നേട്ടം നിലനിർത്തി ഓഹരി വിപണി
text_fieldsമുൻ നിര ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ ഓഹരികളിൽ അനുഭവപ്പെട്ട നിഷേപ താൽപര്യം ഓഹരി ഇൻഡക്‌സുകളിൽ ഒന്നര ശതമാനം കുതിപ്പ് സൃഷ്‌ടിച്ചു. പ്രമുഖ സൂചികൾ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന റേഞ്ചിലേയ്‌ക്ക് ചുവടുവെച്ചത് രണ്ടാം നിര ഓഹരികളിലും വാങ്ങൽ താൽപര്യം ഉയർത്തി. ബോംബെ സൂചിക 890 പോയിൻറ്റും നിഫ്‌റ്റി 306 പോയിൻറ്റും വർധിച്ചു. ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായ മൂന്നാം വാരമാണ് മികവ് നിലനിർത്തുന്നത്.
ടെക്‌നോജി, ഫാർമസ്യൂട്ടിക്കൽ ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. ഓട്ടോമൊബൈൽ , റിയൽ എസ്‌റ്റേറ്റ് മേഖലകളിലേയ്‌ക്കും വാങ്ങൽ താൽപര്യം പടർന്നിരുന്നു. ഇതിനിടയിൽ സുരക്ഷിതമല്ലാത്ത വായ്പകൾക്ക് മേൽ ആർ.ബി. ഐ നീക്കം നടത്തുമെന്ന പ്രഖ്യാപനം ബാങ്കിങ് ഓഹരികൾക്ക് തിരിച്ചടിയായി.
മുൻ നിര ടെക് ഓഹരികളിൽ വൻ കുതിച്ചു ചാട്ടമുണ്ടായി. ടി.സി.എസ് അഞ്ച് ശതമാനം മികവിൽ 3502 രൂപയായി, അഞ്ച് ശതമാനം നേട്ടവമായി ടെക് മഹീന്ദ്രയും ഇൻഫോസീസ് ടെക്‌നോളജിയും മികവ് കാണിച്ചു. എച്ച്.സി.എൽ ടെക്, വിപ്രോ ഓഹരികളിലും നിക്ഷേപകർ പിടിമുറുക്കി. ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്‌റ്റീൽ, എം ആൻറ് എം, മാരുതി, എൽ ആൻറ് ടി, ആർ.ഐ.എൽ, എച്ച്.യു.എൽ, എയർടെൽ, സൺ ഫാർമ്മ, എച്ച്.ഡി.എഫ്.സി, ഐ.ടി.സി ഓഹരികളും കരുത്ത് നേടി. ബാങ്കിങ് ഓഹരികളായ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ബാങ്ക് തുടങ്ങിയവയ്‌ക്ക് തളർച്ച നേരിട്ടു.
നിഫ്‌റ്റി സൂചിക ദീപാവലി മൂഹൂർത്ത വ്യാപാരത്തിൽ കൈവരിച്ച 100 പോയിന്റ് നേട്ടത്തിന് ശേഷം പിന്നിട്ട വാരം 206 പോയിൻറ്റും കയറി. വാരാന്ത്യം 19,731 പോയിന്റിലാണ്. ഈ വാരം 19,921 ലും 20,112 ലും തടസം നേരിടാം. ഉയർന്ന തലത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഫണ്ടുകൾ നീക്കം നടത്താനുള്ള സാധ്യതകൾ ഊഹക്കച്ചവടക്കാരെ ലാഭമെടുപ്പിനും പ്രേരിപ്പിക്കാം. തിരിച്ചടിനേരിട്ടാൽ 19,479 - 19,228 ലും താങ്ങ് പ്രതീക്ഷിക്കാം. സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻറ്റും പാരാബോളിക്കും ബുള്ളിഷ് മൂഡിലാണ്.
നവംബർ നിഫ്റ്റി ഫ്യൂച്ചേഴ്സ് 1.7 ശതമാനം ഉയർന്ന് 19,807 ലാണ്, റെഡിയെ അപേക്ഷിച്ച് 76 പോയിൻറ് മുകളിൽ. ഇതിനിടയിൽ ഫ്യൂച്ചർ ഓപ്പൺ ഇൻറ്ററസ് നവംബർ പത്തിലെ 123.9 ലക്ഷം കരാറുകളിൽ നിന്ന് വാരാന്ത്യം 125.4 ലക്ഷമായി.ബുൾ റാലിയിൽ സെൻസെക്‌സ് ഇതിനകം 1990 പോയിൻറ് മൂന്നാഴ്‌ച്ചകളിൽ സ്വന്തമാക്കി. 65,322 ൽ ഇടപാടുകൾ തുടങ്ങിയ സെൻസെക്‌സ് 66,324 വരെ കയറിയ ശേഷം ലാഭമെടുപ്പിൽ 65,794 ലേയ്‌ക്ക് താഴ്‌ന്നു.
വിദേശ ഓപ്പറേറ്റർമാർ മുൻ വാരം 1722 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തുകയും 1507 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈ വർഷം അവർ മൊത്തം 97,404 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2146 കോടി രൂപയുടെ നിക്ഷേപവും 565 കോടിയുടെ വിൽപ്പനയ്‌ക്ക് നീക്കം നടത്തി. ഇന്ത്യൻ രൂപ മൂല്യം തിരിച്ചു പിടിക്കാൻ ശ്രമം നടത്തി. 83.29 ൽ ഇടപാടുകൾ പുനരാരംഭിച്ച രൂപ 82.87 ലേയ്‌ക്ക് കരുത്ത് നേടിയെ ശേഷം ക്ലോസിങിൽ 83.24 ലാണ്.
രാജ്യാന്തര സ്വർണ വിലയിൽ കുതിപ്പ്. ട്രോയ് ഔൺസിന് 1938 ഡോളറിൽ നിന്നും 1915 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം കാഴ്‌ച്ചവെച്ച ബുൾ റാലിയിൽ 1994 വരെ കയറി. വാരാന്ത്യം സ്വർണം 1981 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.