നിക്ഷേപകരുടെ ഒരു ദിവസത്തെ നഷ്ടം 10 ലക്ഷം കോടി; സെൻസെക്സിലും നിഫ്റ്റിയിലും വൻ തകർച്ച
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും വലിയ തകർച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് വ്യാപാരനയം സംബന്ധിച്ച ആശങ്കയും ആഭ്യന്തര കമ്പനികളുടെ അറ്റാദായം കുറഞ്ഞതുമാണ് ഓഹരി വിപണിയുടെ വലിയ തകർച്ചക്കുള്ള കാരണം.
നിഫ്റ്റി 300 പോയിന്റിലേറെ തകർച്ചയോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ 1000ത്തിലേറെ പോയിന്റിന്റെ നഷ്ടമുണ്ടായി. പ്രധാനപ്പെട്ട 13 സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സിൽ സൊമാറ്റോ, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്സ് എന്നിവരാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ ഐഷർ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റൽ, ശ്രീറാം ഫിനാൻസ് എന്നി കമ്പനികളും നഷ്ടത്തിലാണ്.
ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 9.87 ലക്ഷം കോടി കുറഞ്ഞ് 407.95 ലക്ഷം കോടിയായി. സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയാണ് വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ട്രംപിന്റെ വ്യാപാര നയം സംബന്ധിച്ച് ഇപ്പോഴും ആശങ്കകൾ നിലനിൽക്കുകയാണ്. ഇതു വിപണി തകരാനുള്ള കാരണമാണ്.
സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യൻ കമ്പനികൾ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്. വിദേശ നിക്ഷേപകർ വൻതോതിൽ പണം പുറത്തേക്ക് കൊണ്ടുപോകുന്നതും യു.എസിൽ ബോണ്ട് വരുമാനം ഉയരുന്നതും ഡോളർ കരുത്താർജിക്കുന്നതും വിപണിയുടെ തകർച്ചക്കുള്ള കാരണമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.