തീപടർത്തി എണ്ണവില, തകർന്ന് ഓഹരി വിപണി; രൂപ ദയനീയ നിലയിൽ
text_fieldsന്യൂഡൽഹി: റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിക്കുന്നതിനിടെ നെഞ്ചിൽ തീപടർത്തി എണ്ണവില. ഈ ആഴ്ച പെട്രോൾ, ഡീസൽ വില വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ, ഡീസൽ വില ലിറ്ററിന് 15 രൂപ കൂട്ടേണ്ടതുണ്ടെന്ന് വ്യവസായവൃത്തങ്ങൾ അറിയിച്ചു.
ഓഹരി വിപണി, രൂപയുടെ മൂല്യം എന്നിവ ഇടിഞ്ഞപ്പോൾ സ്വർണം വില കുതിച്ചുയർന്നു. അസംസ്കൃത എണ്ണവില ബാരലിന് 10 ഡോളറിലധികമാണ് കുതിച്ചത്. ബ്രെന്റ് ക്രൂഡ് ബാരലിന് 139.13 ഡോളറിലെത്തി പിന്നീട് 128.77 ലേക്ക് താഴ്ന്നു.
അതേസമയം, യു.എസ് ക്രൂഡ് ബാരലിന് 9.70 ഡോളർകൂടി 125.38 ഡോളറായി. 2008 ജൂലൈക്ക് ശേഷമുള്ള എക്കാലത്തെയും ഉയർന്ന നിരക്കിലാണ് എണ്ണ. ഇന്ത്യ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. രാജ്യാന്തര വിപണിയിൽ എണ്ണവില 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ നാലു മാസത്തിലേറെയായി നിരക്ക് സ്ഥിരമായി നിലനിർത്തുകയായിരുന്നു ഇന്ത്യൻ എണ്ണ കമ്പനികൾ. കുമിഞ്ഞുകൂടിയ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ തയാറെടുക്കുകയാണ്.
വോട്ടെടുപ്പ് അവസാനിച്ചതോടെ, പ്രതിദിന വില പരിഷ്കരണത്തിലേക്ക് മടങ്ങാൻ സർക്കാർ അനുവദിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. എന്നാൽ, ഒറ്റയടിക്ക് വില ഉയർത്തുമെന്ന് കരുതുന്നില്ല. പ്രതിദിനം ലിറ്ററിന് 50 പൈസയിൽ താഴെവെച്ച് വർധിപ്പിക്കാനാണ് സാധ്യത.
യു.എസും യൂറോപ്യന്‍ യൂനിയനും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെയാണ് ഓഹരി വിപണി എട്ടു മാസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. സെന്‍സെക്സും ആടിയുലഞ്ഞു. തിങ്കളാഴ്ച 1,966.71 പോയന്റ് ഇടിഞ്ഞ് 52,367.10 നിലവാരത്തിലെത്തിയെങ്കിലും പിന്നീട് നേരിയ തിരിച്ചുകയറ്റമുണ്ടായി.
ഒടുവില്‍ 1,491.06 പോയന്റ് താഴ്ന്ന് 52,842.75ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 15,711 നിലയിലെത്തിയെങ്കിലും ഒടുവിൽ 382.20 പോയന്റ് നഷ്ടത്തില്‍ 15,863.15ലാണ് ക്ലോസ് ചെയ്തത്. ഇരു സൂചികകളും കഴിഞ്ഞ ഒക്ടോബറിലെ റെക്കോഡ് നിലവാരത്തില്‍നിന്ന് 15 ശതമാനം ഇടിവിലായി.
യു.എസ് ഡോളറിനെതിരെ എക്കാലത്തെയും വലിയ ദയനീയ നിലയിലാണ് രൂപ. 93 പൈസ താഴ്ന്ന് 77.10 രൂപയാണ് മൂല്യം. രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തിന്റെ ധനസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും പണപ്പെരുപ്പം ഉയർത്തുകയും ചെയ്തേക്കാം. യൂറോയുടെ മൂല്യം 1.0872ൽനിന്ന് 1.0926 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.