എൽ.ഐ.സി ഐ.പി.ഒ ഈ വർഷംതന്നെ, പുരോഗതി ധനമന്ത്രി വിലയിരുത്തി
text_fieldsന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽ.ഐ.സി) പ്രാഥമിക ഓഹരി വിൽപനയുടെ (ഐ.പി.ഒ) പുരോഗതി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവലോകനം ചെയ്തു. ഈ സാമ്പത്തിക വർഷംതന്നെ ഓഹരി വിൽപനയുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഏറെനാളായി കാത്തിരിക്കുന്ന ഓഹരി വിൽപന സുഗമമാക്കാൻ നേരിട്ടുള്ള വിദേശനിക്ഷേപ നയം ഭേദഗതി ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. രാജ്യചരിത്രത്തിലെ എക്കാലത്തെയും വലിയ ഐ.പി.ഒ ആയി വിശേഷിപ്പിക്കപ്പെടുന്ന എൽ.ഐ.സി ഐ.പി.ഒ മാർച്ചോടെ വിപണിയിലെത്തുമെന്നാണ് സർക്കാർ സൂചനയെങ്കിലും കൃത്യമായ തീയതിയോ വിലനിലവാരമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പോളിസി ഉടമകൾക്ക് എൽ.ഐ.സി ഓഹരികൾ ഇളവിൽ നൽകുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞവർഷം ജൂലൈയിലാണ് ഓഹരി വിറ്റഴിക്കലിന് സാമ്പത്തികകാര്യ മന്ത്രിസഭ സമിതി അനുമതി നൽകിയത്.
ഐ.പി.ഒ വഴി വിറ്റഴിക്കുന്ന സർക്കാർ ഓഹരികളുടെ അളവ് തീരുമാനിക്കാനുള്ള നടപടികളിലാണ് സർക്കാർ. മൂല്യനിർണയം പൂർത്തിയാകാത്തതിനാൽ ഓഹരി വിൽപനയുടെ കാലതാമസം സംബന്ധിച്ച് ആശങ്കകളുണ്ട്. വലുപ്പം, റിയൽ എസ്റ്റേറ്റ് ആസ്തികൾ, അനുബന്ധ സ്ഥാപനങ്ങൾ, ലാഭക്ഷമത പങ്കിടൽ എന്നിവ കാരണം മൂല്യനിർണയം സങ്കീർണ പ്രക്രിയയാണ്. നടപ്പു സാമ്പത്തിക വർഷം നിശ്ചയിച്ച 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാൻ എൽ.ഐ.സി ഐ.പി.ഒ നിർണായകമാണ്. പൊതുമേഖല സ്ഥാപന ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വർഷം ഇതുവരെ 9330 കോടി രൂപയാണ് സമാഹരിച്ചത്. നിയമോപദേശകനായി സിറിൽ അമർചന്ദ് മംഗൾദാസിനെ സർക്കാർ നിയമിച്ചിരുന്നു. എൽ.ഐ.സിയുടെ ലിസ്റ്റിങ് സുഗമമാക്കാൻ 1956ലെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നിയമത്തിൽ ഈ വർഷം ആദ്യം സർക്കാർ 27 ഭേദഗതി വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.