എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് പെട്രോൾ, ഡീസൽ വില
text_fieldsന്യൂഡൽഹി: ജനജീവിതത്തിന് കടുത്ത വെല്ലുവിളിയുയർത്തി രാജ്യത്ത് പെട്രോളിെന്റയും ഡീസലിെന്റയും വില അനിയന്ത്രിതമായി കുതിക്കുന്നു. ലിറ്ററിന് യഥാക്രമം 25 പൈസയും 30 പൈസയും വർധിച്ച് സർവകാല റെക്കോഡിലാണ് നിലവിലെ വില. സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ എണ്ണ വ്യാപാരികളുടെ അറിയിപ്പ് അനുസരിച്ച് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 101.89 രൂപയായും മുംബൈയിൽ 107.95 രൂപയായും ഉയർന്നു.
ഡീസൽ നിരക്ക് ഡൽഹിയിൽ 90.17 രൂപയിലും മുംബൈയിൽ 97.84 രൂപയിലും എത്തി. ഈയാഴ്ചത്തെ മൂന്നാമത്തെ വർധനയോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ മിക്കതിലും പെട്രോൾ വില 100രൂപക്ക് മുകളിലാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ പല നഗരങ്ങളിലും ഒരാഴ്ചക്കിടെയിലെ ആറാമത്തെ വർധനയിൽ ഡീസൽ നിരക്ക് 100രൂപക്ക് മുകളിലെത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവ സെപ്റ്റംബർ 24ന് പ്രതിദിന വില പരിഷ്കരണം പുനരാരംഭിച്ചു. അന്നു മുതലുള്ള ആറ് വർധനകളിൽ ഡീസൽ ലിറ്ററിന് 1.55 പൈസയും ഈ ആഴ്ച മാത്രം മൂന്നു തവണകളായി പെട്രോൾ ലിറ്ററിന് 75 പൈസയുമാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ആഗോളവിപണിയിൽ എണ്ണവില കൂടിയെന്ന പതിവു വാദമുന്നയിച്ചാണിത്. ക്രൂഡോയിൽ ബാരലിന് 78 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നതെന്നും മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.