
ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി
text_fieldsമുംബൈ: കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ തകർച്ച നേരിട്ട് ഓഹരി വിപണി. വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ ഭീതി വർധിക്കുന്നതും അതിെൻറ ഭാഗമായി ആഗോള ഓഹരികളിലുണ്ടായ വൻ തളർച്ചയുമാണ് രാജ്യത്തും പ്രതിഫലിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്.പി.ഐ) കൂട്ടവിൽപന തുടരുന്നതും മാർക്കറ്റിനെ ദോഷകരമായി ബാധിച്ചു. തിങ്കളാഴ്ച വിപണി തുടങ്ങി 15 മിനിറ്റിനകം നിക്ഷേപകരുടെ ആറു ലക്ഷം കോടിയോളം ചോർന്നു. സെൻസെക്സ് 1189 പോയൻറ് കുത്തനെ ഇടിഞ്ഞ് 55,822 പോയൻറിലേക്കെത്തി. കഴിഞ്ഞ ആഗസ്റ്റ് 23നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 371 പോയൻറ് കൂപ്പുകുത്തി 16,614ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ അഞ്ചു ശതമാനം ഇടിഞ്ഞ ടാറ്റ സ്റ്റീലിനാണ് വൻ നഷ്ടം. ഇൻഡസ് ഇൻഡ് ബാങ്ക്, എസ്.ബി.ഐ, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് ബാങ്ക്, എൻ.ടി.പി.സി എന്നിവക്കും തകർച്ചയുണ്ടായി. എച്ച്.യു.എൽ, ഡോ. റെഡ്ഡീസ് ലാബ് എന്നീ കമ്പനികൾക്കു മാത്രമാണ് നേട്ടം. വെള്ളിയാഴ്ചയിലെ നഷ്ടംകൂടി കണക്കിലെടുക്കുമ്പോൾ രണ്ടു ദിവസം കൊണ്ട് നിക്ഷേപകരുടെ പണച്ചോർച്ച 11.23 ലക്ഷം കോടിയാണ്. ഓഹരി വിപണി യഥാർഥ തിരുത്തലിലേക്ക് കടന്നതായാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ. നിക്ഷേപകർക്ക് മികച്ച ഓഹരികൾ കുറഞ്ഞ വിലക്ക് തിരഞ്ഞെടുക്കാവുന്ന അവസരമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ശ്രീറാം പ്രോപ്പർട്ടീസ് ഓഹരിക്ക് വൻ തിരിച്ചടിയുണ്ടായി. 118 രൂപ നിശ്ചയിച്ചിരുന്ന ഓഹരി 24 ശതമാനം ഇടിഞ്ഞ് 94 രൂപക്കാണ് വിപണിയിലെത്തിയത്. വീണ്ടും ഇടിഞ്ഞ് 91.75 രൂപയിലേക്കുമെത്തി.
എൽ.ഐ.സി ഐ.പി.ഒ നടപ്പു സാമ്പത്തിക വർഷം തന്നെ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷെൻറ ഓഹരി വിൽപന (ഐ.പി.ഒ) ഈ സാമ്പത്തികവർഷം അവസാനത്തോടെ നടക്കുമെന്ന് വിശദീകരിച്ച് കേന്ദ്ര സർക്കാർ. 2022 മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തിനു മുമ്പായി ഓഹരി വിൽപന ഉണ്ടാകില്ലെന്ന രീതിയിൽ കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത ശരിയല്ലെന്നും കേന്ദ്രം വിശദീകരിച്ചു. നടപടിക്രമങ്ങൾ കൃത്യമായി മുന്നോട്ടുപോവുകയാണെന്നും അവസാന സാമ്പത്തിക പാദത്തിൽതന്നെ ഐ.പി.ഒ ഉണ്ടാകുമെന്നും നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദിപം) സെക്രട്ടറി ട്വിറ്ററിലൂടെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.