വിപണി പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ; എണ്ണവില വർധനവും പണപ്പെരുപ്പവും പ്രതിസന്ധി
text_fieldsകൊച്ചി: ജൂൺ സീരീസിെൻറ പിരിമുറുക്കങ്ങളെ മറികടന്ന് വിപണി വീണ്ടും പ്രതിവാര നേട്ടത്തിലേയ്‌ക്ക് ചുവടുവച്ചത് നിക്ഷേപകരുടെ ആത്‌മവിശ്വാസം ഉയർത്തി. സൂചിക താഴ്‌ന്ന തലങ്ങളിലേയ്‌ക്ക് നീങ്ങിയതിനിടയിൽ ആഭ്യന്തര വിദേശ ഫണ്ടുകൾ പണ സഞ്ചിയുമായി വിപണിയെ വാരി പുണർന്നത് തിരിച്ചു വരവിന് വഴിതെളിച്ചങ്കിലും മുൻവാരം സൂചിപ്പിച്ച 15,906 ലെ കടമ്പ മറികടക്കാൻ നിഫ്‌റ്റിക്കായില്ല. നിഫ്‌റ്റി 177 പോയിൻറ്റും ബോംബെ സെൻസെക്‌സ് 580 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു.
ക്രൂഡ് ഓയിൽ വിലക്കയറ്റം സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ആഭ്യന്തര വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിത്യേനെ പുതിയ ഉയരങ്ങളിലേയ്‌ക്ക് നീങ്ങുന്നത് ആശങ്കയോടെയാണ് വിപണി വീക്ഷിക്കുന്നത്. പണപെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കിന് കഴിഞ്ഞില്ലെങ്കിലും വരും ദിനങ്ങളിൽ ആർ.ബി.ഐ ഉണർന്ന് പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം.
ഓഹരി വിപണിയുടെ അടിയൊഴുക്ക് ശക്തമായതിനാൽ മുൻനിര ഇൻഡക്‌സുകൾ വീണ്ടും പുതിയ ഉയരങ്ങളിലേയ്‌ക്ക് നീങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഫണ്ടുകൾ. അടുത്ത മാസം ലോക്ക്‌ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത് നേട്ടമാക്കി മാറ്റാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഓപ്പറേറ്റർമാർ.
നിഫ്‌റ്റി സൂചിക മുൻവാരത്തിലെ 15,683 പോയിൻറിൽ നിന്ന് 15,895 വരെ ഉയർന്നങ്കിലും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ ആദ്യ പ്രതിരോധമായ 15,906 ലെ തടസം മറികടക്കാനുള്ള കരുത്ത് വിപണിക്ക് കൈവരിക്കാനായില്ല. 15,900 റേഞ്ചിലെ പ്രതിരോധ മേഖലയിൽ ഇടപാടുകാർ ലാഭമെടുപ്പിന് മത്സരിച്ചതിനാൽ നിഫ്‌റ്റി 15,505 വരെ ഇടിഞ്ഞങ്കിലും വാരാവസാനം കരുത്ത് വീണ്ടടുത്ത് 15,860 പോയിൻറ്റിലാണ്. ഈവാരം 16,001 ലെ ആദ്യ തടസം മറികടക്കാനായാൽ 16,143 നെ ലക്ഷ്യമാക്കി വിപണി സഞ്ചരിക്കും, എന്നാൽ ഉയർന്നതലങ്ങളിൽ വീണ്ടും ലാഭമെടുപ്പിന് നീക്കം നടന്നാൽ 15,611 ൽ താങ്ങ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്‌സ് 52,344 ൽ നിന്ന് തിളക്കതോടെയാണ് പിന്നിട്ടവാരം ട്രേഡിങിന് തുടക്കം കുറിച്ചത്. മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം കനത്തതോടെ സൂചിക ചരിത്രത്തിൽ ആദ്യമായി 53,000 പോയിൻറ് മറികടന്ന് 53,057 വരെ കയറി റെക്കോർഡ് സ്ഥാപിച്ച വേളയിലെ ലാഭമെടുപ്പിൽ അൽപ്പം ആടി ഉലഞ്ഞ് ഒരവസരത്തിൽ 51,740 വരെ ഇടിഞ്ഞു. താഴ്‌ന്ന റേഞ്ചിൽ ബ്ലൂചിപ്പ് ഓഹരികളിൽ ഫണ്ടുകൾ പിടിമുറുക്കിയതിനാൽ വ്യാപാരാന്ത്യം സെൻസെക്‌സ് 52,925 ലേയ്‌ക്ക് തിരിച്ച് വരവ് കാഴ്‌ച്ചവെച്ചു.
മുൻ നിര ഓഹരികളായ ഇൻഫോസീസ്, റ്റിസിഎസ്, എച്ച്‌സിഎൽ, ആർഐഎൽ, എസ്‌ബിഐ, എച്ച്ഡിഎഫ്സി, എച്ച് ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി, എംആൻറ്‌എം, ബജാജ് ഓട്ടോ, ഡോ: റെഡീസ്, സൺ ഫാർമ്മ, ഒഎൻജിസി, എൽആൻറ്‌റ്റി, ഐറ്റിസി തുടങ്ങിയവയുടെ നിരക്ക് ഉയർന്നു.
വിദേശ ഓപ്പറേറ്റർമാർ ഡോളർ ശേഖരിക്കാൻ ഉത്സാഹിച്ചത് രൂപയെ തളർത്തി. വിനിമയ നിരക്ക് 74.13 ൽ നിന്ന് 74.15 ലേയ്‌ക്ക് നീങ്ങി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനാൽ വിനിമയ മുല്യം 74.72 ലേയ്‌ക്ക് തളരാനുള്ള സാധ്യതയുണ്ട്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ തുടർച്ചയായ അഞ്ചാം വാരത്തിലും മികവ് നിലനിർത്തി. പിന്നിട്ട വാരം എണ്ണ വില 3.4 ശതമാനം ഉയർന്ന് ന്യൂയോർക്കിൽ ബാരലിന് 76.10 ഡോളറിലാണ്. 2018 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.