ബൈഡന്‍റെയും വാക്സിന്റെയും വരവും, വിദേശ നിക്ഷേപവും; വിപണിയിലെ കുതിപ്പിന്‍റെ കാരണങ്ങളറിയാം
text_fieldsമുംബൈ: ചരിത്രനേട്ടത്തിന്‍റെ നെറുകലാണ് ഇന്ത്യൻ ഓഹരിവിപണി. ആദ്യമായി ഇന്ത്യൻ ഓഹരി വിപണി 50,000തൊട്ടു. കോവിഡ് 19 രാജ്യത്ത് പിടിമുറുക്കിയ 2020 മാർച്ചിൽ റെക്കോർഡ് ഇടിവ് നേരിട്ട വിപണി ഒരു വർഷം തികയുന്നതോടെ ചരിത്ര നേട്ടത്തിലെത്തുകയായിരുന്നു. ഇടിവിന് പിന്നിലെ പ്രധാനകാരണം കോവിഡ് ആയിരുന്നെങ്കിൽ നേട്ടത്തിന് പിന്നിലും 'വൈറസ്' സാന്നിധ്യമുണ്ട്.
രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി വാക്സിൻ ഉപയോഗം ആരംഭിച്ചതോടെയാണ് നേട്ടം സ്വന്തമാക്കാൻ വിപണിക്ക് കഴിഞ്ഞത്. കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതുമുതൽ വിപണിയിൽ പ്രതീക്ഷ തുടങ്ങിയിരുന്നു. ഇതോടെ കഴിഞ്ഞദിവസങ്ങളിൽ വിപണി 50,000ത്തിന് അടുത്തെത്തി. വാക്സിനിലൂടെ കോവിഡ് വ്യാപനം കുറക്കാൻ കഴിയുന്നതോടെ സമ്പദ്വ്യവസ്ഥ ഉണരുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ.
യു.എസിലെ ഭരണമാറ്റമാണ് വിപണിക്ക് അനുകൂലമായ മറ്റൊരു ഘടകം. മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളെ തിരുത്തുന്ന പ്രഖ്യാപനങ്ങളിൽ പ്രസിഡന്‍റ് ജോ ൈബഡൻ ഒപ്പുവെച്ചുകഴിഞ്ഞു. ഇതോടെ ആഗോളവിപണിയിലും ഉണർവുണ്ടായിട്ടുണ്ട്. ആഗോളവിപണിയുടെ ഉണർവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നുണ്ടെങ്കിലും യഥാർഥ കാരണം മറ്റൊന്നാണ്. പുതിയ ഭരണകൂടത്തിന്‍റെ നയങ്ങളിൽ ചൈനയോടുള്ള സമീപനമാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. യു.എസിനും ചൈനക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധം അവസാനിച്ചേക്കാമെന്ന പ്രത്യാശ വിപണിയെ അനുകൂലമായി സ്വാധീനിക്കുകയായിരുന്നു.
യു.എസ് ഡോളറിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ് ഇന്ത്യൻ രൂപക്ക് നേട്ടമാകുകയായിരുന്നു. യു.എസിലെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതാണ് ഡോളറിനെ ചതിച്ചത്.
ഇന്ത്യൻ വിപണിയിലേക്ക് മുൻകാലങ്ങളിൽ കാണാത്ത വിദേശനിക്ഷേപമാണ് ഒഴുകികൊണ്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് പിടിമുറുക്കിയിരുന്നപ്പോഴും വിദേശനിക്ഷേപം കുതിച്ചുയർന്നിരുന്നു. 2020 ഏപ്രിൽ -ആഗസ്റ്റ് മാസങ്ങളിൽ വിദേശനിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 13ശതമാനം ഉയർന്നിരുന്നു.
കോവിഡ് സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ചെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിച്ചു. വാഹനവിപണിയിൽ ഉൾപ്പെടെ ഉണർവുണ്ടായി.
േലാക്ഡൗണിൽ നിക്ഷേപം ഉയർന്നത് സ്വർണത്തിലായിരുന്നുവെങ്കിൽ അതിലൊരു മാറ്റം ഒരാഴ്ചയായി കണ്ടുതുടങ്ങിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ സമീപിച്ചിരുന്നവർ ഓഹരിവിപണിയിലേക്ക് കളം മാറ്റി. ഇത് ഇന്ത്യൻ വിപണിയുടെ തിരിച്ചുവരവിന് കൂടുതൽ വഴിയൊരുക്കുകയും ഭാവി പ്രതീക്ഷ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്ന മറ്റൊന്ന് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റാകും. കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റായതിനാൽ തളർന്ന മേഖലകളെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള പദ്ധതികളുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുമുണ്ടാകും.
വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കകും സെൻസെക്സ് 300 പോയന്‍റ് ഉയർന്ന് 50014.55ൽ എത്തുകയായിരുന്നു. നിഫ്റ്റിയും നേട്ടമുണ്ടാക്കുന്നുണ്ട്. നിഫ്റ്റി ആദ്യമായി 14,700 പോയന്‍റ് കടന്നു. റിലയൻസ് ഇൻഡ്ട്രീസാണ് ഓഹരി വിപണിയിൽ വ്യാഴാഴ്ച നേട്ടം കൊയ്ത ഭീമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.