പറന്നുയർന്ന് ഐ. പി.ഒ പട്ടം
text_fieldsഓഹരി വിപണിയിൽ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ)യുടെ വസന്തകാലമാണിത്. നിരവധി പുതുസംരംഭകരും വൻകിട കമ്പനികളുമാണ് ഓഹരി വിപണിയിലെത്തുന്നത്. നിക്ഷേപകർക്കും നേട്ടങ്ങളുടെ ദിനങ്ങളാണ്. സ്വകാര്യ, പൊതുമേഖല കമ്പനി ഓഹരി ആദ്യമായി പൊതുജനങ്ങൾക്ക് വിൽക്കുന്നതിനെയാണ് ഐ.പി.ഒ എന്ന് പറയുന്നത്. കമ്പനിയുടെ വികസനത്തിനും ഭാവി പദ്ധതികൾക്കും പണം കണ്ടെത്തുകയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.
2023-24 സാമ്പത്തിക വർഷം 76 കമ്പനികൾ ഐ.പി.ഒകളിലൂടെ 62,000 കോടി രൂപയാണ് സമാഹരിച്ചത്. അതിനു മുമ്പത്തെ വർഷത്തിൽ നിന്ന് 19 ശതമാനം അധികം വളർച്ചയാണിത്. ബി.എസ്.ഇ ഐ.പി.ഒ സൂചിക 69 ശതമാനം കുതിച്ചുകയറി. 16 വർഷത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മുന്നേറ്റം. 2022-23 സാമ്പത്തിക വർഷം 37 കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. അവർ 52,115 കോടി രൂപ സമാഹരിച്ചിരുന്നു.
സാധാരണ സാമ്പത്തിക മേഖലയിലെ കമ്പനികളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കാറുള്ളത്. പക്ഷേ, 9655 കോടി മാത്രം സമാഹരിച്ച അവർ കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതേ സമയം, പുതുതലമുറ ടെക്നോളജി കമ്പനികളായ യാത്ര, മമഏർത്, സാഗ്ൾ എന്നിവ വിപണിയിലെ വൻ താരങ്ങളായി. 70 ശതമാനം ഓഹരികളും മികച്ച രീതിയിലാണ് വിപണിയിൽ വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.
എസ്.എം.ഇ അത്ര ചെറുതല്ല
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് (എസ്.എം.ഇ) അതായത്, ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം കുതിച്ചുയർന്നു. 200 ചെറുകിട കമ്പനികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി വിപണിയിൽ കയറിക്കൂടിയത്. ഇവർ 5838 കോടി രൂപ സമാഹരിക്കുകയും ചെയ്തു. കെ.പി. ഗ്രീൻ എൻജിനീയറിങ് എന്ന കമ്പനിയാണ് ഏറ്റവും മിടുക്കൻ. 180 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചത്.
ഓഹരി വിപണിയിലെ ബി.എസ്.ഇ എസ്.എം.ഇ, എൻ.എസ്.ഇ എമേർജ് വിഭാഗങ്ങളിലാണ് എസ്.എം.ഇ ഐ.പി.ഒകൾ ലിസ്റ്റ് ചെയ്യപ്പെടുന്നത്. ചട്ടങ്ങളും നടപടിക്രമങ്ങളും വളരെ ലളിതമാണെന്നതാണ് ഈ വിഭാഗത്തിൽ ലിസ്റ്റ് ചെയ്യാനുള്ള കാരണം. ഗോയൽ സാൽട്ട്, സൺഗാർണർ എനർജീസ്, ബാസിലിക് ഫ്ലൈ സ്റ്റുഡിയോ, ഓറിയാന പവർ, മാക്സ്പോസർ തുടങ്ങിയ കമ്പനികളുടെ ഐ.പി.ഒകൾക്ക് അതിശയിപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ഈ ഓഹരികൾ ലിസ്റ്റ് ചെയ്തപ്പോൾ നൂറു ശതമാനം ലാഭവും സമ്മാനിച്ചു. മാക്സ്പോസർ വിൽക്കാൻ തീരുമാനിച്ച ഓഹരിയേക്കാൾ 1000 ഇരട്ടി അധികം ഓഹരി അപേക്ഷ ലഭിച്ചു. 20 കോടി രൂപയുടെ ഐ.പി.ഒ 20,000 കോടി രൂപ ആകർഷിച്ചു എന്നർഥം. എസ്.എം.ഇ ഐ.പി.ഒ അപേക്ഷയിൽ ഒരു പുതുചരിത്രമാണിത്.
