ഉള്ളി വരവ് കുറഞ്ഞു, വില ഉയരുന്നു
text_fieldsകോഴിക്കോട് /പൂണെ: പെരുന്നാൾ അടുത്തതോടെ ഉള്ളിവില കുതിച്ചുകയറുന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് സംസ്ഥാനത്ത് വിലകൂടാനുള്ള കാരണമായി പറയുന്നത്.
സംസ്ഥാനത്ത് ഒരാഴ്ച മുമ്പ് കിലോക്ക് 20 - 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40ല്‍ എത്തി. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച് വ്യാപാരികളും കർഷകരും പൂഴ്ത്തിവെക്കുന്നതുമാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറച്ചത്. മഴ കനക്കുന്നതോടെ സവാളയുടെ വരവ് വീണ്ടും കുറയുവാനും വില ഇനിയും കൂടാനും സാധ്യതയുണ്ട്. വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
തിങ്കളാഴ്ച മുംബൈ നാസിക്കിലെ ലാസൽഗാവ് മണ്ഡിയിൽ ഉള്ളി മൊത്തവില ശരാശരി കിലോക്ക് 26 രൂപയിലെത്തി. മേയ് 25ന് ഇത് 17 രൂപയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 30-50 ശതമാനമാണ് വർധന. അതിനിടെ, ഒന്നാംതരം ഉള്ളിയുടെ വില 30 രൂപ കടന്നു.
ഉള്ളിവില നിയന്ത്രിക്കാൻ കയറ്റുമതിക്ക് 40 ശതമാനം തീരുവ നിലവിലുണ്ട്. കേന്ദ്രസർക്കാർ കയറ്റുമതി തീരുവ എടുത്തുകളയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കർഷകരും മൊത്തവ്യാപാരികളും ഉള്ളി കൈവശം വെച്ചിരിക്കുന്നതെന്നും ഇതാണ് വില ഉയരാനുള്ള പ്രധാന കാരണമെന്നും മുംബൈ ഹോർട്ടികൾച്ചർ പ്രൊഡ്യൂസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് അജിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.