ലുലു ഐ.പി.ഒ: 25 ശതമാനം ഓഹരികൾ വിൽക്കും
text_fieldsദുബൈ: ഗൾഫിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഹോൾഡിങ്സിന്റെ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) ഒക്ടോബർ 28ന് ആരംഭിക്കും. നവംബർ അഞ്ച് വരെ മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ഐ.പി.ഒയിൽ 25 ശതമാനം (258.2 കോടി) ഓഹരികളാണ് വിറ്റഴിക്കുന്നത്.
ഒക്ടോബർ 27നോ 28നോ ഓഹരി വില പ്രഖ്യാപിക്കും. നവംബർ 14ന് അബൂദബി സെക്യൂരിറ്റി എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.
ആകെ ഓഹരികളിൽ 10 ശതമാനം (25.82 കോടി ഒാഹരികൾ) ചെറുകിട നിക്ഷേപകർക്കും 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും (229.81 കോടി ഓഹരികൾ) ബാക്കി ഒരു ശതമാനം (2.58 കോടി) ലുലു ജീവനക്കാർക്കും നീക്കിവെക്കും. ഇതേ ക്രമത്തിൽ മൂന്നു ഘട്ടങ്ങളായാണ് വിൽപ്പന.
ഓരോ ജീവനക്കാരനും ചുരുങ്ങിയത് 2000 ഓഹരികൾ സ്വന്തമാക്കാം. ചെറുകിട നിക്ഷേപകർക്ക് 1000 ഓഹരികളും. അബൂദബി കൊമേഴ്‌സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി ക്യാപിറ്റൽ, എച്ച്.എസ്.ബി.സി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബൈ ഇസ്‍ലാമിക് ബാങ്ക് തുടങ്ങിയവയായിരിക്കും ഐ.പി.ഒ നടപടികൾക്ക് നേതൃത്വം നൽകുക.
പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന് ജി.സി.സി രാജ്യങ്ങളിലായി 240ലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. 50,000 ജീവനക്കാർ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.