'ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സമ്മാനം' എന്ന മെസേജ് ലഭിച്ചിട്ടുണ്ടോ?
text_fieldsതെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് കാഷ് പ്രൈസ്/ സർപ്രൈസ് സമ്മാനം നൽകുന്നുവെന്ന മെസേജുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. എസ്.ബി.ഐ, ഫ്ലിപ്കാർട്ട്, ആമസോൺ, ലുലു, സാംസങ് തുടങ്ങി നമുക്ക് സുപരിചിതമായ വിവിധ കോർപ്പറേറ്റ് കമ്പനികളുടെ പേരിലാണ് ഇത്തരം സന്ദേശങ്ങൾ വരുന്നത്.
''താങ്കളെ ഞങ്ങളുടെ വിലപ്പെട്ട കസ്റ്റമറായി തെരഞ്ഞടുത്തിരിക്കുന്നു. പ്രത്യേക സമ്മാനം ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ'' എന്ന മാതൃകയിലായിരിക്കും മിക്ക സന്ദേശങ്ങളും. ഒപ്പം വെബ്‌സൈറ്റ് ലിങ്കും ഉണ്ടായിരിക്കും. മൊബൈൽ, ടി.വി, സ്കൂട്ടർ, കാർ എന്നുതുടങ്ങി 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വെര ഇവർ വാഗ്ദാനം ചെയ്യും.ഫ്ലിപ്കാർട്ടിലും ആമസോണിലെുമൊക്കെ തുച്ഛ വിലയ്ക്ക് സാധനങ്ങൾ വിറ്റൊഴിവാക്കുന്നു എന്ന തരത്തിലായിരിക്കും ചില സന്ദേശങ്ങൾ.
ഇ മെയിൽ, എസ്.എം.എസ് വഴിയും വാട്സാപ്പിലൂടെയുമാണ് ഇവ ആളുകളെ തേടിയെത്തുന്നത്. വെറുതെ കിട്ടുന്ന സമ്മാനമല്ലേ, കുടുംബക്കാർക്കും കൂട്ടുകാർക്കും സഹപ്രവർത്തകർക്കും കൂടി കിട്ടിക്കോേട്ട എന്നുകരുതി, പരോപകാരികളായ പലരും കുടുംബ, സൗഹൃദ ഗ്രൂപ്പുകളിലേക്ക് ഇത് ഷെയർ ചെയ്യുകയും ചെയ്യും.
എന്നാൽ, അറിഞ്ഞിരിക്കുക: അന്യസംസ്ഥാനങ്ങളിലും ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിലും വേരുകളുള്ള ഹാക്കർമാരാണ് ഈ മെസേജുകൾക്ക് പിന്നിൽ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അതിലുള്ള നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ടുപോയാൽ നമ്മുടെ അക്കൗണ്ടിലുള്ള പണവും നമ്മുടെ രഹസ്യ വിവരങ്ങളുമെല്ലാം ഈ ഹാക്കർമാരുടെ കൈകളിൽ എത്തിയിരിക്കും. ഒടുവിൽ പരാതി കൊടുത്താലോ സമയനഷ്ടവും മാനനഷ്ടവുമല്ലാതെ പ്രത്യേകിച്ച് യാതൊരു ഫലവും ഉണ്ടാവുകയുമില്ല.
ശരിക്കും സമ്മാനം കൊടുക്കുന്നുണ്ടോ?
ഒരുകാരണവുമില്ലാതെ ആരെങ്കിലും ചറപറാന്ന് ആർക്കെങ്കിലും സമ്മാനം കൊടുക്കുമോ? ഒരു കമ്പനിയും ഇങ്ങനെ വാരിക്കോരി ലക്ഷങ്ങളും മൊബൈലും കാറും ഒന്നും കൊടുക്കില്ല. എന്തിന്, മുട്ടുസൂചി പോലും വെറുതെ കൊടുക്കില്ലെന്ന കാര്യം ശ്രദ്ധയിലുണ്ടാവണം. ഇനി അഥവാ ബിസിനസ് പ്രൊമോഷന്‍റെ ഭാഗമായി എന്തെങ്കിലും സമ്മാന പദ്ധതികൾ ഉണ്ടെങ്കിൽ തന്നെ അത് സംബന്ധിച്ച വിവരങ്ങൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ തീർച്ചയായും പ്രസിദ്ധീകരിച്ചിരിക്കും. അതിന്, തട്ടിപ്പ് മെസേജിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്സൈറ്റിൽ അല്ല നോക്കേണ്ടത്. പകരം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിനെ തന്നെ ആശ്രയിക്കണം.
ഇത്തരം തട്ടിപ്പുസന്ദേശങ്ങളിൽ ഔദ്യോഗിക വെബ്സൈറ്റിന് പകരം zzwds, izkks, kkzi, abkc തുടങ്ങിയ ഏതാനും അക്ഷരങ്ങൾ അടങ്ങിയ വിചിത്രമായ സൈറ്റ് അഡ്രസാണ് ഉണ്ടാവുക. ചിലപ്പോൾ അവസാന ഭാഗത്ത് യഥാർത്ഥ കമ്പനിയുടെ പേരും കൂട്ടിച്ചേർത്തിരിക്കും. ഇത്തരം തട്ടിക്കൂട്ട് യു.ആർ.എൽ കണ്ടാൽ തന്നെ മനസ്സിലാക്കണം, ഉടായിപ്പുകളാണ് ഇതിനുപിന്നിലെന്ന്. ക്ലിക്ക് ചെയ്ത് തുറന്നാൽ കമ്പനികളുടെ ഒൗദ്യോഗിക വെബ്സെറ്റിന് പകരം അതേ കെട്ടിലും മട്ടിലുമുള്ള ഹാക്കർമാരുടെ സൈറ്റാണ് തുറക്കുക. കാഴ്ചയിൽ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ വെബ്സൈറ്റുകൾ പോലെ തന്നെ തോന്നും. എന്നാൽ, സൂക്ഷ്മമായി നിരീക്ഷിച്ചാൽ അറിയാം ഇവ വ്യാജനാണെന്ന്.
തട്ടിപ്പിൽനിന്ന് എങ്ങനെ രക്ഷപ്പെടാം?
സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കണം. പണം നഷ്ടമായശേഷം വിലപിക്കുന്നതിനേക്കാൾ നല്ലത് കെണിയിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പാലിക്കുന്നതാണ്. ഇനി സമ്മാനം കിട്ടിയേ തീരൂ എന്ന വാശി നിങ്ങൾക്കുണ്ടെങ്കിൽ കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുക. അവർ ക്യാഷ് പ്രൈസുകളും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ടോയെന്ന് അതിലൂടെ അറിയാൻ കഴിയും. ബാങ്കുകൾ പോലുള്ള ധനകാര്യസ്ഥാപനങ്ങളുടെ പേരിലുള്ള മെസേജാണെങ്കിൽ അവയുടെ ലാൻഡ് ഫോൺ നമ്പറുകളിൽ വിളിച്ചോ, ബ്രാഞ്ചിൽ നേരിട്ട് പോയോ വിവരങ്ങൾ അന്വേഷിച്ച് ഉറപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.