ആർ.ബി.ഐ നയപ്രഖ്യാപനം കുതിപ്പേകുമെന്ന പ്രതീക്ഷയിൽ വിപണി
text_fieldsകഴിഞ്ഞയാഴ്ച ഓഹരി വിപണിയെ സംബന്ധിച്ചടുത്തോളം കുതിപ്പിെൻറ കാലമായിരുന്നു.ഇന്ത്യൻ മാർക്കറ്റ് പിന്നിട്ടവാരം നാല് ശതമാനത്തിലേറെ ഉയർന്നത് മുൻ നിര ഓഹരികളുടെ കുതിപ്പിന് വഴിതെളിച്ചു. ബോംബെ സെൻസെക്‌സ് 1812 പോയിൻറ്റും നിഫ്‌റ്റി സൂചിക 497 പോയിൻറ്റും മുന്നേറി.
കേന്ദ്ര ബാങ്കിെൻറ ധനനയയോഗം വിരൽ ചൂണ്ടുന്നത് ഓഹരി സൂചികകളുടെ റെക്കോർഡ് കുതിപ്പിലേയ്‌ക്കാണ്. പലിശ നിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്തിയില്ലെങ്കിലും ഭവനവായ്‌പ നിരക്കുകളിൽ വരുത്തിയ ഭേദഗതികൾ ബാങ്കിങ്, റിയൽ എസ്‌റ്റേറ്റ് ഹൗസിങ് മേഖലകൾക്ക് ഊർജം പകരുമെന്നത് ഓഹരി വിപണിയുടെ മുന്നേറ്റം സുഖമമാക്കും.
പണത്തിൻറ്റ ലഭ്യത വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനം വരും ദിനങ്ങളിൽ വിപണിയെ ആവേശം കൊള്ളിക്കും. ഒരു ലക്ഷം കോടി രൂപയുടെ റിപ്പോ ഓപ്പറേഷൻസ് വഴി ദീർഘകാലയളവിൽ ബാങ്കുകൾക്ക് ധനസഹായം ലഭ്യമാവുമെന്നത് സാമ്പത്തിക മേഖലയിലെ ഞെരുക്കത്തിന് അയവ് കണ്ടത്താൻ അവസരം ഒരുക്കും.
പിന്നിട്ട പത്ത് പ്രവർത്തി ദിനങ്ങളിൽ ഒമ്പതിലും നേട്ടം നിലനിർത്തുന്ന ഇന്ത്യൻ മാർക്കറ്റിനെ കൈപിടിച്ച് ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചത് വിദേശ ധനകാര്യസ്ഥാപനങ്ങളാണ്.ഈ മാസം വിദേശ ഓപ്പറേറ്റർമാർ 5000 കോടിരൂപ നിക്ഷേപിച്ചു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ ഈ കാലയളവിൽ 2200 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്.
മുൻ നിര ഓഹരികളായ ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ, ഐ.സി.ഐ.സിഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, എം ആൻറ്‌എം, ബാജ് ഓട്ടോ, ആർ.ഐ.എൽ, സൺ ഫാർമ്മ,ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു.ബോംബെ സൂചിക സെൻസെക്‌സ് 38,697 ൽ നിന്ന് മികവോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ഓരോ ദിവസവും ഉയരങ്ങളിലേയ്‌ക്ക് സഞ്ചരിച്ച സെൻസെക്‌സ് ഒരു വേള 40,000 പോയിൻറ്റിലെ നിർണായക പ്രതിരോധം തകർത്ത് വാരാന്ത്യം 40,585 വരെ കയറിയ ശേഷം ക്ലോസിങിൽ 40,509 ലാണ്. ബോംബെ സൂചിക ഉറ്റുനോക്കുന്നത് 41,123നെയാണ്. ഇത് മറികടന്നാൽ 41,737 വരെസഞ്ചരിക്കാനുള്ള കരുത്ത് സാങ്കേതികമായി സെൻസെക്‌സിനുണ്ട്.
ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ 39,357 പോയിൻറ്റിൽ ആദ്യ സപ്പോർട്ട് പ്രതീക്ഷിക്കാം. സെൻസെക്‌സ് കഴിഞ്ഞ ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ 42,273 ലേയ്‌ക്കുള്ള ദൂരം കേവലം നാല് ശതാമാനം മാത്രമാണ്. വിദേശ നിക്ഷേപം പ്രവഹിക്കുന്ന സാഹചര്യത്തിൽ വിപണി ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് വലിയൊരുവിഭാഗം നിക്ഷേപകർ.
നിഫ്‌റ്റി സൂചിക നാല് മാസത്തെ ഉയർന്ന നിലയിലേക്ക് പ്രവേശിച്ചു. 11,417 ൽ ഓപ്പൺ ചെയ്‌ത നിഫ്‌റ്റി 12,000 പോയിൻറ്റ് മറികടക്കാനുള്ള ശ്രമത്തിലാണ്. പിന്നിട്ടവാരം സൂചിക 11,938.60 വരെ കയറിയ ശേഷം ക്ലോസിങിൽ 11,914 പോയിൻറ്റിലാണ്.ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം വീണ്ടും മെച്ചപ്പെട്ടു.
മുൻവാരത്തിലെ 73.34 ൽ നിന്ന് രൂപ 73.04 ലേയ്‌ക്ക് കയറി.അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ മുന്നേറ്റം. ബാരലിന് 37 ഡോളറിൽ നിന്ന് എണ്ണ വില 41.40 ഡോളർ വരെ ഉയർന്നു. അതേ സമയം സ്വർണ വിലയിൽ ശക്തമായ ചാഞ്ചാട്ടംദൃശ്യമായി. ട്രോയ് ഔൺസിന് 1893 ഡോളറിൽ നിന്ന് 1870 ലേയ്‌ക്ക് വാരമധ്യം മഞ്ഞലോഹംതളർന്നങ്കിലും പിന്നീട് കരുത്ത് കാണിച്ച് 1929 ഡോളറായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.