വിപണിയിൽ താരങ്ങൾ
പൊതുമേഖല കമ്പനി ഓഹരികളിൽ സാധാരണ നിക്ഷേപകർ അത്ര താൽപര്യം കാണിക്കാറില്ല. പക്ഷേ, കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻറ് ഏജൻസി ലിമിറ്റഡ് (ഐ.ആർ.ഇ.ഡി.എ) എന്ന പൊതുമേഖല കമ്പനിയുടേതായിരുന്നു ഏറ്റവും നേട്ടം കൊയ്ത ഐ.പി.ഒ. പുനരുൽപാദന ഊർജ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കമ്പനിയാണിത്. ഈ കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ശേഷം ഐ.പി.ഒ വിലയേക്കാൾ 324 ശതമാനം കുതിച്ചുയർന്നു.
സിഗ്നേച്ചർ ഗ്ലോബൽ (ഇന്ത്യ) ലിമിറ്റഡ്, നെറ്റ് വെബ് ടെക്നോളജീസ്, മോട്ടിസൺസ് ജ്വല്ലേഴ്‌സ്, സിയന്റ് ഡി.എൽ.എം, ആസാദ് എൻജിനീയറിങ്, സെൻകോ ഗോൾഡ്, മാൻകൈൻഡ് ഫാർമ, ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ, കോൺകോർഡ് ബയോടെക്, ടാറ്റ ടെക്നോളജീസ്, ജ്യോതി സി.എൻ.സി ഓട്ടോമേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നിക്ഷേപകർക്ക് നൂറു ശതമാനത്തിലേറെ നേട്ടം സമ്മാനിച്ചു.
വിപണി കാത്തിരിക്കുന്ന ഐ.പി.ഒകൾ
ഈ സാമ്പത്തിക വർഷം ഐ.പി.ഒ പുതുചരിത്രം കുറിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഐ.പി.ഒകളിലൂടെ കമ്പനികൾ സമാഹരിക്കുന്ന തുക ഒരു ലക്ഷം കടക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. നിലവിൽ 56 കമ്പനികൾ രേഖകൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) സമർപ്പിച്ചിട്ടുണ്ട്. 70,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 25,000 കോടി രൂപ സമാഹരിക്കാൻ 19 കമ്പനികൾ റെഗുലേറ്ററി അനുമതി നേടിയിട്ടുണ്ട്. സ്വിഗ്ഗി, ഒല ഇലക്ട്രിക്, ഇൻഡിജിൻ, വാരി എനർജീസ്, ടാറ്റ പ്ലേ, ഗോഡിജിറ്റ് ജനറൽ ഇൻഷുറൻസ്, എൻ.എസ്.ഡി.എൽ, വൺ മോബിക് വിക് സിസ്റ്റംസ്, ബജാജ് എനർജി, ആധാർ ഹൗസിങ്, സ്നാപ്ഡീൽ, ഓയോ, ഫസ്റ്റ് ക്രൈ, ഫോൺപേ തുടങ്ങിയ കമ്പനികളുടെ ഐ.പി.ഒകളാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഐ.പി.ഒയിലെ കേരള സ്റ്റോറി
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്, ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവിസസ് ലിമിറ്റഡ്, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, പോപുലർ വെഹിക്ക്ൾസ് ആൻഡ് സർവിസസ് തുടങ്ങിയവയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കേരള കമ്പനികൾ.
