വിലയേറും; മഷി മുതൽ പമ്പ് സെറ്റ് വരെ
text_fieldsന്യൂഡൽഹി: മഷി, തുകൽ ഉൽപന്നങ്ങൾ, എൽ.ഇ.ഡി ലൈറ്റ്, ചെരിപ്പ്, പമ്പ് സെറ്റുകൾ, ഇഷ്ടിക, ഭൂപടങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾക്ക് വില കൂടും. ചരക്കുസേവന നികുതി (ജി.എസ്.ടി) നിരക്കിലെ മാറ്റം മൂലമാണിത്. ബാങ്ക് ചെക്കുകൾക്ക് ജി.എസ്.ടി ബാധകം. പ്രതിദിനം 1,000 രൂപ വരെയുള്ള ഹോട്ടൽ മുറികൾക്ക് ഇനി 12 ശതമാനം ജി.എസ്.ടി. അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഇളവ് അനുവദിച്ചു. പുതിയ മാറ്റങ്ങൾ ജൂലൈ 18ന് പ്രാബല്യത്തിൽ വരും.
കൊപ്ര, സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടി പരിപ്പ് പോലുള്ളവയുടെ സംഭരണ-ശേഖരണത്തിന് ജി.എസ്.ടി ഈടാക്കും. ചിട്ടി കമ്പനി സേവനങ്ങൾക്കും നികുതി കൂട്ടി. ആശുപത്രികളിൽ 5,000 രൂപക്കു മുകളിൽ പ്രതിദിന വാടക നൽകേണ്ട മുറികൾക്ക് അഞ്ചു ശതമാനം ജി.എസ്.ടി (ഐ.സി.യുവിന് ബാധകമല്ല). പരിശീലന, വിനോദ, കായിക കേന്ദ്രങ്ങൾക്കും ജി.എസ്.ടി വരുന്നു.
മാങ്ങ വിഭവങ്ങൾക്ക് 12 ശതമാനം ജി.എസ്.ടി. പച്ചമാങ്ങക്ക് ഇല്ല. ഫ്ലൈ ആഷ് ഉപയോഗിച്ചുള്ള കട്ടകൾക്ക് അഞ്ചു ശതമാനം ഇളവ്. ബ്രാന്റ് ചെയ്യാത്ത ഭക്ഷ്യസാധനങ്ങൾ, ധാന്യങ്ങൾ, തൈര്, ലസി, നെയ്യ് എന്നിവക്ക് ജി.എസ്.ടി വേണ്ടെന്നുവെച്ചു. മാംസം, മത്സ്യം, പനീർ, ലസി, ബട്ടർമിൽക്, തൈര്, ഗോതമ്പു പൊടി, തേൻ, പപ്പടം, ഭക്ഷ്യധാന്യങ്ങൾ എന്നിവക്ക് വില കൂടും.
ചണ്ഡിഗഢിൽ നടന്ന രണ്ടു ദിവസത്തെ ജി.എസ്.ടി കൗൺസിൽ യോഗമാണ് മന്ത്രിതല സമിതി ശിപാർശകൾ ചർച്ച ചെയ്ത് നിരക്കുമാറ്റം അംഗീകരിച്ചത്. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരാണ് ജി.എസ്.ടി കൗൺസിൽ അംഗങ്ങൾ. ജി.എസ്.ടി ഇനി യു.പി.ഐ, ഐ.എം.പി.എസ് എന്നീ സംവിധാനങ്ങൾ വഴിയും നികുതി അടക്കാൻ സംവിധാനമൊരുക്കാനും തീരുമാനിച്ചു.
വില കൂടുന്നവ
● ജി.എസ്.ടി 12ൽ നിന്ന് 18 ശതമാനമാകുന്ന ഉൽപന്നങ്ങൾ
മഷി, അച്ചടി മഷി
കത്തികൾ, പെൻസിൽ ഷാർപ്നർ, ബ്ലേഡ്, സ്പൂൺ, ഫോർക്
പമ്പ് സെറ്റുകൾ, സൈക്കിൾ പമ്പ്
മുട്ട, പഴം വേർതിരിക്കുന്ന യന്ത്രങ്ങൾ, ക്ഷീര കർഷക യന്ത്രങ്ങൾ, ശുചീകരണ യന്ത്രങ്ങൾ
എൽ.ഇ.ഡി വിളക്കുകൾ, അവയുടെ സർക്യൂട്ട് ബോർഡ്
വരക്കാനും അടയാളമിടാനുമുള്ള ഉപകരണങ്ങൾ
ട്രെട്ര പാക്-പാക്കേജ് പേപ്പർ
● 5ൽ നിന്ന് 18 ശതമാനമാകുന്നവ
ടാർ, മില്ലുകൾ, വിത്തു വേർതിരിക്കുന്ന യന്ത്രങ്ങൾ
● 5ൽ നിന്ന് 12 ശതമാനമാകുന്നവ
സോളാർ വാട്ടർ ഹീറ്റർ, അനുബന്ധ സംവിധാനങ്ങൾ
തുകൽ ഉൽപന്നങ്ങൾ
ചെലവേറുന്ന സേവനങ്ങൾ
● 12ൽ നിന്ന് 18 ശതമാനമാകുന്നവ
ചിട്ടി കമ്പനി സേവനങ്ങൾ, സ്മാരകം, കനാൽ, ഡാം, പൈപ് ലൈൻ, ജലവിതരണ പ്ലാന്റ്, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയുടെ കരാർ പണികൾ, റോഡ്, പാലം, റെയിൽവേ, ജല ശുദ്ധീകരണം, മെട്രോ, ശ്മശാനം കരാർ പണികൾ
● 5ൽ നിന്ന് 12 ശതമാനമാകുന്നവ
ചെരിപ്പ്, തുകൽ സാധനങ്ങൾ, തുകൽ പണികൾ, ഇഷ്ടിക നിർമാണം, വൻകിട മണ്ണു പണികൾ
..............................
ഇ-വേസ്റ്റ് (5-18), ജൈവ മെഡിക്കൽ മാലിന്യ സംസ്കരണത്തിന് 12 ശതമാനം ജി.എസ്.ടി. മന്തുരോഗ നിയന്ത്രണ ഗുളികക്ക് ഐ.ജി.എസ്.ടി ഒഴിവാക്കി.
കട്ട്-പോളീഷ് ചെയ്ത വജ്രങ്ങൾ (0.25ൽ നിന്ന് 1.5 ശതമാനം)
ചെക്ക്ബുക്ക് നൽകാൻ ബാങ്ക് ഈടാക്കുന്ന നിരക്കിന് 18 ശതമാനം ജി.എസ്.ടി
എല്ലാവിധ ഭൂപടങ്ങൾക്കും 12 ശതമാനം
ചിലയിനം ആഭരണ കല്ലുകൾ അഞ്ചു ശതമാനം
വിമാന-കോപ്ടർ ഭാഗങ്ങൾ 18 ശതമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.