ് 525.073 ബില്യൺ ഡോളറായി.
പ്രതീക്ഷ പോലെ തന്നെ യു എസ് ഫെഡ് റിസർവ് പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിർത്തി. എന്നാൽ യുറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് 25 ബേസിസ് പോയിൻറ് ഉയർത്തി. അടുത്ത യോഗത്തിലും അവർ നിരക്ക് പരിഷ്‌കരിക്കുമെന്ന സുചനയും നൽകി. ബാങ്ക് ഓഫ് ജപ്പാനും യോഗം ചേന്നെങ്കിലും പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.