പ്രതീക്ഷയോടെ വിപണി; തിരിച്ചു വരുമോ സൂചിക
text_fieldsബോംബെ സെൻസെക്‌സും നിഫ്‌റ്റി സൂചികയും റെക്കോർഡ് പ്രകടനം കാഴ്‌ച്ചവെച്ച ആവേശത്തിലാണ്. നിഫ്‌റ്റി സൂചിക 372 പോയിൻറ്റും സെൻസെക്‌സ് 1239 പോയിൻറ്റും കഴിഞ്ഞ വാരം ഉയർന്നു. ഒരു മാസത്തിൽ വിപണി ഏകദേശം നാല് ശതമാനം കുതിച്ചു.
ബി എസ് ഇ ഐ റ്റി ഇൻഡകസ്‌ക് 3.2 ശതമാനം ഉയർന്നു. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഓട്ടോ, ടെക്‌നോളജി, ഫാർമ ഓഹരികൾ മികവിൽ. ബജാജ് ഓട്ടോ ഓഹരി വില 7.79 ശതമാനം ഉയർന്ന് 5130 രുപയായി. മുൻ നിര ഐ റ്റി ഓഹരികളായ ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ ടെക് തുടങ്ങിയവ മുന്നേറി. എസ്.ബി.ഐ, ഇൻഡസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, മാരുതി എന്നിവയും മികവിൽ.
ബോംബെ സൂചികയുടെ റെക്കോർഡ് പ്രകടനം ഇടപാടുകാരിൽ ആവേശം സൃഷ്‌ടിച്ചു. 66,662 ൽ നിന്നും സെൻസെക്‌സ് കുതിപ്പിൽ വിപണി പുതിയ റെക്കോർഡായ 67,927 വരെ കയറി. വാരാന്ത്യ ക്ലോസിങിൽ സൂചിക 67,838 പോയിൻറ്റിലാണ്. ഈ വാരം വിപണിക്ക് 67,101 – 66,364 ൽ താങ്ങും 68,251 - 68,664 പോയിൻറ്റിൽ പ്രതിരോധവുമുണ്ട്.
നിഫ്‌റ്റി 19,819 ൽ നിന്നും കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധം തകർത്ത് 19,991 ലെ റെക്കോർഡ് ഭേദിച്ച ശേഷം ചരിത്രത്തിൽ ആദ്യമായി 20,000 ലെത്തി. ഈ അവസത്തിൽ മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം സൂചികയെ 20,222 വരെ ഉയർത്തി, മാർക്കറ്റ് ക്ലോസിങിൽ 20,192 ൽ നിലകൊള്ളുന്ന നിഫ്‌റ്റിക്ക് ഈവാരം 20,320 ലെ തടസം മറികടക്കാനായാൽ 20,449 ൽ അടുത്ത പ്രതിരോധമുണ്ട്. വിപണിയുടെ താങ്ങ് 19,964 - 19,737 പോയിൻറ്റിലാണ്.
നിഫ്‌റ്റി സെപ്തംബർ ഫ്യൂച്ചേഴ്സ് ഓപ്പൺ ഇൻറ്ററസ്‌റ്റ് 15 ലക്ഷം കരാറുകൾ ഉയർന്ന് വാരാന്ത്യം 126 ലക്ഷത്തിലെത്തിയത് ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യം വ്യക്തമാക്കുന്നു. അതേ സമയം വീണ്ടും റെക്കോർഡ് പ്രകടനത്തിന് അവസരം ഒരുക്കാം. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ 3414 കോടി രൂപയുടെ ഓഹരികൾ പോയവാരം ശേഖരിച്ചതിനൊപ്പം 51 കോടി രൂപയുടെ വിൽപ്പനയും നടത്തി. വിദേശ ഫണ്ടുകൾ 2679 കോടി രൂപയുടെ വിൽപ്പനയും 1932 കോടി രൂപയുടെ നിക്ഷേപത്തിനും താൽപര്യം കാണിച്ചു.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 27 പൈസ ഇടിഞ്ഞു. 82.94 ൽ നിന്നും 83 ലേയ്‌ക്ക് ദുർബലമായതിനിടയിൽ ആർ.ബി.ഐ കരുതൽ ശേഖരത്തിൽ നിന്നും ഡോളർ വിൽപ്പന നടത്തി. ഇതിനിടയിൽ 83 ൽ നിന്നുള്ള തകർച്ചയെ 83.21 ൽ പിടിച്ചു നിർത്താനായി, വാരാന്ത്യം വിനിമയ നിരക്ക് 83.19 ലാണ്. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ ചലനങ്ങൾ കണക്കിലെടുത്താൽ വിനിമയ മൂല്യം 84 ലേയ്‌ക്ക് ദുർബലമാകാം.
യു എസ് ഫെഡ് റിസർവ് ഈ വാരം വായ്‌പ്പാ അവലോകനത്തിന് ഒത്ത് ചേരും. പലിശ നിരക്കുകളിൽ തൽക്കാലം മാറ്റത്തിനിടയിലെങ്കിലും വർഷാവസാനം അമേരിക്ക പലിശ നിരക്കിൽ ഭേദഗതികൾ വരുത്താം. ന്യൂയോർക്കിൽ സ്വർണം ഔൺസിന് 1918 ഡോളറിൽ നിന്നും 1931 ഡോളർ വരെകയറിയ ശേഷം വെള്ളിയാഴ്‌ച്ച മാർക്കറ്റ് ക്ലോസിങിൽ 1924 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.