അവസാനമായി പ്രത്യക്ഷപ്പെട്ടത് ആകാശ എയറിന്റെ പുറത്തിറക്കൽ ചടങ്ങിൽ; അപ്രതീക്ഷിതം ഈ വിടവാങ്ങൽ
text_fieldsമുംബൈ: ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുൻജുൻവാല അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ആകാശ എയറിന്റെ ആദ്യ സർവീസിനിടെയായിരുന്നു. മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കായിരുന്നു വിമാനത്തിന്റെ ആദ്യ സർവീസ്. തന്റെ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് രാകേഷ് ജുൻജുൻവാലയുടെ അന്ത്യം.
ആഗസ്റ്റ് ഏഴിനായിരുന്നു അഹമ്മദാബാദ്-മുംബൈ റൂട്ടിലെ ആകാശ എയറിന്റെ ആദ്യ സർവീസ്. ആഗസ്റ്റ് 12ന് കൊച്ചി-ബംഗളൂരു റൂട്ടിലും സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ വിമാന കമ്പനിയെന്ന ആശയവുമായി രാകേഷ് ജുൻജുൻവല രംഗത്തെത്തിയത്. പലതരത്തിലും വിമർശനങ്ങൾ ഉയർന്നുവെങ്കിലും തന്റെ നിശ്ചയദാർഢ്യത്തിൽ നിന്നും പിന്മാറാൻ ജുൻജുൻവാല ഒരുക്കമായിരുന്നില്ല. ഒടുവിൽ ഇന്ത്യയിലെ സാധാരാണക്കാരന് വേണ്ടിയുളള വിമാന കമ്പനിയെന്നനിലയിൽ ആകാശ എയർ ആകാശത്തിലേക്ക് പറന്നുയർന്നു.
ഹവായ് ചെരുപ്പുക്കാരേയും വിമാനത്തിൽ കയറ്റുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിനൊപ്പം തങ്ങളുണ്ടാവുമെന്ന് ആകാശ എയർ വ്യക്തമാക്കിയിരുന്നു ആകാശ എയറിന്റെ ആദ്യ പറക്കൽ. നിക്ഷേപിക്കാൻ നിരവധി മേഖലകളുണ്ടായിട്ടും ഇന്ത്യൻ വ്യോമയാനമേഖലയിൽ തന്നെ പണമിറക്കാനുള്ള ജുൻജുൻവാലയുടെ തീരുമാനം ഒരു ചൂതാട്ടം തന്നെയായിരുന്നു. എയർ ഇന്ത്യയടക്കമുള്ള വമ്പൻമാർക്ക് വരെ അടിതെറ്റിയ മേഖലയിലേക്കായിരുന്നു ജുൻജുൻവാലയുടെ ചുവടുവെപ്പ്. ഒടുവിൽ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് ജുൻജുൻവാല മടങ്ങുമ്പോൾ ആകാശ എയറിന്റെ ഭാവി സംബന്ധിച്ചും ആശങ്കകൾ ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.