കുരുമുളക് ഉൽപാദനം കുറയും
text_fieldsകൊച്ചി: കുരുമുളക് ഉൽപാദനം ഈ സീസണിൽ കുറയുമെന്ന് സൂചന, ഇറക്കുമതി ഭീഷണി തടയാനായാൽ കുതിപ്പിന് സാധ്യത. ഏലക്ക ലഭ്യത വർഷത്തിന്റെ രണ്ടാംപകുതിയിൽ ചുരുങ്ങാം. കൊപ്രയുടെ താങ്ങുവില ഉയർത്തിയത് കേരളത്തിന് നേട്ടമാവില്ല.സംസ്ഥാനത്ത് കുരുമുളക് ഉൽപാദനം ഈ വർഷം പ്രതീക്ഷിച്ചതിലും കുറയുമെന്നാണ് ഉൽപാദന മേഖലകളിൽനിന്നുള്ള വിവരം. തുലാവർഷം കനത്ത വേളയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും മുളകുമണികൾ തിരികളിൽനിന്ന് അടർന്നുവീണത് തിരിച്ചടിയായി.
തെക്കൻ കേരളത്തിൽ ഉൽപാദനം കുറഞ്ഞു. ഇടുക്കിയിലും വയനാട്ടിലും കർഷകർ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. വിളവ് കഴിഞ്ഞ വർഷത്തേക്കാൾ കുറയുമെന്നാണ് കർഷകരുടെ ആദ്യ വിലയിരുത്തൽ. വിദേശ കുരുമുളക് ഇറക്കുമതിക്ക് തടയിടാനായാൽ ഉൽപന്ന വിലയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 49,400 രൂപയിലും ഗാർബിൾഡ് 51,400 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6500 ഡോളർ.
ഏലക്കയുടെ വിലത്തകർച്ചമൂലം, കൃഷിയിൽ ഏർപ്പെട്ട പലരും മറ്റു മേഖലകളിലേക്ക് തിരിയാൻ നിർബന്ധിതരാവും. ശരാശരി ഇനങ്ങൾ കിലോഗ്രാമിന് 726 രൂപയായി ഇടിഞ്ഞു. കാർഷിക ചെലവുകൾ കണക്കിലെടുത്താൽ കൃഷി വൻ നഷ്ടമാണ്. ഫെബ്രുവരി-മാർച്ചിൽ നിരക്ക് മെച്ചപ്പെട്ടില്ലെങ്കിൽ ഉൽപാദകർ ചുവടുമാറ്റാം. ഇത് വർഷത്തിന്റെ രണ്ടാംപകുതിയിൽ ഏലക്ക ലഭ്യത കുറക്കും. ഗൾഫ് മേഖലയിൽനിന്നും ഏലത്തിന് ഡിമാൻഡുണ്ട്.
കേന്ദ്രം കൊപ്രയുടെ താങ്ങുവില ഉയർത്തിയെങ്കിലും പുതിയ സീസണിലും സംഭരണം കടലാസിൽ ഒതുങ്ങുമെന്നതിനാൽ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവില്ല. പുതുക്കിയ താങ്ങുവില ക്വിന്റലിന് 10,860 രൂപയാണ്. കൊച്ചിയിൽ കൊപ്ര 8600ഉം കോഴിക്കോട് 9150 രൂപയുമാണ്.ക്രിസ്മസിന് മുന്നോടിയായി നിർത്തിവെച്ച ടാപ്പിങ് പുനരാരംഭിക്കുന്നതോടെ വിപണികളിൽ റബർ വരവ് ഉയരും. ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ കിലോ 137 രൂപക്കും അഞ്ചാം ഗ്രേഡ് 133 രൂപക്കും ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.