വീണ്ടും റെക്കോർഡ് ഭേദിച്ച് വിപണി
text_fieldsകൊച്ചി: ഓഹരി സൂചിക വീണ്ടും ചരിത്രം തിരുത്തി മുന്നേറി, വിദേശ ഫണ്ടുകൾ ഇടപാടുകൾ നടന്ന അഞ്ച് ദിവസങ്ങളിലും വിൽപ്പനക്കാരായി നിലകൊണ്ടിട്ടും സെൻസെക്‌സും നിഫ്‌റ്റിയും കാഴ്‌ച്ചവെച്ച റെക്കോർഡ് പ്രകടനം പ്രാദേശിക നിക്ഷേപകരെ ആവേശം കൊള്ളിച്ചു. ബോംബെ സൂചിക 795 പോയിൻറ്റും നിഫ്‌റ്റി 254 പോയിൻറ്റും നേട്ടം പിന്നിട്ടവാരം സ്വന്തമാക്കി.
കഴിഞ്ഞ നാലാഴ്‌ച്ച കാലയളവിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ എട്ട് ശതമാനം മുന്നേറി.വിദേശ വിപണികളിൽ നിന്നുള്ള, പ്രത്യേകിച്ച് യു എസ് ഓഹരി ഇൻഡക്‌സിലെ കുതിപ്പ് ഇന്ത്യൻ മാർക്കറ്റിന് ഊർജം പകർന്നു. അമേരിക്കയിൽ നാസ്‌ഡാക്കും എസ് ആൻറ് പി 500 ഇൻഡക്‌സും കഴിഞ്ഞവാരം നാല് ദിവസങ്ങളിൽ റെക്കോർഡ് പുതുക്കി മുന്നേറി. ഇതിനിടയിൽ ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് നേരിട്ട തിരിച്ചടി ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തി. വിദേശ ധനകാര്യസ്ഥാപനങ്ങൾ കൈവശമുള്ള ഓഹരികൾ വിറ്റുമാറാൻ താൽപര്യം കാണിച്ചു.
പോയവാരം ഇടപാടുകൾ നടന്ന അഞ്ച് ദിവസങ്ങളിലും അവർ വിൽപ്പനക്കാരായിരുന്നു. ഈ അവസരത്തിൽ മൊത്തം 6833 കോടി രൂപയുടെ ഓഹരികൾ ഫണ്ടുകൾ വിറ്റു. ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 55,329 പോയിൻറ്റിൽ നിന്ന് മികവോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യം കനത്തതോടെ സൂചിക 56,000 പോയിൻറ്റും കടന്ന് 56,188 ലേയ്‌ക്ക് ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു.
പ്രാദേശിക നിക്ഷേപർ വിപണിയിലെ ഉണർവ് മുൻ നിർത്തി പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ചു. വെളളിയാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 56,124 പോയിൻറ്റിലാണ്. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവാര ക്ലോസിങാണിത്. ഈവാരം അനുകൂല വാർത്തകൾ മുന്നേറ്റത്തിന് വേഗത പകർന്നാൽ 56,458 ലും 56,800 റേഞ്ചിലും സൂചികയ്‌ക്ക് തടസം നേരിടാം. മുന്നേറ്റത്തിനിടയിൽ ലാഭമെടുപ്പിനുള്ള നീക്കം ശക്തമായാൽ 55,520 യിൽ ആദ്യ താങ്ങുണ്ട്.
നിഫ്‌റ്റി 16,450 ൽ നിന്ന് 16,700 ലെ പ്രതിരോധം തകർത്ത ആവേശത്തിലാണ്. ഒന്നര ശതമാനം മുന്നേറ്റമാണ് സൂചിക കാഴ്‌ച്ചവെച്ചത്. വാരാന്ത്യം 16,705 ൽ നിലകൊള്ളുന്ന നിഫ്‌റ്റിക്ക് 16,820 ലു 16,934 പോയിൻറ്റിലും തടസം നിലവിലുണ്ട്. ലാഭമെടുപ്പിൽ 16,490 ലെ ആദ്യ
താങ്ങ് നഷ്‌ടപ്പെട്ടാൽ നിഫ്‌റ്റി സൂചിക 16,280 ലേയ്‌ക്ക് തിരുത്തിന് നീക്കം നടത്താം. ആഭ്യന്തര ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യത്തിൽ മുൻ നിര ഓഹരികളായ എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ആർ.ഐ.എൽ, സൺ ഫാർമ്മ, ഡോ: റെഡീസ്, ഐ.സി.ഐ.സി.ഐബാങ്ക്, എച്ച് സി എൽ, റ്റി സി എസ്, എൽ ആൻറ്റ് ടി തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ എം ആൻറ് എം, ഇൻഫോസീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി, എയർടെൽ, മാരുതി എന്നിവയ്‌ക്ക് തളർച്ച നേരിട്ടു.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർന്നു. പ്രമുഖ കറൻസികൾക്ക് മുന്നിൽ യു.എസ് ഡോളറിന് കാലിടറിയതാണ് രൂപയുടെ തിരിച്ചു വരവിന് വഴിതെളിച്ചത്. വിനിമയനിരക്ക് 74.36 ൽ നിന്ന് ഒരവസരത്തിൽ രണ്ട് മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരമായ 73.45 ലേയ്‌ക്ക് ശക്തിപ്രാപിച്ച ശേഷം വാരാന്ത്യം 74.49 ലാണ്.
മഞ്ഞലോഹത്തിന് തിളക്കം വർദ്ധിച്ചു. ലണ്ടൻ, ന്യൂയോർക്ക് എക്‌സ്‌ചേഞ്ചുകളിൽ ഫണ്ടുകൾ പിടിമുറുക്കിയതോടെ സ്വർണ വില ട്രോയ് ഔൺസിന് 1785 ഡോളറിൽ നിന്ന് 1818 ലേയ്‌ക്ക്‌ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.