60 രൂപയായിരുന്നു ഇസാഫ് ഐ.പി.ഒ വില. 63.75 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവിസസ് ഐ.പി.ഒയിൽ 140 രൂപയായിരുന്നു ഓഹരിക്ക് വിലയിട്ടിരുന്നത്. 127.05 രൂപയാണ് ഇപ്പോഴത്തെ വില. മുത്തൂറ്റ് മൈക്രോഫിൻ ഓഹരി വില 231 രൂപയാണ്. ഐ.പി.ഒ വിലയായ 291 രൂപയിൽനിന്ന് ഇടിവ് നേരിട്ടു.
ഏറ്റവും അവസാനം വിപണിയിലെത്തിയതാണ് പോപുലർ ഐ.പി.ഒ. 295 എന്ന ഐ.പി.ഒ വിലയിൽനിന്ന് 263 രൂപയിലേക്ക് ഇടിഞ്ഞു. വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വരും ദിവസങ്ങളിൽ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണ് വിപണി.
കുതിപ്പിന്റെ രഹസ്യം
രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിലാണ്. ഇന്ത്യയെക്കുറിച്ച് പോസിറ്റിവ് റിപ്പോർട്ടുകൾ മാത്രമാണ് അന്താരാഷ്ട നിക്ഷേപക കമ്പനികൾ നൽകുന്നത്. വിദേശ നിക്ഷേപകർക്ക് ഇന്ത്യ ഇഷ്ടരാജ്യമാകാൻ കാരണമിതാണ്.
ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ സർക്കാർ നിരവധി പ്രോത്സാഹന പദ്ധതികളാണ് കൊണ്ടുവരുന്നത്. ഇന്ത്യയിൽ നിർമാണ പ്ലാന്റുകൾ തുടങ്ങാൻ താൽപര്യമുള്ള അന്താരാഷ്ട്ര കമ്പനികൾക്ക് ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. അടിസ്ഥാന വികസന രംഗത്ത് വലിയ വളർച്ച കൈവരിക്കാൻ കഴിഞ്ഞു. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. ആയിരക്കണക്കിന് കിലോമീറ്റർ മികച്ച നിലവാരത്തിലുള്ള ദേശീയപാതകൾ നിർമിച്ചു. വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസത്തിനൊപ്പം ആഭ്യന്തര നിക്ഷേപകരും പണം ഇറക്കിത്തുടങ്ങിയതോടെ വിപണി പറക്കാൻ തുടങ്ങി.
മാത്രമല്ല, ഓഹരി വിപണിയെ സംബന്ധിച്ച് കാര്യമായ പരിഷ്കാരങ്ങൾ നടത്തിയ വർഷമാണ് കടന്നുപോയത്. വിപണിയിൽ സെബി കൂടുതൽ ശക്തമായി പിടിമുറുക്കിയിരിക്കുന്നു. ലാഘവത്തോടെ കൈകാര്യം ചെയ്തിരുന്ന ഐ.പി.ഒ അപേക്ഷകൾക്ക് നിയന്ത്രണമേർപ്പെടുത്തി. കമ്പനികൾ സമർപ്പിക്കുന്ന രേഖകൾ കൃത്യമായി പഠിച്ചശേഷമേ ഇനി അനുമതി ലഭിക്കൂ. 2020- 2021 കാലത്ത് അംഗീകാരം നൽകാൻ സെബി ശരാശരി 75 ദിവസം മാത്രമാണെടുത്തിരുന്നത്. 2022ൽ 115 ദിവസത്തിലേറെയാണ് എടുത്തത്. ഈ ജാഗ്രത നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
കഴിഞ്ഞ അഞ്ചിൽ നാല് തെരഞ്ഞെടുപ്പുകൾക്കുമുമ്പും വിപണിയിൽ മുന്നേറ്റമുണ്ടായിട്ടുണ്ട്. വിപണിയിൽ കുതിപ്പുണ്ടാകുമ്പോഴാണ് ഐ.പി.ഒകൾക്ക് ബെസ്റ്റ് ടൈം. അതുകൊണ്ട് പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുക എന്ന കമ്പനികളുടെ ലക്ഷ്യമാണ് ഇത്രയേറെ ഐ.പി.ഒകൾ വരാൻ കാരണം. തെരഞ്ഞെടുപ്പിന് ശേഷം എന്താണെന്ന അനിശ്ചിതാവസ്ഥ വിപണിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.