പെട്രോൾ ലിറ്ററിന് 50 രൂപയായി; പക്ഷേ, പാകിസ്താനിൽ ആണെന്നുമാത്രം!.. വിവിധ രാജ്യങ്ങളിലെ വിലയറിയാം
text_fieldsതിരുവനന്തപുരം: നോട്ടുനിരോധനത്തിന്‍റെ ഗുണഗണങ്ങളായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറഞ്ഞ ഒരു സുപ്രധാന കാര്യമായിരുന്നു, 'നോട്ടുനിരോധനം വഴി പെട്രോളിനും ഡീസലിനും 50 രൂപയായി കുറയും'' എന്നത്. അഞ്ചാണ്ട് മുമ്പ് സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. പക്ഷേ, അതങ്ങ് പാകിസ്താനിലാണെന്ന് മാത്രം.
52.12 ഇന്ത്യൻ രൂപയാണ് പാകിസ്താനിൽ ജൂൺ 21ലെ പെട്രോൾ വില. ഡീസലിന് 52.99 രൂപയും. ഇന്ത്യയിൽ കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ഇന്ന് പെട്രോൾ വില 100 കടന്നു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയേക്കാൾ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന നമ്മുടെ അയൽരാജ്യം നേർ പകുതി വിലയ്ക്ക് പെട്രോളും ഡീസലും വിൽക്കുന്നത്.
കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്പനികൾ വില വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് നാലിനാണ് എണ്ണവില വീണ്ടും വർധിക്കാൻ തുടങ്ങിയത്.
ഒന്നര രൂപക്ക് ഒരു ലിറ്റർ പെട്രോൾ..
നെറ്റി ചുളിക്കാൻ വരട്ടെ, വെറും ഒന്നര രൂപക്ക് ഒരു ലിറ്റർ െപട്രോൾ ലഭിക്കുന്ന രാജ്യവും ഈ ലോകത്തുണ്ട്. വെനസ്വേലയിലാണ് ഈ അതിശയ വില. വെറും 1.47 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് അവിടെ ഈടാക്കുന്നത്. അതായത്, നമ്മൾ ഇന്ത്യക്കാർ ഒരു ലിറ്റർ പെട്രോൾ അടിക്കുന്ന പണമുപയോഗിച്ച് വെനസ്വേലയിൽ 68 ലിറ്റർ പെട്രോളടിക്കാം.
ലോകത്തെ മുൻനിര എണ്ണ ഉൽപാദക രാജ്യങ്ങളിൽ ഒന്നായ വെനസ്വേലയിൽ പക്ഷേ, ഇപ്പോൾ ഉൽപാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അസംസ്കൃത എണ്ണ ഉൽപാദനം ഇപ്പോൾ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രതിദിനം 1.41 ദശലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിച്ച ഇവിടെ മേയിൽ ശരാശരി 1.36 ദശലക്ഷം ബാരൽ ആയി കുറഞ്ഞു.
ഇറാനാണ് എണ്ണ വില വളരെ കുറവുള്ള മറ്റൊരു രാജ്യം. 4.81 രൂപയാണ് ലിറ്ററിന് വില. അംഗോള, അള്‍ജീരിയ, കുവൈത്ത് എന്നിവിടങ്ങളിൽ 30 രൂപയിൽ താഴെയാണ് വില. അഫ്ഗാനിസ്ഥാൻ (49.04 രൂപ) ഉൾപ്പെടെ 25 രാജ്യങ്ങളിൽ ലിറ്ററിന് 50 രൂപയിൽ താഴെയാണ് പെട്രോൾ വില.
ശ്രീലങ്കയിൽ 68; ബംഗ്ലാദേശിൽ 76
ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടിയ നിരക്ക് ഇന്ത്യയിലാണ്. ലിറ്ററിന് 185 രൂപയുള്ള ഹോങ്കോങ് മാത്രമാണ് ഇതിനൊരു അപവാദം. 109 രാഷ്ട്രങ്ങളിൽ ഇന്ത്യയേക്കാൾ കുറവാണ് പെട്രോൾ വില.
മറ്റുരാജ്യങ്ങളിലെ വില:
പാകിസ്താന്‍- 52.122
ശ്രീലങ്ക-68.63
ബംഗ്ലാദേശ്-77.92
നേപ്പാള്‍-77.19
ഭൂട്ടാൻ -68.44
യു.എസ് -66.94
അർജന്‍റീന -75.02
ചൈന -85.11
ജപ്പാൻ -101.82
കേരളത്തിൽ 100 കടന്നു
സംസ്ഥാനത്ത് മിക്കയിടങ്ങളിലും വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു. തിരുവനന്തപുരം പാറശാലയിലെ ഭാരത് പെട്രോളിയം പമ്പിൽ ലിറ്ററിന് 100.04 രൂപയും ഇടുക്കി ജില്ലയിലെ പൂപ്പാറ, ആനച്ചാൽ, രാജകുമാരി എന്നിവിടങ്ങളിൽ 100.09 രൂപയുമാണ് വില.
ഇന്ന് മാത്രം പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് എട്ടു പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 99.27 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.72ഉം ഡീസലിന് 93.10 രൂപയുമാണ് വില.
കോഴിക്കോട് പെട്രോളിന് 98.23ഉം ഡീസലിന് 93.43 രൂപയുമാണ് വില. കേരളത്തിൽ പ്രീമിയം പെട്രോളിന്‍റെ വില മേയ് എട്ടിന് 100 കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.