ഡോളറൊഴുക്കിൽ പ്രതീക്ഷയർപ്പിച്ച് വിപണി
text_fieldsകൊച്ചി: പുതു വർഷം സാമ്പത്തിക രംഗം വൻ കുതിച്ചു ചാട്ടം കാഴ്‌ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ മേഖല. കോവിഡ് സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് പിന്നിട്ട വർഷത്തിൻറ്റ രണ്ടാം പകുതിയിൽ ഇൻഡക്‌സുകൾ കാഴ്‌ച്ചവെച്ച തിരിച്ച് വരവ് മുന്നിലുള്ള മാസങ്ങളിൽ ചവിട്ടു പടിയാക്കി പുതിയ ഉയരങ്ങളിലേയ്‌ക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഓഹരികൾ.
2020ൽ ബോംബെ സെൻസെക്‌സ് 6562 പോയിൻറ്റും നിഫ്‌റ്റി സൂചിക 1836 പോയിൻറ്റും ഉയർന്നു, രണ്ട് ഇൻഡക്‌സുകളും ഏകദേശം 15 ശതമാനം മികവ് കാണിച്ചു.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്, ഈ അവസരത്തിൽ അരലക്ഷം പോയിൻറ്റിന് മുകളിൽ ഇടം കണ്ടത്താനുള്ള ശ്രമങ്ങളാവും മുന്നിലുള്ള ഒരു മാസകാലയളവിൽ ബോംബെ സെൻസെക്‌സ് നടത്തുക. 2010 ന് ശേഷം ആദ്യമായി തുടർച്ചയായി ഒമ്പത് ആഴ്‌ച്ചകളിൽ തളർച്ചയറിയാതെ കുതിക്കുന്ന ഇന്ത്യൻ മാർക്കറ്റിന് വിദേശ പിന്തുണ നിലനിന്നാൽ റെക്കോർഡ് പ്രകടനം തുടരാനാവും.
ഡിസംബറിൽ വിദേശ ഫണ്ടുകൾ 48,223 കോടി രൂപയാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ആറ് മാസങ്ങളിൽ അവർ കാണിച്ച നിക്ഷേപ താൽപര്യത്തിലെ ഉത്സാഹം നിലനിന്നാൽ ജനുവരിയിലും ഡോളർ പ്രവാഹം തുടരാം.
പുതു വർഷത്തിൻറ്റ ആദ്യ ദിനം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ നിക്ഷപകരായി രംഗത്ത് ഇറങ്ങിയത് പ്രദേശിക ഓപ്പറേറ്റർമാരുടെ ആത്‌മവിശ്വാസം ഉയർത്താം. ഏതാണ്ട് ആറ് മാസമായി വിൽപ്പനക്കാരായി നിലകൊണ്ട ആഭ്യന്തര ഫണ്ടുകളുടെ മനം മാറ്റം മുൻ നിര ഓഹരികളുടെ കുതിച്ചു ചാട്ടത്തിന് വഴിതെളിക്കാം. പോയവാരം അവർ 4000 കോടി രൂപയുടെ വിൽപ്പന നടത്തിയങ്കിലും വെള്ളിയാഴ്‌ച്ച വാങ്ങലുകാരായി. ഡിസംബറിൽ മൊത്തം 37,293 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു.
ബോംബെ സൂചിക സെൻസെക്‌സ് 46,973 ൽ നിന്ന് 47,980 പോയിൻറ്റ് വരെ ഉയർന്ന് റെക്കോർഡ് സ്ഥാപിച്ചു. വിപണി 48,000 മറികടക്കാനുള്ള ശ്രമത്തിലാണെങ്കിലും വാരാന്ത്യ ദിനത്തിലെ ലാഭമെടുപ്പ് മൂലം സൂചിക അൽപ്പം തളർന്നു. മാർക്കറ്റ് ക്ലോസിങിൽ 47,869 ൽ നിലകൊള്ളുന്ന സെൻസെക്‌സ് 48,183 ലെ ആദ്യ പ്രതിരോധം വാരമധ്യത്തിന് മുന്നേ മറികടക്കാൻ ശ്രമിക്കാം. ഈ നീക്കം വിജയിച്ചാൽ 48,497 ൽ വീണ്ടും തടസം നിലവിലുണ്ട്.
