നാല് കോടി നിക്ഷേപിച്ച അലിയക്ക് ലഭിച്ചത് 54 കോടി; കത്രീനക്ക് കിട്ടിയത് 22 കോടി, നൈക്കയുടെ കുതിപ്പിൽ നേട്ടമുണ്ടാക്കി നടിമാർ
text_fieldsമുംബൈ: ഇന്ത്യൻ ഫാഷൻ ബ്രാൻഡായ നൈക്കയുടെ ഓഹരി വിപണിയിലെ കുതിപ്പ് മുതലാക്കി ബോളിവുഡ് നടിമാരായ കത്രീന കൈഫും അലിയ ഭട്ടും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ നൈക്കയുടെ മൂല്യം ഉയർന്നതോടെയാണ് ബോളിവുഡ് സെലിബ്രികളും വൻ നേട്ടം സ്വന്തമാക്കിയത്. നൈക്കയുടെ മാതൃകമ്പനിയായ എഫ്.എസ്.എൻ ഇ-കോമേഴ്സിൽ 2020ൽ അലിയ ഭട്ട് 4.95 കോടി നിക്ഷേപിച്ചിരുന്നു. ഇപ്പോൾ ഏകദേശം 54 കോടിയാണ് അലിയയുടെ നിക്ഷേപത്തിന്‍റെ മൂല്യം.
2018ലാണ് നൈക്ക-കെ.കെ ബ്യൂട്ടി എന്ന ബ്രാൻഡിൽ കത്രീന കൈഫ് 2.04 കോടി നിക്ഷേപിച്ചത്. ഏകദേശം 22 കോടി രൂപയാണ് കത്രീനയുടെ നിക്ഷേപത്തിന്‍റെ ഇന്നത്തെ മൂല്യം. അലിയ ഭട്ട് ഫൂൽ എന്ന കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇതാദ്യമായല്ല ബോളിവുഡ് താരങ്ങൾ ഓഹരി വിപണിയിൽ നിന്ന് വൻ നേട്ടമുണ്ടാക്കുന്നത്. ജസ്റ്റ് ഡയലിലെ നിക്ഷേപത്തിൽ നിന്ന് 2013ൽ അമിതാഭ് ബച്ചൻ 43 ഇരട്ടി നേട്ടമുണ്ടാക്കിയിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണിന് ഇ-മൊബിലിറ്റി കമ്പനിയായ ബ്ലുസ്മാർട്ടിലും എഡ്ടെക് പ്ലാറ്റ്ഫോം ഫ്രണ്ട്റോവിലും ബ്യൂട്ടി കോമേഴ്സ് സ്ഥാപനം പർപ്പിളിലും നിക്ഷേപമുണ്ട്. കാജൽ അഗർവാളിന് ഗെയിമിങ് കമ്പനിയായ ഒാകിയിൽ 15 ശതമാനമാണ് നിക്ഷേപം. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, യുവരാജ് സിങ്, ശിഖർ ധവാൻ എന്നിവരും സ്റ്റാർട്ട് അപ് സംരംഭങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെയാണ് നൈക്ക വ്യാപാരത്തിന് തുടക്കം കുറിച്ചത്. എൻ.എസ്.ഇയിൽ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ് നൈക്കയുടെ വ്യാപാരം. ഐ.പി.ഒയിലെ ഇഷ്യു വില 1,125 രൂപയായിരുന്നു. ബി.എസ്.ഇയിൽ 2063 രൂപക്കാണ് നൈക്ക ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ വിപണിമൂലധനം ബി.എസ്.ഇയിൽ ഒരു ലക്ഷം കോടി കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.