ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ വീണ് വിപണി; നിക്ഷേപകർക്കുണ്ടായത് 5.63 ലക്ഷം കോടിയുടെ നഷ്ടം
text_fieldsമുംബൈ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 1250 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 25,500 പോയിന്റിനും താഴേക്ക് പോയി. മറ്റ് ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും തിരിച്ചടിയുണ്ടായത്.
വ്യാപാരം തുടങ്ങിയതിന് പിന്നാലെ സെൻസെക്സ് 1,264 പോയിന്റ് ഇടിഞ്ഞ് 83,002ലേക്ക് എത്തി. നിഫ്റ്റി 344 പോയിന്റ് ഇടിഞ്ഞ് 25,452ലേക്ക് എത്തി. പിന്നീട് ഇരു സൂചികകളും നില മെച്ചപ്പെടുത്തിയെങ്കിലും ഇപ്പോഴും നഷ്ടത്തിൽ തന്നെയാണ്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യത്തിൽ 5.63 ലക്ഷം കോടിയുടെ കുറവുണ്ടായി. വിപണിമൂല്യം 469.23 ലക്ഷം കോടിയായാണ് കുറഞ്ഞത്.
ഇറാൻ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈൽ അയച്ചതോടെ മേഖലയിൽ സംഘർഷസാധ്യത വർധിച്ചിരുന്നു. ഇതുമൂലം എണ്ണവിതരണത്തിൽ ഉൾപ്പടെയുണ്ടായേക്കാവുന്ന കുറവ് സാമ്പത്തികരംഗത്തെ സ്വാധീനിക്കാനുള്ള സാധ്യതകളാണ് വിപണിയുടെ തിരിച്ചടിക്കുള്ള കാരണം.
സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ&ടി, ഭാരതി എയർടെൽ എന്നി കമ്പനികൾക്കാണ് വലിയ നഷ്ടം നേരിട്ടത്. ബോംബെ സൂചികയിൽ ജെ.എസ്.ഡബ്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയിൽ ഓയിൽ ആൻഡ് ഗ്യാസിൽ 1.2 ശതമാനം നഷ്ടം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.