വിലയിടിവ്; റബർ കർഷകർ ‘കണ്ണീരിൽ’
text_fieldsഅടിമാലി : റബറിന്റെ വിലയിടിവും കാലാവസ്ഥ വ്യതിയാനവും മൂലം മലയോര കർഷകർ തീരാദുരിതത്തിലായി. വില ഉയർന്ന ശേഷം പെട്ടെന്ന് താഴ്ന്നത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. കഴിഞ്ഞദിവസം ആര്.എസ്.എസ് നാലിന് 179 രൂപയും അഞ്ചാം ഗ്രേഡിന് 173 രൂപയുമായിരുന്നു വിപണിവില. ലോട്ട് ഷീറ്റിന് 163 രൂപയായി. ഇതിലും അഞ്ച് രൂപ കുറച്ചാണ് വ്യാപാരികള്‍ ഷീറ്റ് എടുക്കുന്നത്. ഒരു മാസത്തിനുള്ളില്‍ 70 രൂപയോളം കുറഞ്ഞത് കര്‍ഷകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
പലരും റബർകൃഷി തന്നെ ഉപേക്ഷിക്കുകയാണ്. കൂലി നൽകി ടാപ്പിങ് നടത്തിയാല്‍ കൂലിച്ചെലവ് കഴിഞ്ഞാല്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ റബർ കൃഷി കൂടുതലായി ചെയ്യുന്നുണ്ട്. റബര്‍വില കിലോ 250 രൂപയെങ്കിലും കിട്ടിയാലേ കര്ഷകന് പിടിച്ചുനില്ക്കാന് കഴിയൂവെന്നും അല്ലെങ്കില്‍ റബര്‍ കൃഷി ഇല്ലാതാകുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനം റബർപ്പാൽ ഉല്പാദനം കുറച്ചിട്ടുണ്ട്.
ഒരു ഹെക്ടറിന് 2,500 കിലോഗ്രാം ഷീറ്റ് കിട്ടിയിരുന്നിടത്ത് ഇപ്പോൾ 1500 മുതൽ 1700 വരെയാണ് ലഭിക്കുന്നത്. കിലോഗ്രാമിന് 260 രൂപ വരെ കിട്ടിയിരുന്നിടത്ത് ഇപ്പോൾ കർഷകന് ലഭിക്കുന്നത് 160 രൂപയാണ്. വില സ്ഥിരത ഫണ്ടും പലര്‍ക്കും കൃത്യമായി ലഭിച്ചിട്ടില്ല. മിക്ക തോട്ടങ്ങളും റീപ്ലാന്റ് ചെയ്യുന്നതും നീളുകയാണ്. രണ്ടുമൂന്ന് വർഷമായി നഴ്സറികളില്‍ റബർതൈകൾ കെട്ടിക്കിടക്കുകയാണ്. ആവർത്തനക്കൃഷി നടത്താതെ തെങ്ങ്, കുരുമുളക്, കമുക്, വാഴ, ജാതി എന്നിവ നടുന്ന കർഷകരുമുണ്ട്.
അഞ്ചേക്കർ റബർ ടാപ്പിങ് നടത്തിയ ശേഷം കൂലിയും വളത്തിന്റെയും പരിചരണത്തിന്റെയും പണവും കഴിച്ചാൽ ലാഭമല്ല നഷ്ടമാണെന്ന് കർഷകനായ മാര്ട്ടിന് കണക്ക് സഹിതം വ്യക്തമാക്കുന്നു. സ്വന്തമായി ടാപ്പിങ് ചെയ്യുന്നവർക്ക് കൂലിച്ചെലവ് മാത്രം ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.