ഏഴ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ ഓഹരി വിപണി
text_fieldsകൊച്ചി: പുതിയ സാമ്പത്തിക വർഷത്തിൽ തകർപ്പൻ പ്രകടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ഓഹരി വിപണി. ഏഴ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ് മുൻ നിര ഇൻഡക്‌സുകൾ. സെൻസെക്‌സ് 1914 പോയിന്റും നിഫ്‌റ്റി 517 പോയിന്റും മാർച്ച് അവസാന വാരം മുന്നേറി. പിന്നിട്ട സാമ്പത്തിക വർഷത്തിൽ ബി.എസ്.ഇ, എൻ.എസ്.ഇ സൂചികകൾ 18 ശതമാനം വർധിച്ചു.
യുദ്ധ രംഗത്ത് നിന്നും സമാധാന വാർത്തകൾ പുറത്തു വരുമെന്ന പ്രതീക്ഷകൾക്കിടയിൽ ആഗോള ക്രൂഡ് ഓയിൽ വില താഴ്‌ന്നത് ഓഹരി വിപണിയുടെ തിരിച്ച് വരവിന് വേഗത പകരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം നിക്ഷേപകർ. ആർ.ബി.ഐ വായ്‌പ അവലോകനത്തിന് ഒരുങ്ങുകയാണ്, പലിശ നിരക്കിൽ ഭേദഗതികൾക്ക് നീക്കം നടത്താം. ഇതും വിപണിയെ സ്വാധീനിച്ചേക്കും
നിഫ്റ്റിയിൽ മുൻ നിരയിലെ 37 ഓഹരികൾ നേട്ടം കൈവരിച്ചു. എട്ട് ശതമാനം മികവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മികവ് കാണിച്ചു. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ആക്‌സിസ് ബാങ്ക്, പവർ ഗ്രിഡ്, ഭാരതി എയർടെൽ ഓഹരി വിലകൾ എഴ് ശതമാനം ഉയർന്നു. ഇൻഫോസിസ്, ടി.സി.എസ്, ഐ.ടി.സി, സൺ ഫാർമ്മ, എസ്.ബി.ഐ, മാരുതി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ഹിൻഡാൽകോ,ഹീറോ മോട്ടോകോർപ്പ്, ഒ.എൻ.ജി.സി, അപ്പോളോ ഹോസ്പിറ്റൽ ഓഹരി വിലകൾ എട്ട്ശതമാനം വരെ ഇടിഞ്ഞു.
ബോംബെ സെൻസെക്‌സ് 57,362 പോയിന്റിൽ നിന്നും 56,916 ലേയ്‌ക്ക് തുടക്കത്തിൽ തളർന്ന അവസരത്തിൽ ബുൾ ഇടപാടുകാർ മുൻ നിര ഓഹരികളിൽ കാണിച്ച താൽപര്യം സൂചിയെ 59,396.62 വരെ ഉയർത്തി. ഈ അവസരത്തിൽ ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പിന് മത്സരിച്ചതോടെ വാരാന്ത്യം സൂചിക 59,276 ൽ ക്ലോസിങ് നടന്നു.
ഈവാരം സെൻസെക്‌സിന് 60,140‐61,000 പോയിന്റിൽ പ്രതിരോധവും 57,662‐56,050 താങ്ങും പ്രതീക്ഷിക്കാം. നിഫ്‌റ്റി ഓപ്പണിങ് വേളയിൽ 17,000 ലെസപ്പോർട്ട് നിലനിർത്തുന്നതിൽ കൈവരിച്ച വിജയം ഓപ്പറേറ്റർമാരെ ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപത്തിന് പ്രേരിപ്പിച്ചു. ഇതോടെ സൂചിക 17,700 ലെ പ്രതിരോധം തകർത്ത ശേഷം 17,670 ൽ വ്യാപാരം അവസാനിച്ചു.
സൂചിക 17,900 ലേയ്‌ക്ക് മുന്നേറാനുള്ള ശ്രമത്തിലാണ്. ഈ നീക്കം വിജയിച്ചാൽ അടുത്ത ചുവടുവെപ്പിൽ 18,140 നെ ലക്ഷ്യമാക്കി നീങ്ങും. വിപണി വീണ്ടും തിരുത്തലിന് മുതിർന്നാൽ 17,230 ൽ താങ്ങുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. ബാരലിന് 121 ഡോളറിൽ നിന്ന് 14 ശതമാനം കുറഞ്ഞ് 103.66 ഡോളറിലെത്തി. ഇതിനിടയിൽ രൂപ അടിസ്ഥാനത്തിലുള്ള ക്രൂഡ് ഇറക്കുമതിക്ക് ഇന്ത്യാ‐റഷ്യ ചർച്ചകൾ പുരോഗമിക്കുന്നു. ഇറക്കുമതി ചിലവ് ഉയരുമെങ്കിലും വിപണി വിലയിലും താഴ്‌ത്തി എണ്ണ കയറ്റുമതിക്ക് റഷ്യ തയ്യാറായത് സാമ്പത്തിക മേഖലയ്‌ക്ക് അനുകൂലമാണ്. ഡോളറിന് ഡിമാൻറ് കുറയുന്നത് വിനിമയ വിപണിയിൽ രൂപയ്‌ക്ക് നേട്ടമാവും.
വിദേശ ഓപ്പറേറ്റർമാർ പോയവാരം പല അവസരത്തിലും നിക്ഷേപത്തിന് ഉത്സാഹിച്ചു. മൊത്തം 6391 കോടി രൂപയുടെ ഓഹരികളിൽ അവർ നിക്ഷേപം ഇറക്കിയതിനൊപ്പം 801 കോടി രുപയുടെ വിൽപ്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ വാരാന്ത്യ ദിനത്തിൽ 184 കോടി രൂപയുടെ ഓഹരികൾ വിറ്റു, അതേ സമയം മറ്റ് എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി മൊത്തം 5236 കോടി രൂപ നിക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.