വിദേശ ധനകാര്യസ്ഥാപനങ്ങളുടെ കരുത്തിൽ കുതിച്ച് വിപണി
text_fieldsവിദേശ ഓപ്പറേറ്റർമാർ വാരാമധ്യത്തിന് ശേഷം വിൽപനകൾ കുറച്ച് നിക്ഷേപത്തിലേക്ക് ശ്രദ്ധ തിരിച്ചത് മ്യൂച്വൽ ഫണ്ടുകളെ ആവേശം കൊള്ളിച്ചു. നവംബറിൽ ഇതു വരെ തുടർച്ചയായി നാല് ആഴ്‌ച്ചകളിൽ കുതിച്ചു ചാട്ടം കാഴ്‌ച്ചവെച്ച ഇന്ത്യൻ മാർക്കറ്റ് മികച്ച നേട്ടത്തോടെ ഡിസംബറിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. നിഫ്‌റ്റി സൂചിക 62 പോയിന്റും സെൻസെക്‌സ് 175 പോയിന്റും മുന്നേറി. ഒരു മാസകാലയളവിൽ ഇവ യഥാക്രമം 513, 1398 പോയിൻറ്റ് ഉയർന്നു.
വിദേശ ഓപ്പറേറ്റർമാർ ഈവാരവും നിക്ഷേപകത്തിന് മത്സരിച്ചാൽ സെൻസെക്‌സ് 67,000 പേയിൻറ്റിലേയ്‌ക്കും നിഫ്‌റ്റി 20,000 ലേയ്‌ക്കും മുന്നേറാം. ഈ വർഷം വിദേശ ഫണ്ടുകൾ ഇതിനകം 96,349 കോടി രൂപയുടെ ഓഹരികൾ ഇവിടെ നിന്നും ശേഖരിച്ചു. കഴിഞ്ഞവാരം അവർ 2881 കോടി നിക്ഷേപിച്ചു. അതേ സമയം വാരത്തിൻറ്റ തുടക്കത്തൽ അവർ 1409 കോടി രൂപയുടെ ബാധ്യതകൾ അവർ വിറ്റുമാറി.
നിഫ്‌റ്റി 19,731 ൽ നിന്നും 19,677 ലേയ്‌ക്ക് തുടക്കത്തിൽ തളർന്നഘട്ടത്തിലാണ് ബുൾ ഓപ്പറേറ്റർമാർ രംഗത്ത് പിടിമുറുക്കിയത്. ഇതോടെ സൂചിക 19,872 വരെ കയറിയെങ്കിലും മുൻവാരം സൂചിപ്പിച്ച 19,921 ലെ തടസം മറികടക്കാനായില്ല. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതിനാൽ വ്യാപാരാന്ത്യം നിഫ്‌റ്റി 19,794 പോയിന്റിലാണ്. നിലവിൽ 19,690 ലെ സപ്പോർട്ട് നിലനിർത്തി 19,885 - 19,976 ലേയ്‌ക്ക് ഉയരാൻ ശ്രമിക്കാം. 19,690 ലെ ആദ്യ സപ്പോർട്ട് നഷ്‌ടപ്പെട്ടാൽ സൂചിക 19,586 റേഞ്ചിലേയ്‌ക്ക് തിരിയും.
നിഫ്‌റ്റി ഫ്യൂചറിൽ ഓപ്പൺ ഇൻട്രസ്‌റ്റ് മുൻവാരത്തിലെ 125 ലക്ഷം നിന്നും 130 ലക്ഷമായി. ഓപ്പൺ ഇൻട്രസ് കയറിയെങ്കിലും ഇത് ബുൾ ഓപ്പറേറ്റർമാരുടെ കരുത്തായി കണക്കാക്കാനാവില്ല. ഉയർന്നറേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾ ഉടലെടുത്തുമാകാം. വ്യാഴാഴ്‌ച്ചയാണ് നവംബർ സീരീസ് സെറ്റിൽമെൻറ്റ്. തിങ്കളാഴ്‌ച്ച ഗുരു നാനാക്ക് ജയന്ത്രി പ്രമാണിച്ച് വിപണി അവധി. അതായത് സെറ്റിൽമെൻറ്റിന് മൂന്ന് ദിവസം മാത്രം ബാക്കി. വാരാന്ത്യം നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ് 19,827 പോയിൻറ്റിലാണ്. ശക്തമായ ഷോട്ട് കവറിങിന് നീക്കം നടക്കുമോ അതേ റോൾ ഓവറിന് ബുള്ളുകൾ ശ്രമിക്കുമോയെന്നതിനെ ആശ്രയിച്ചാവും വാരമദ്ധ്യം നിഫ്‌റ്റിയുടെ ഓരോ ചലനവും.
സെൻസെക്‌സ് 65,794 പോയിന്റിൽ നിന്നും 66,229 വരെ ഉയർന്നതിനിടയിൽ ബ്ലൂചിപ്പ് ഓഹരികളിലെ വിൽപ്പന സമ്മർദ്ദത്തിൽ സൂചിക 65,970 ലേയ്‌ക്ക് ക്ലോസിങിൽ താഴ്‌ന്നു. ഈവാരം 66,281 - 66,592 ൽ പ്രതിരോധവും 65,606 - 65,242 ൽ താങ്ങും പ്രതീക്ഷിക്കാം.മുൻ നിരയിലെ പത്ത് കമ്പനികളിൽ നാല് എണ്ണത്തിൻറ്റ വിപണി മൂല്യം കഴിഞ്ഞ വാരം ഉയർന്ന് 65,671 കോടി രൂപയിലെത്തി.
മുൻ നിര ഓഹരിയായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എയർടെൽ, സൺ ഫാർമ്മ, വിപ്രോ, ആർ.ഐ.എൽ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയിൽ വാങ്ങലുകാർ താൽപര്യം കാണിച്ചു. അതേ സമയം ലാഭമെടുപ്പും വിൽപ്പന സമ്മർദ്ദവും ടി.സി.എസ്, ഇൻഫോസീസ് ടെക്‌നോളജി, ടാറ്റാ മോട്ടേഴ്‌സ്, എം ആൻറ് എം, മാരുതി, എച്ച്.യു.എൽ, എസ്.ബി.ഐ, ഇൻഡസ് ബാങ്ക്, ടി.സി.എസ്, ഐ.ടി.സി തുടങ്ങിയവയെ തളർത്തി.
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയ്‌ക്ക് മൂല്യ തകർച്ച. രൂപ 83.24 ൽ നിന്നും റെക്കോർഡ് തകർച്ചയായ 83.38 ലേയ്‌ക്ക് നീങ്ങിയ ശേഷം 83.36 ലാണ്. രൂപയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 83.52 - 83.72 ലേയ്‌ക്കും ഡിസംബറിൽ ദുർബലമാകാം. വിദേശ നാണയ കരുതൽ ധനം ഉയർന്നു. നവംബർ 17 ന് അവസാനിച്ച വാരം കരുതൽ ധനം 5.077 ബില്യൺ ഡോളർ വർധിച്ച് 595.397 ബില്യൺ ഡോളറായി.രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 1981 ഡോളറിൽ നിന്നും 2008.50 വരെ കയറി. 2009 ലെ പ്രതിരോധം തകർക്കാനാവാതെ വാരാന്ത്യം 2001 ഡോളറിലേയ്‌ക്ക് താഴ്‌ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.