എൽ.ഐ.സി ഓഹരികൾ വിപണിയിൽ; നഷ്ടത്തോടെ തുടക്കം
text_fieldsമുംബൈ: ഓഹരി വിപണികളായ ബി.എസ്.ഇയിലും എൻ.എസ്.ഇയിലും എൽ.ഐ.സി ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇതോടെ എൽ.ഐ.സി ഓഹരികൾ വിപണിയിൽ നിന്ന് വാങ്ങാനും വിൽക്കാനും സാധിക്കും. പ്രാഥമിക ഓഹരി വിപണികൾ വഴി 949 രൂപക്ക് ഓഹരികൾ അപേക്ഷകർക്ക് അനുവദിച്ചിരുന്നു. ഈ ഓഹരികളുടെ വ്യാപാരമാണ് ഇന്ന് ആരംഭിച്ചത്.
അതേസമയം, എൽ.ഐ.സി ഓഹരികളുടെ വ്യാപാരം നഷ്ടത്തോടെയാണ് ആരംഭിച്ചത്. 865 രൂപക്കാണ് വ്യാപാരം തുടങ്ങിയത്. തുടർന്ന് ഒരു ഘട്ടത്തിൽ 918 വരെ വില ഉയർന്നു. ഏകദേശം 10 ശതമാനത്തിന്‍റെ കുറവ് വ്യാപാര തുടക്കത്തിൽ രേഖപ്പെടുത്തി. എൽ.ഐ.സിയുടെ സാമ്പത്തിക പ്രതിസന്ധിയല്ല വ്യാപാര നഷ്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ഓഹരി വിപണിയിൽ കുറച്ചു കാലമായി തുടരുന്ന നെഗറ്റീവ് ട്രെൻഡ് ആണ് നഷ്ടത്തിന് ഇടയാക്കിയത്. നിക്ഷേപകർ വലിയ തോതിൽ ഓഹരികൾ വിറ്റഴിക്കുകയാണ്. ഈ കാലാവസ്ഥയിലാണ് എൽ.ഐ.സി ഓഹരികൾ ലിസ്റ്റ് ചെയ്തത്.
ദീർഘകാല അടിസ്ഥാനത്തിൽ എൽ.ഐ.സി ഓഹരികൾ മികച്ചതായിരിക്കുമെന്നും ഓഹരികളുടെ വില ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വിൽപനക്കായി മാറ്റിവെച്ച മൂന്നര ശതമാനം (22.13 കോടി) ഓഹരിക്ക് മൂന്നിരട്ടി അപേക്ഷകരാണെത്തിയത്. 20,557 കോടി രൂപ ഇതുവഴി സർക്കാറിന് സമാഹരിക്കാൻ കഴിഞ്ഞു. ഈ മാസം ഒമ്പതു മുതൽ 12വരെയായിരുന്നു പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ). 12ന് അപേക്ഷകർക്ക് ഓഹരി അനുവദിച്ചു. തുടർന്നാണ് പൊതുവ്യാപാരത്തിനായി ഓഹരികൾ ചൊവ്വാഴ്ച വിപണിയിൽ എത്തിയത്.
കനത്ത പണപ്പെരുപ്പവും ആഗോള സാഹചര്യങ്ങളും മൂലം വിപണി കൂപ്പുകുത്തി നിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ എൽ.ഐ.സി ലിസ്റ്റ് ചെയ്യപ്പെടുന്നത്. 902-949 ആണ് ഓഹരിയുടെ പ്രൈസ് ബാൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.