തീപിടിക്കും വിലയിൽ ഇന്ധനം; എറണാകുളത്ത് പെട്രോളിന് 94.13 രൂപയും ഡീസലിന് 89.47 രൂപയുമായി
text_fieldsകൊച്ചി: ഒരുമാസത്തിൽ 16 തവണ ഇന്ധനവില വർധിപ്പിച്ച റെക്കോഡുമായി മേയ് കടന്നതോടെ രാജ്യത്ത് ചരിത്രവിലയിൽ പെട്രോളും ഡീസലും. തിരുവനന്തപുരത്ത് പെട്രോളിന് 29 പൈസ വർധിച്ച് 96.21 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 91.50 രൂപയുമായി. കഴിഞ്ഞ മാസം ആകെ പെട്രോളിന് 3.83 രൂപയും ഡീസലിന് 4.42 രൂപയുമാണ് കൂട്ടിയത്.
എറണാകുളത്ത് പെട്രോളിന് 94.13 രൂപയും ഡീസലിന് 89.47 രൂപയുമായി. അന്താരാഷ്ട്രതലത്തിൽ ബ്രൻഡ് ഇനം ക്രൂഡോയിൽ വില വീപ്പക്ക് തിങ്കളാഴ്ച 69.49 ഡോളറായി. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുറയുകയും കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിലാകുകയും ചെയ്യുന്നതോടെ ഇന്ധന ആവശ്യകത ഉയരുന്നത് അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണയുടെ വില വർധിക്കാൻ കാരണമായി. ഇതിലൂടെ വരുംദിവസങ്ങളിലും രാജ്യത്ത് ഇന്ധന വിലവർധന തുടരുമെന്നാണ് ആശങ്ക. സാധാരണക്കാർക്ക് താങ്ങാനാകാത്ത നിലയിലേക്ക് ഇന്ധനവില ഉയർന്നിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതിയിൽ ഇളവ് നൽകാൻ ആലോചിക്കുന്നില്ല.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം 18 ദിവസത്തെ ഇടവേളക്കുശേഷം മേയ് മൂന്നിനാണ് ഇന്ധന വിലയിൽ ആദ്യവർധന എണ്ണക്കമ്പനികൾ വരുത്തിയത്. പിന്നീട് ഒന്നും രണ്ടും ദിവസത്തെ ഇടവേളയിൽ തുടർച്ചയായി വില വർധിപ്പിച്ചു. ശുദ്ധീകരിച്ച ഇന്ധനത്തിെൻറ ആഗോള വിലയും ഡോളർ വിനിമയ നിരക്കും കണക്കാക്കി 15 ദിവസത്തെ ശരാശരി വില അളവുകോലാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.