അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു
text_fieldsടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതയാണ് നിലവിൽ എണ്ണവില ഉയരുന്നതിനുള്ള കാരണം. സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ഇറാൻ തിരിച്ചടി നൽകുമെന്നും വാർത്തകൾ വന്നിരുന്നു. ഇത് എണ്ണവിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇത് മുൻനിർത്തിയാണ് അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ വില ഉയർന്നിരിക്കുന്നത്.
ബ്രെന്റ് ക്രൂഡോയിലിന്റെ വില 34 സെന്റ് വർധിച്ച് ബാരലിന് 90.08 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 44 സെന്റ് ഉയർന്ന് 85.45 ഡോളറായി. സിറിയയിലെ ഇറാൻ എംബസി ആക്രമിക്കപ്പെടുന്നതിന് മുമ്പ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നു.
അഞ്ച് സെഷനുകൾക്കിടെ തിങ്കളാഴ്ചയാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ആദ്യമായി ഇടിഞ്ഞത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ വില കഴിഞ്ഞ ഏഴ് സെഷനുകളിലും കുറഞ്ഞിരുന്നില്ല. ഗസ്സ പ്രശ്നം തീർക്കാൻ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയുന്നതിന് ഇടയാക്കിയത്.
എന്നാൽ, പിന്നീട് നടന്ന എംബസി ആക്രമണം എണ്ണവിലയെ വലിയ രീതിയിൽ സ്വാധീനിക്കുകയായിരുന്നു. എണ്ണവില ഉയരുന്നത് ഇന്ത്യയുൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. വരും വർഷങ്ങളിൽ എണ്ണവില 120 ഡോളറിലേക്ക് എത്തുമെന്നും അത് രാജ്യത്തെ പണപ്പെരുപ്പം വൻ തോതിൽ ഉയരുന്നതിന് ഇടയാക്കുമെന്നുമാണ് പ്രവചനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.