ഇന്ന് മിനിറ്റുകൾക്കകം ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടി; തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്...
text_fieldsമുംബൈ: ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് ആറ് ലക്ഷം കോടി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 5.94 ലക്ഷം കോടിയിൽ നിന്നും 446.66 ലക്ഷം കോടിയായി കുറഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്.
1. ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കൽ
യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. എന്നാൽ, 2025ൽ രണ്ട് തവണ മാത്രമേ പലിശനിരക്കുകൾ കുറക്കുവെന്നാണ് യു.എസ് കേന്ദ്രബാങ്ക് വ്യക്തമാക്കിയത്. എന്നാൽ, മൂന്ന് മുതൽ നാല് തവണ വരെ പലിശനിരക്കുകൾ കുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത് ഇല്ലാതായതോടെയാണ് ഓഹരി വിപണിയിൽ തിരിച്ചടിയേറ്റത്.
2. ബോണ്ട് വരുമാനം ഉയർന്നതും ഡോളർ കരുത്തും
യു.എസിലെ 10 വർഷത്തെ ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഏഴ് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ബോണ്ടുകളുടെ വരുമാനം 4.524 ശതമാനമായാണ് ഉയർന്നത്. ബോണ്ട് വരുമാനം ഉയർന്നതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ പുറത്തേക്ക് ഒഴുകി. ഇതിനൊപ്പം ഡോളർ കരുത്താർജിച്ചതും ഇന്ത്യൻ ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചു.
ആഗോളവിപണികളിലെ തകർച്ച
യു.എസ് ഓഹരി വിപണി ബുധനാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രീയർ ആവറേജ് നാല് മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയെയാണ് കഴിഞ്ഞ ദിവസം അഭിമുഖീകരിച്ചത്. ജപ്പാന്റെ നിക്കി സൂചിക 0.8 ശതമാനവും ചൈനയുടെ ഷാങ്ഹായി സൂചിക 0.72 ശതമാനവും കൊറിയയുടെ കൊസാപി 1.5 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
ഇന്ന് ബോംബെ സൂചികയായ സെൻസെക്സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചികയായ നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തിയിരുന്നു.
ഒരുഘട്ടത്തിൽ സെൻസെക്സ് 1100 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ, എച്ച്.സി.എൽ ടെക് എന്നീ കമ്പനികൾ ചേർന്ന് 600 പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിലുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എം&എം, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ് എന്നീ കമ്പനികളും തകർച്ചക്കുള്ള കാരണമായി.
അതേസമയം, ഡോളറിനെതിരെ രൂപക്ക് റെക്കോഡ് തകർച്ച രേഖപ്പെടുത്തിയിരുന്നു. രൂപയുടെ മൂല്യം 85 പിന്നിട്ടിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് രൂപയുടെ മൂല്യം 85 പിന്നിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ 25 ബേസിക്സ് പോയിന്റിന്റെ കുറവ് വരുത്തിയതോടെയാണ് രൂപയുടെ മൂല്യത്തിൽ വലിയ തകർച്ചയുണ്ടായത്.
ഡോളറിനെതിരെ രൂപ 85.06ലാണ് വ്യാഴാഴ്ച വ്യാപാരം തുടങ്ങിയത്. ബുധനാഴ്ച 84.95ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് മാസം കൊണ്ടാണ് രൂപയുടെ മൂല്യം 84ൽ നിന്നും 85ലേക്ക് ഇടിഞ്ഞത്. 83ൽ നിന്നും 84ലേക്ക് രൂപയുടെ മൂല്യം ഇടിയാൻ 14 മാസം എടുത്തിരുന്നു. പത്ത് മാസം കൊണ്ടാണ് രൂപയുടെ മൂല്യം 82ൽ നിന്നും 83ലേക്ക് ഇടിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.