റബറിന് അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ് വില 169!
text_fieldsകോട്ടയം: റബറിന്റെ അന്താരാഷ്ട്രവില കിലോക്ക് 200 പിന്നിട്ടിട്ടും റബർ ബോർഡ് വില 169! സംസ്ഥാനത്തെ ആർ.എസ്.എസ് നാലിന് സമാനമായി അന്താരാഷ്ട്ര മാർക്കറ്റിൽ കണക്കാക്കുന്ന ആർ.എസ്.എസ് മൂന്നിന് വ്യാഴാഴ്ച കിലോക്ക് 200.76 രൂപയായിരുന്നു വില. കഴിഞ്ഞ 20 വർഷത്തിനിടെ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമാണിത്. എന്നാൽ, റബർ ബോർഡിന്റെ കോട്ടയത്തെ വിലയാകട്ടെ 169ഉം.
ടയർ കമ്പനികളും റബർ ബോർഡും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് വില കൂട്ടാത്തതിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽനിന്ന് ഒരു കിലോ റബർ വാങ്ങാൻ ഇറക്കുമതി ചുങ്കവും മറ്റ് ചെലവുകളും കണക്കാക്കുമ്പോൾ ടയർ കമ്പനികൾക്ക് 235 രൂപക്ക് മുകളിൽ ചെലവുവരും. അന്താരാഷ്ട്ര വിപണിയിൽ വില കൂടുമ്പോൾ കേരളത്തിലും വില ഉയരുന്നതായിരുന്നു പതിവ്. ടയർ കമ്പനികൾ ആഭ്യന്തര വിപണിയെ കൂടുതൽ ആശ്രയിക്കുന്നതായിരുന്നു വില ഉയരാൻ കാരണം. നിലവിൽ നാമമാത്രമായാണ് വില ഉയർന്നിരിക്കുന്നത്.
മികച്ച വില ലഭിക്കേണ്ട ഘട്ടത്തിലും 160 രൂപക്ക് ഷീറ്റ് വിൽക്കേണ്ട ഗതികേടിലാണ് കർഷകരെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ് കുറ്റപ്പെടുത്തി. ചരക്ക് ഗതാഗതത്തിന്റെ ചെലവ് വർധിച്ചതും തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ ഉൽപാദനത്തിലുണ്ടായ കുറവുമാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വിലവർധക്ക് ഇടയാക്കിയത്. ഐവറി കോസ്റ്റിൽനിന്ന് ചിരട്ടപ്പാൽ കയറ്റി അയക്കുന്നതും നിർത്തിയിരുന്നു. ചൂടുമൂലം കേരളത്തിലും റബറിന്റെ ഉൽപാദനം കുറഞ്ഞ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.