ലാഭം വാരിക്കൂട്ടി എണ്ണക്കമ്പനികൾ; ഒരു വർഷം 82,500 കോടി രൂപ!
text_fieldsരാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് വമ്പൻ ലാഭം. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി.എൽ), ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി.എൽ) എന്നീ കമ്പനികൾ ചേർന്ന് 2023-24 വർഷമുണ്ടാക്കിയ ലാഭം 82,500 കോടി രൂപ. കഴിഞ്ഞ വർഷത്തെ ലാഭത്തിന്റെ 71 മടങ്ങ് വരുമിത്.
നഷ്ടത്തിലാകുമെന്ന് പറഞ്ഞ് ഈ കമ്പനികളും സർക്കാറും ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധന വില കുറക്കാൻ വിസമ്മതിക്കുമ്പോഴാണ് വൻ ലാഭം ഇവർ വാരിക്കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും എണ്ണ സംസ്കരണ മാർജിൻ ഉയർന്നതുമാണ് ലാഭം കുതിക്കാൻ കാരണം. എന്നാൽ, ഇതിന്റെ ഒരു വിഹിതം വിലകുറച്ച് ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനികൾ തയാറല്ല.
രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഐ.ഒ.സി.എല്ലിന്റെ കഴിഞ്ഞവർഷത്തെ ലാഭം 39,618 കോടി രൂപയാണ്. എക്കാലത്തെയും ഏറ്റവും ഉയർന്ന ലാഭമാണിത്. ബി.പി.സി.എല്ലിന്റെ ലാഭം 26,858.84 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2,131.05 കോടി രൂപ മാത്രമായിരുന്നു. എച്ച്.പി.സി.എൽ 2023-24ൽ 16,014 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. തൊട്ടു മുൻവർഷം 6,980 കോടി രൂപ നഷ്ടമായിരുന്ന സ്ഥാനത്താണിത്.
കമ്പനികൾ ഓഹരി ഉടമകൾക്ക് ലാഭവിഹിതവും ബോണസ് ഓഹരിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.പി.സി.എൽ ഒരു ഓഹരിക്ക് ഒന്ന് (1:1) എന്ന തോതിലും എച്ച്.പി.സി.എൽ നിലവിൽ രണ്ടു ഓഹരിയുള്ളവർക്ക് ഒരു ഓഹരി (2:1) എന്ന തോതിലുമാണ് ബോണസ് ഓഹരി നൽകുക. ബി.പി.സി.എൽ ഓഹരിയുടമകൾക്ക് ഒരു ഓഹരിക്ക് (ബോണസിന് മുമ്പ്) 21 രൂപ തോതിൽ ലാഭവിഹിതം നൽകും. എച്ച്.പി.സി.എൽ 16.50 രൂപയും ഐ.ഒ.സി.എൽ ഏഴു രൂപയും ലാഭവിഹിതം നൽകും.
അതേസമയം 2023-24 വർഷത്തെ അവസാന പാദത്തിൽ മൂന്നു കമ്പനികളുടെയും ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി. ഐ.ഒ.സി.എല്ലിന് കഴിഞ്ഞവർഷം ജനുവരി-മാർച്ച് പാദത്തിൽ 10,058 കോടി ലാഭമുണ്ടായിരുന്നത് ഈ വർഷം 4838 കോടിയായി കുറഞ്ഞു. എച്ച്.പി.സി.എല്ലിന്റേത് 3,608 കോടിയിൽനിന്ന് 2,709 കോടിയായി. ബി.പി.സി.എല്ലിന്റെ ജനുവരി- മാർച്ച് പാദത്തിലെ ലാഭമിടിവ് 30 ശതമാനമാണ്. കഴിഞ്ഞ വർഷം 6,870.47 കോടിയുണ്ടായിരുന്നത് 4,789.57 കോടിയായി. ഒരു ബാരൽ അസംസ്കൃത എണ്ണ ഇന്ധനമാക്കിയാൽ കമ്പനികൾക്ക് ലഭിക്കുന്ന ലാഭം 6.93 ഡോളർ (578 രൂപ) മുതൽ 12.05 ഡോളർ (1006 രൂപ) വരെയാണ്. നേരത്തേ ഇതിലും കൂടുതലുണ്ടായിരുന്നു. എന്നാൽ വിറ്റുവരവിൽ മൂന്നു കമ്പനികളും ഉയർച്ച രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.