എണ്ണവില 100 ഡോളറിനു മുകളിൽ തന്നെ, തിരിച്ചുകയറി ഓഹരി
text_fieldsമുംബൈ: യുക്രെയ്ൻ യുദ്ധത്തിന്റെ പ്രതിഫലനമായി കുതിച്ചുയർന്ന എണ്ണവില 100 ഡോളറിനു മുകളിൽ തുടരുന്നു. വ്യാഴാഴ്ച തകർന്നടിഞ്ഞ ഓഹരി സൂചികകൾ വെള്ളിയാഴ്ച തിരിച്ചുകയറി. രൂപയുടെ മൂല്യത്തിലും നേരിയ വർധന.
അന്താരാഷ്ട്ര എണ്ണവില ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽനിന്ന് പിൻവാങ്ങിയെങ്കിലും ഇപ്പോഴും ബാരലിന് 100 ഡോളറിനു മുകളിൽ തുടരുന്നു. 2014 ആഗസ്റ്റിനുശേഷം ആദ്യമായി അന്താരാഷ്ട്ര എണ്ണവിലയുടെ അടിസ്ഥാനമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളർ കടന്നതാണ് വെള്ളിയാഴ്ച 101 ഡോളറായി താഴ്ന്നത്. വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളിൽ തട്ടിയാണ് വ്യാഴാഴ്ച ഉയർന്ന എണ്ണവില 100 ഡോളറിനു മുകളിൽ തുടരുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പനിരക്കിനും കറണ്ട് അക്കൗണ്ട് കമ്മിക്കും എണ്ണവില ഉയർത്തിയ ഭീഷണി ഒഴിഞ്ഞിട്ടില്ല. നിലവിൽ എണ്ണപാത തുറന്നിരിക്കുന്നതിനാൽ വിതരണ ആശങ്കകളില്ലെന്നാണ് റിപ്പോർട്ട്.
രണ്ടു വർഷത്തിനിടയിലെ ഏറ്റവും മോശംനിലക്കുശേഷം വെള്ളിയാഴ്ച പതിയെ തിരിച്ചുകയറി ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച 2.5 ശതമാനം വരെ ഉയർന്നു. ഏഴു ദിവസത്തെ തുടർച്ചയായ നഷ്ടം മറികടന്ന് സെൻസെക്സ് 1328.61 പോയന്റ് ഉയർന്ന് 55,858.52ലും നിഫ്റ്റി 410.45 പോയന്റ് ഉയർന്ന് 16,658.40ലും എത്തി. എച്ച്.യു.എൽ, നെസ്ലെ എന്നിവയൊഴികെ എല്ലാ ഓഹരികളും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എൻ.ടി.പി.സി, ടെക് മഹീന്ദ്ര എന്നിവ 6.54 ശതമാനം വരെ ഉയർന്നു. വ്യാഴാഴ്ച സെൻസെക്സ് 2700 പോയന്റും നിഫ്റ്റി 815 പോയൻറുമാണ് തകർന്നടിഞ്ഞത്.
യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 34 പൈസ ഉയർന്ന് 75.26 രൂപയിലെത്തി. വ്യാഴാഴ്ച രൂപയുടെ മൂല്യം 99 പൈസ ഇടിഞ്ഞ് 75.60 രൂപയായിരുന്നതാണ് വീണ്ടെടുത്തത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. സൗദി അറേബ്യ, ഇറാഖ്, മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് മൊത്തം ഇറക്കുമതിയുടെ 63.1 ശതമാനം. ആഫ്രിക്കയിൽനിന്ന് 14 ശതമാനത്തോളം വരും, വടക്കേ അമേരിക്ക 13.2 ശതമാനം നൽകുന്നു. ആഗോള എണ്ണ ഉൽപാദനത്തിന്റെ 10 ശതമാനവും നൽകുന്ന റഷ്യയിൽനിന്നാണ് യൂറോപ്പിനാവശ്യമായ പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും വരുന്നത്. യൂറോപ്പിലേക്കുള്ള ഈ പ്രകൃതിവാതക വിതരണം യുക്രെയ്നിലൂടെ പൈപ്പ്ലൈനുകളിലൂടെയാണെന്നതാണ് യൂറോപ്പിന്റെ നെഞ്ചിടിപ്പുകൂട്ടുന്നത്. എന്നാൽ, ഇന്ത്യയിലേക്കുള്ള റഷ്യൻ വിതരണം വളരെ ചെറിയ ശതമാനം മാത്രമാണ്.
2021ൽ ഇന്ത്യ റഷ്യയിൽനിന്ന് പ്രതിദിനം 43,400 ബാരൽ എണ്ണ ഇറക്കുമതി ചെയ്തു. ആകെ ഇറക്കുമതി ചെയ്യുന്നതിന്റെ ഏകദേശം ഒരു ശതമാനമായിരുന്നു ഇത്. 2021ൽ റഷ്യയിൽനിന്നുള്ള കൽക്കരി ഇറക്കുമതി 1.8 ദശലക്ഷം ടണ്ണായിരുന്നു. റഷ്യയിലെ ഗാസ്പ്രോമിൽനിന്ന് ഇന്ത്യ പ്രതിവർഷം 2.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകവും (എൽ.എൻ.ജി) വാങ്ങുന്നു. റഷ്യൻ ആക്രമണത്തിന് പ്രതികാരമായി റഷ്യയിൽനിന്നുള്ള പ്രധാന ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി ജർമനി നിർത്തിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.