ത്രൈമാസ ഫലങ്ങൾ ഉറ്റുനോക്കി വിപണി; നിർണായകമാവുക ഇക്കാര്യങ്ങൾ
text_fieldsവിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിനിടയിൽ ബ്ലൂചിപ്പ് ഓഹരികൾ വാരികൂട്ടാൻ ആഭ്യന്തര ഫണ്ടുകൾ കാണിച്ച ഉത്സാഹം ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിച്ചു. പ്രാദേശിക നിഷേപകരും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും ചേർന്ന് കാഴ്‌ച്ചവെച്ച ബുൾ റാലി പുതു വർഷത്തിലെ ആദ്യ പ്രതിവാര മികവിലേക്ക് സെൻസെക്‌സിനെയും നിഫ്‌റ്റിയും കൈപിടിച്ച് ഉയർത്തി. ബോംബെ സെൻസെക്‌സ് 542 പോയിന്റും നിഫ്‌റ്റി 183 പോയിന്റും കഴിഞ്ഞവാരം മുന്നേറി. അനുകൂല വാർത്തകൾ ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യവും ഉയർന്നു.
ഏറ്റവും കൂടുതൽ മൂല്യമുള്ള പത്ത് സ്ഥാപനങ്ങളിൽ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തിൽ പിന്നിട്ടവാരം 1,99,111.06 കോടി രൂപയുടെ വർദ്ധന. റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി. ആർ.ഐ.എൽ വിപണി മൂല്യം 90,220.4 കോടി രൂപ ഉയർന്നു. ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയവയുടെ വിപണി മൂല്യത്തിൽ വർധന.
കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം വർദ്ധിക്കുമെന്ന സൂചനകൾ മുൻ നിര രണ്ടാം നിര ഓഹരികളെ ശ്രദ്ധേയമാക്കി. ഐ.ടി കമ്പനികളിൽ നിന്നും പുറത്തുവന്ന മികച്ച പ്രവർത്തന ഫലങ്ങൾ വിപണിയിലെ വാങ്ങൽ താൽപര്യം ഉയർത്തി. എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.യു.എൽ, ഏഷ്യൻ പെയിൻറ്റ്, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻറ് തുടങ്ങിയ കന്പനികളിൽ നിന്നുള്ള ത്രൈമാസ റിപ്പോർട്ട് ഈ വാരം പുറത്ത് വരും.
ആഭ്യന്തര ഫണ്ടുകളുടെ പിന്തുണയിൽ ബോംബെ സൂചിക 72,026 ൽ നിന്നുള്ള റാലിയിൽ 72,561 പോയിൻറ്റിലെ റെക്കോർഡ് തകർത്ത് 72,720.96 വരെ ഉയർന്നു. മാർക്കറ്റ് ക്ലോസിങിൽ സൂചിക അൽപ്പം തളർന്ന് 72,568 പോയിന്റിലാണ്.
ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റിയും റെക്കോർഡ് പ്രകടനം കാഴ്‌ച്ചവെച്ചു. സൂചിക 21,710 ൽ നിന്നും 21,862 ലെ ആദ്യ തടസ്സം തകർത്ത് 21,928 വരെ കയറി. എന്നാൽ 22,000 പോയിന്റിലെ പ്രതിരോധത്തിലേക്ക് അടുക്കാനായില്ല. വിദേശ ഫണ്ടുകൾ ലാഭമെടുപ്പിന് ഈ അവസരത്തിൽ നീക്കം നടത്തിയതോടെ സൂചിക വാരാന്ത്യം 21,894 ലേക്ക് താഴ്‌ന്നു. ഡെയ്‌ലി ചാർട്ടിൽ സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 22,055 – 22,200 നെ ലക്ഷ്യമാക്കി വിപണി സഞ്ചരിക്കാം. പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ നിഫ്‌റ്റിക്ക് 21,600 റേഞ്ചിൽ ആദ്യ സപ്പോർട്ടുണ്ട്.
നിഫ്‌റ്റി ജനുവരി ഫ്യൂചറിൽ ഓപ്പൺ ഇൻറ്റസ്‌റ്റ് മുൻവാരത്തിലെ 132.3 ലക്ഷം കരാറുകളിൽ നിന്ന് 138.5 ലക്ഷമായി. സൂചികയുടെ മുന്നേറ്റത്തിനിടയിൽ ഓപ്പൺ ഇൻറ്റസ്‌റ്റ് ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യമായി അനുമാനിക്കാം. ആ നിലയ്‌ക്ക് നിഫ്‌റ്റി ഫ്യൂച്വർ മികവ് നിലനിർത്തുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് തിളക്കം. രൂപ 83.16 ൽ നിന്ന് 83 ലെ താങ്ങ് തകർത്ത് 82.73 ലേയ്‌ക്ക് വെളളിയാഴ്‌ച്ച മികവ് കാണിച്ചു, വ്യാപാരാന്ത്യം രൂപയുടെ മൂല്യം 82.92 ലാണ്. വിദേശ ഫണ്ടുകളുടെ നീക്കം കണക്കിലെടുത്താൽ വിനിമയ നിരക്ക് 82.50 ലേയ്‌ക്ക് കരുത്ത് നേടാം. രൂപയുടെ ചലനങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുന്ന കേന്ദ്ര ബാങ്ക് അടുത്ത മാസം പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതകളും തള്ളികളയാനാവില്ല. അതേ സമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനുള്ള ശ്രമത്തിലാണ്. എണ്ണ വിപണി ചൂടുപിടിച്ചാൽ ഏഷ്യൻ നാണയങ്ങൾ വീണ്ടും സമ്മർദ്ദത്തിലാവും. ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറാണ്.ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ടവാരം 6858 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. തൊട്ട് മുൻ വാരം അവർ വിൽപ്പനകാരായിരുന്നു. വിദേശ ഓപ്പറേറ്റർമാർ കഴിഞ്ഞ വാരം 3917 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.