ഉള്ളിവില ഇനിയും ഉയരും; സർക്കാർ ഇടപ്പെട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഉള്ളിവില ഇനിയും ഉയരുമെന്ന് ആശങ്കയുമായി വ്യാപാരികൾ. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് മേഖലയിലെ വ്യാപാരി അസോസിയേഷനുകളും വിദഗഗ്ധരും ചൂണ്ടിക്കാട്ടുന്നു.
വരൾച്ച സമാനമായ സാഹചര്യത്തെ തുടർന്ന് മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉള്ളിയുടെ ഉൽപാദനം കുറഞ്ഞതാണ് ഇപ്പോഴുള്ള വില വർധനക്കുള്ള കാരണം. ഉള്ളിയുടെ റീടെയിൽ വിലയിൽ 20 ശതമാനം വർധനവാണ് ഉണ്ടായത്. മൊത്തവ്യാപാരശാലകളിലെ വില 15 ശതമാനവും ഉയർന്നു.
കഴിഞ്ഞ വർഷം ഇതേസമയത്ത് കിലോഗ്രാമിന് 21 രൂപയായിരുന്നു റീടെയിൽ വിപണിയിലെ ഉള്ളിവില. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ക്വിന്റലിന് 1,581.97 രൂപയും വിലയുണ്ടായിരുന്നു. നിലവിൽ ഡൽഹി അടക്കമുള്ള മെട്രോ നഗരങ്ങളിൽ 35 രൂപ മുതൽ 40 രൂപ വരെയാണ് ഒരു കിലോഗ്രാം ഉള്ളിയുടെ വില.
കഴിഞ്ഞ മാസം 20 മുതൽ 25 രൂപ വരെയായിരുന്നു വില. ഈ രീതിയിൽ പോവുകയാണെങ്കിൽ ഉള്ളിവില 60 രൂപയായി ഉയരുമെന്നും വ്യാപാരികൾ പറയുന്നു.കഴിഞ്ഞ വർഷങ്ങൾക്ക് സമാനമായി സർക്കാർ ഉള്ളിസംഭരണം ആരംഭിച്ചിട്ടില്ല. ഇത് വിപണിയിൽ വില വർധനക്ക് ഇടയാക്കുന്നുണ്ടെന്ന് യു.പിയിൽ നിന്നുള്ള ഉള്ളിവ്യാപാരി പറയുന്നു.
21 രൂപക്കാണ് സർക്കാർ ഉള്ളിസംഭരണം നടത്തുന്നത്. നിലവിൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഉള്ളിക്ക് 30 രൂപ വരെ വിലയുണ്ട്. അതിനാൽ സർക്കാറിന്റെ സംഭരണവിലക്ക് ഉള്ളിവിൽക്കാൻ കർഷകർ തയാറാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
രാജ്യത്തിന് വേണ്ട ഉള്ളിയുടെ 42 ശതമാനവും ഉൽപാദിപ്പിക്കുന്നത് മഹാരാഷ്ട്രയാണ്. മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഉള്ളികൃഷിയുണ്ട്. മഹാരാഷ്ട്രയിലെ വരൾച്ചയെ തുടർന്ന് ഉള്ളി ഉൽപാദനത്തിൽ 15 മുതൽ 20 ശതമാനത്തിന്റെ വരെ കുറവുണ്ടായെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.