കുരുമുളക് ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി
text_fieldsപുതുവർഷാഘോഷങ്ങൾ കഴിഞ്ഞ് ചൈനീസ് വ്യവസായികൾ ഇന്ന് രാജ്യാന്തര റബർ വിപണിയിൽ തിരിച്ചെത്തും. സർക്കാർ ഏജൻസിയുടെ താങ്ങിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു
ഹൈറേഞ്ച് മേഖലയിൽ കുരുമുളക് വിളവെടുപ്പ് ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി. കാലവർഷം ദുർബലമായത് മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത് പല തോട്ടങ്ങളിലും മുളക് മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു. തുലാവർഷം അനുകൂലമായെങ്കിലും വിളവ് പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്ന് കർഷകർ. മാസാവസാനത്തിൽ തന്നെ വിളവെടുപ്പ് പൂർത്തിയാകുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. അതേസമയം ടെർമിനൽ മാർക്കറ്റിൽ പ്രതിദിനം ശരാശരി 40 ടൺ മുളക് വിൽപനക്ക് എത്തുന്നതിൽ ഇറക്കുമതി മുളകും കലർന്നിട്ടുണ്ട്. വിദേശ കുരുമുളക് ഗുണനിലവാരത്തിൽ പിന്നിലായതിനാൽ ചരക്കുവരവ് വിലയിടിവ് രൂക്ഷമാക്കി. ചുരുങ്ങിയ ആഴ്‌ചകളിൽ ഏകദേശം 4000 രൂപ കുറഞ്ഞു. വാരാവസാനം അൺഗാർബിൾഡ് കുരുമുളക് 54,100 രൂപയിലാണ്.
ഇതിനിടയിൽ അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6800 ഡോളറിലേക്ക് താഴ്‌ന്നു. വിലയിടിവ് വിദേശ വ്യാപാരങ്ങൾക്ക് അവസരം ഒരുക്കില്ലെന്നാണ് കയറ്റുമതി മേഖലയുടെ വിലയിരുത്തൽ. ഇതര ഉൽപാദന രാജ്യങ്ങൾ 4000-4500 ഡോളറിനാണ് കുരുമുളക് അയക്കുന്നത്.
ഒരാഴ്‌ച നീണ്ട ലൂണാർ പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് ചൈനീസ് വ്യവസായികളുടെ തിരിച്ചുവരവിനെ ഉറ്റുനോക്കുകയാണ് മുഖ്യ റബർ ഉൽപാദക രാജ്യങ്ങൾ. വൻ ഓർഡറുകളുമായി അവർ എത്തുമെന്ന പ്രതീക്ഷയിലാണ് ബാങ്കോക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാർ. അതേസമയം വരണ്ട കാലാവസ്ഥയിൽ തായ്‌ലൻഡിലും മലേഷ്യയിലും റബർമരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായത് ടാപ്പിങ്ങിൽനിന്ന് കർഷകരെ പിന്തിരിപ്പിച്ചു. പുതിയ വിദേശ ഓർഡറുകൾ വിലക്കയറ്റത്തിന് അവസരം ഒരുക്കാം.
സംസ്ഥാനത്തെ കുറഞ്ഞ അളവിലാണ് റബർ ഷീറ്റും ലാറ്റക്‌സും വിൽപനക്ക് എത്തിയത്. വിദേശത്തെ വിലക്കയറ്റം ആഭ്യന്തര മാർക്കറ്റിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ ഉൽപാദകർ ചരക്ക് പിടിച്ചു. നാലാം ഗ്രേഡ് കിലോ 165 രൂപയിലും ലാറ്റക്‌സ് 114 രൂപയിലുമാണ്.
പച്ചത്തേങ്ങ ലഭ്യത വർധിച്ചതിനൊപ്പം കൊപ്രക്ക് മില്ലുകാരിൽനിന്നുള്ള ആവശ്യം ഉയരാതിരുന്നത് വിപണിയെ സമ്മർദത്തിലാക്കി. മലബാർ മേഖലയിൽ കൊപ്ര പിന്നിട്ടവാരം 10,300ൽനിന്നും 10,000ത്തിലേക്ക് ഇടിഞ്ഞു. വിലത്തകർച്ച രൂക്ഷമായാൽ ഉൽപാദകർ താഴ്‌ന്ന വിലക്ക് ചരക്ക് വിറ്റുമാറാൻ നിർബന്ധിതരാവും. പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വരുംദിനങ്ങളിൽ ലഭ്യത ഉയരും. വ്യവസായിക ഡിമാൻഡ് വർധിച്ചാലേ വിലത്തകർച്ച തടയാനാകൂ. സർക്കാർ ഏജൻസി സംഭരണരംഗത്ത് ഇറങ്ങിയാൽ പ്രതിസന്ധിയെ തടയാനാകും. കോഴിക്കോട് വെളിച്ചെണ്ണ വില 350 രൂപ ഇടിഞ്ഞ് 15,900 രൂപയായി. കൊച്ചിയിൽ എണ്ണവില 13,800 രൂപയിലാണ്.
ഏലക്ക സീസൺ അവസാനിച്ചെങ്കിലും വില ഉയർത്തി ശേഖരിക്കാൻ ഇടപാടുകാർ ലേല കേന്ദ്രങ്ങളിൽ ഉത്സാഹിച്ചില്ല. വാങ്ങൽ താൽപര്യം ശക്തമാണെങ്കിലും പല അവസരത്തിലും ശരാശരി ഇനങ്ങളെ ഒരു നിശ്ചിത നിലവാരത്തിൽ പിടിച്ചുനിർത്തിയാണ് ഏലക്ക ശേഖരിച്ചത്. ലേലത്തിൽ ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം കയറ്റുമതിക്കാരും സജീവമാണ്. മികച്ചയിനങ്ങൾക്ക് കിലോ 2228 രൂപയിലും ശരാശരി ഇനങ്ങൾ 1482 രൂപയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.