ഇന്ധന ഉപഭോഗം കുറക്കാൻ രണ്ട് ദിവസം അവധി നൽകാനൊരുങ്ങി നേപ്പാൾ സർക്കാർ
text_fieldsകാഠ്മണ്ഡു: ഇന്ധന ഉപഭോഗം കുറക്കാൻ രണ്ട് ദിവസത്തെ അവധി നൽകാനൊരുങ്ങി നേപ്പാൾ സർക്കാർ. വിദേശനാണ്യ ശേഖരത്തിൽ വൻ പ്രതിസന്ധി നേരിടുന്നതിനിടെയാണ് നേപ്പാൾ സർക്കാർ നടപടി. നേപ്പാൾ ഓയിൽ കോർപ്പറേഷനാണ് ഇത്തരമൊരു നിർദേശം സർക്കാറിന് മുന്നിൽവെച്ചത്. നേപ്പാൾ മന്ത്രിസഭ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നത് വൻ പ്രതിസന്ധിയാണ് നേപ്പാളിന് സൃഷ്ടിച്ചത്. ടൂറിസമാണ് നേപ്പാളിലെ പ്രധാന വ്യവസായങ്ങളിലൊന്ന്. കോവിഡിനെ തുടർന്ന് ടൂറിസം വ്യവസായത്തിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇതും നേപ്പാളിന്റെ വിദേശനാണ്യ ശേഖരത്തിൽ കുറവ് വരാൻ ഇടയാക്കി.
സബ്സിഡി നിരക്കിൽ നേപ്പാളിൽ എണ്ണവിതരണം നടത്തുന്നത് ഓയിൽ കോർപ്പറേഷനാണ്. വില ഉയർന്നത് മൂലം വലിയ നഷ്ടമാണ് ഓയിൽ കോർപ്പറേഷൻ നേരിടുന്നത്. അതേസമയം, ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും നിർദേശം പരിഗണനയിലാണെന്നും നേപ്പാൾ സർക്കാർ അറിയിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ വില കൂടിയ കാറുകൾ, സ്വർണം, ആഡംബര ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയിലും നേപ്പാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.