അവധി ദിനങ്ങൾ ആസ്വദിക്കാൻ രംഗം വിട്ടു വിദേശ ഫണ്ടുകൾ രണ്ടാം പകുതിയിൽ തിരിച്ച് എത്തുന്നതോടെ വിപണിയിൽ ആവേശം വർധിക്കാൻ ഇടയുണ്ടങ്കിലും വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 47,351 ൽ ആദ്യ സപ്പോർട്ടുണ്ട്. ഇത് നഷ്‌ടപ്പെട്ടാൽ തിരുത്തലിന് ആക്കം വർദ്ധിക്കാം.വാരത്തിൻറ്റ ആദ്യ പകുതിയിൽ നിഫ്‌റ്റി അൽപ്പം പിരിമുറുക്കത്തിലായിരുന്നു, ഡിസംബർ സീരീസ് സെൻറ്റിൽമെൻറ്റിന് മുന്നോടിയായി
ഓപ്പറേറ്റർമാർ ജനുവരി സിരീസിലേയ്‌ക്ക് റോൾ ഓവറിന് കാണിച്ച ഉത്സാഹം സൂചികയ്‌ക്ക് കരുത്ത് പകർന്നു. നിഫ്‌റ്റി പിന്നിട്ടവാരം 13,749 ൽ നിന്ന് 14,000 വും കടന്ന് 14,049 വരെ ഉയർന്ന് റെക്കോർഡ് സ്ഥാപിച്ച ശേഷം വാരാന്ത്യം 14,018പോയിൻറ്റിലാണ്. ഈവാരം 13,869 ലെ ആദ്യ താങ്ങ് നിലനിർത്തി 14,107 പോയിൻറ്റിലേയ്‌ക്ക് ഉയരാനുള്ള നീക്കം വിജയം കണ്ടാൽ അടുത്ത ലക്ഷ്യം 14,197 പോയിൻറ്റായി മാറും. അതേ സമയം ആദ്യ താങ്ങ് നഷ്‌ടപ്പെട്ടാൽ സൂചിക 13,721 വരെ സാങ്കേതിക തിരുത്തലിൽ നടത്താം.
ഐ.ടി.സി 213 രൂപയിലും, ടി.സി.എസ് 2928 , എം ആൻറ് എം 732, ബജാജ് ഓട്ടോ 3481 , ഭാരതി എയർടെൽ 515, എൽ ആൻറ് ടി 1297, സൺ ഫാർമ 596, ഇൻഡസ് ഇൻഡ് ബാങ്ക് 900, മാരുതി സുസുക്കി 7691, ആക്സിസ് ബാങ്ക് 623, ടെക് മഹീന്ദ്ര 977, എച്ച്.സി.എൽ ടെക്നോളജീസ് 950, എച്ച്.ഡി.എഫ്.സി 2568, ഇൻഫോസിസ് 1260, ഒ.എൻ.ജി.സി 93, റിലയൻസ് 1987 രൂപയിലുമാണ് വാരാന്ത്യം.
ഫോറെക്‌സ് മാർക്കറ്റിൽ രൂപ നേട്ടത്തിലാണ്. കൊറോണ ഭീതിയിൽ ഏപ്രിലിൽ 77 ലേയ്‌ക്ക്‌ഇടിഞ്ഞ രൂപയുടെ മൂല്യം പിന്നീട് ശക്തിപ്രാപിച്ച്72.97 വരെ മുന്നേറിയ ശേഷമിപ്പോൾ 73.12 ലാണ്.വാരാരംഭത്തിൽ രൂപ 73.55 ലായിരുന്നു. നിലവിലെ സ്ഥിതിയിൽ ഡോളറിന് മുന്നിൽ രൂപ 72.20‐75.00 റേഞ്ചിൽ നിലകൊള്ളാം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.