കൂപ്പുകുത്തി ഓഹരി വിപണി; സെൻസെക്സ് 2400 പോയന്റ് ഇടിഞ്ഞു, രൂപയുടെ മൂല്യവും താഴേക്ക്
text_fieldsന്യൂഡൽഹി: യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 2400 പോയന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയും 463. 5 പോയന്റ് ഇടിഞ്ഞു. കഴിഞ്ഞയാഴ്ച 80,981പോയന്റിലാണ് വിപണി സെൻസെക്സ് അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 2393 പോയന്റ് ഇടിഞ്ഞ് 78,588ലെത്തി. നിഫ്റ്റി 463.50 ഇടിഞ്ഞ് 24,254.20 ലും.
കഴിഞ്ഞാഴ്ചയും വിപണി നഷ്ടത്തിലായിരുന്നു. വിപണിയിടിവിൽ നിക്ഷേപകർക്ക് ഒറ്റയടിക്ക് നഷ്ടമായത് 9.67 ലക്ഷം കോടിയാണ്. നിക്ഷേപകർ ലാഭമെടുത്ത് പിൻവാങ്ങാൻ തുടങ്ങിയതോടെ ഓഹരി വിപണി വൻ തകർച്ച നേരിട്ടു. ഉരുക്ക്, ബാങ്കിങ്, ധനകാര്യം, എണ്ണ, ഐ.ടി ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്. രൂപയുടെ മൂല്യവും ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്കെത്തി. ക്രിപ്റ്റോ കറൻസികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷവും വിപണിയെ സ്വാധീനിച്ചു. യുദ്ധ ഭീതിയും മാന്ദ്യവുമാണ് ക്രൂഡോയിൽ വില ഇടിച്ചത്.
യു.എസ് മാന്ദ്യഭയത്തിൽ ആഗോളവിപണികളും വലിയ തകർച്ച അഭിമുഖീകരിച്ചു. ജപ്പാനിൽ കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചത് അവിടത്തെ ഓഹരി വിപണിയെ തകർച്ചയിലേക്ക് നയിച്ചു. വിപണി ഇടിഞ്ഞതിനെ തുടർന്ന് ദക്ഷിണകൊറിയയിൽ നാലുവർഷത്തിനുശേഷം ആദ്യമായി ഇന്ന് വ്യാപാരം നിർത്തിവെച്ചു.
യു.എസിൽ തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. യു.എസിൽ 1,14000 തൊഴിലുകള്‍ മാത്രമാണ് പുതുതായി സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,15,000 തൊഴിലുകൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നു. ഇതോടെയാണ് യു.എസ് മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വിലയിരുത്തലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.