അടുക്കളയിലെ താരങ്ങൾ
text_fieldsസാങ്കേതികവിദ്യയുടെ കുതിപ്പ് ഏറ്റവും വേഗത്തിൽ പ്രകടമാവുക അടുക്കളയിലാണ്. പരമ്പരാഗത പാചക രീതികൾ അനുദിനം മാറുകയാണ്. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്ത പാചക രീതികളുടെ പരീക്ഷണശാലകൾ കൂടിയാണ് അടുക്കള. ഇതിന് സഹായിക്കുന്ന ഉപകരണങ്ങളുടെ മഹാമേളയാണ് ഗൃഹോപകരണ വിപണി.
വറുത്ത ഭക്ഷ്യവിഭവങ്ങളോടുള്ള മലയാളിയുടെ ഇഷ്ടം കാലങ്ങളായുള്ളതാണ്. എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നവും വരുന്നു. ഭക്ഷണത്തിൽ എണ്ണയുടെ അളവ് ക്രമാതീതമാവുമ്പോഴാണ് ശരീരത്തിന് തിരിച്ചടിയാവുക. എണ്ണയില്ലാതെ അല്ലെങ്കിൽ എണ്ണ പൂർണമായും ഒഴിവാക്കി എങ്ങനെ ഫ്രൈ ചെയ്യാമെന്ന ചിന്തയിൽനിന്നാണ് മൈക്രോവേവ് ഓവനും പിന്നീട് എയർ ഫ്രയറിന്റെയും വരവ്. സ്വാഭാവികമായും ഇരുകൈയും നീട്ടി അടുക്കളയിൽ ഇവ കുടിയിരുത്തിയെന്നുവേണം കരുതാൻ. ഈ രണ്ട് ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യ അനുദിനം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കൂടുതൽ ഓപ്ഷനുകൾ ഉൾപ്പെടുത്തി പാചകരീതി ഏറ്റവും എളുപ്പമാക്കുകയാണ് കമ്പനികൾ.
മൈക്രോവേവ് ഓവനുകൾ
അടുക്കള നേരത്തേ കീഴടക്കിയതാണ് മൈക്രോവേവ് ഓവൻ. ഭക്ഷണം പാകം ചെയ്യുന്നതിനും ചൂടാക്കുന്നതിനും ഇതുപയോഗിക്കുന്നു. ഭക്ഷണപദാർഥത്തിലുള്ള ജലത്തിന്റെ തന്മാത്രകളെ മൈക്രോവേവ് തരംഗങ്ങൾ കടത്തിവിട്ടാണ് ചൂടാക്കുന്നത്.എയർഫ്രയറിൽ ചെയ്യാവുന്ന എല്ലാ പാചകരീതിയും ഓവനിലും ചെയ്യാൻ കഴിയും. എന്നാൽ, കൂടുതൽ അളവിൽ ഫ്രൈ ചെയ്യാൻ അൽപം എണ്ണ ആവശ്യമാണ്. സോളോ, ഗ്രിൽ, കൺവെക്ഷൻ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഓവനുകൾ. പാചകം ചെയ്യാനും വീണ്ടും ഫ്രൈ ചെയ്യാനും ചൂടാക്കാനും സോളോ ഓവൻ മതിയാവും. 4,900 മുതലാണ് ഈ വിഭാഗം ഓവനുകളുടെ വില തുടങ്ങുന്നത്. സോളോയിലെ ഉപയോഗങ്ങൾക്കു പുറമെ ഗ്രിൽ ചെയ്യാനും ഫ്രൈ ചെയ്യാനും ഗ്രിൽ ഓവൻ വേണം. 7,900രൂപ മുതലാണ് ഗ്രിൽ ഓവനുകളുടെ വില. സോളോ, ഗ്രിൽ എന്നിവയിലെ ഉപയോഗത്തിനു പുറമെ ബേക്കിങ് കൂടിയുള്ളതാണ് കൺവെക്ഷൻ ഓവനുകൾ. 9,900മുതലാണ് ഈ മോഡലുകളുടെ വില തുടങ്ങുന്നത്. കേക്ക് ഉണ്ടാക്കാൻ കൺവെക്ഷൻ ഓവൻ വേണം.
എയർഫ്രയറുകൾ
മൈക്രോവേവ് ഓവനുകൾ അടുക്കളയിൽ ഇടംപിടിച്ചിട്ട് വർഷങ്ങളായി. ഇതിന്റെ സ്ഥാനത്തേക്കാണ് എയർഫ്രയറിന്റെ വരവ്. എണ്ണ ഒട്ടും ഉപയോഗിക്കാതെയോ അൽപം ഉപയോഗിച്ചോ എയർഫ്രയറിൽ പാചകം ചെയ്യാൻ സാധിക്കും. റസ്റ്റാറന്റുകളിൽ ലഭിക്കുന്ന ഫ്രൈ വിഭവങ്ങൾ എയർ ഫ്രയറിൽ പാചകം ചെയ്യാം. വൈദ്യുതിയും താരതമ്യേന കുറച്ചുമതിയാവും. രുചികരമായ ക്രിസ്പി ഫ്രഞ്ച് ഫ്രൈകൾ, ചിക്കൻ വിങ്സ് എന്നിവ ഉണ്ടാക്കാൻ എയർഫ്രയറുകൾ ഏറെ അനുയോജ്യമാണ്. കോഴി, മത്സ്യം തുടങ്ങിയവ എയർഫ്രയറിലൂടെ വറുത്തെടുക്കാൻ കഴിയും. ചൂടുള്ള വായു സർക്കുലേറ്റ് ചെയ്ത് വേവിക്കുന്നതാണ് എയർ ഫ്രയറിലെ രീതി. സാധാരണ പൊരിക്കുന്നതിന്റെ 80മുതൽ 90 ശതമാനം വരെ കുറവ് എണ്ണ മതി ഇതിന്. 2,900 മുതൽ 12,000 വരെ വിലയുള്ള എയർ ഫ്രയറുകൾ വിപണിയിലുണ്ട്. പ്രമുഖ ഗൃഹോപകരണ കമ്പനികളുടെയെല്ലാം എയർ ഫ്രയറുകൾ വിപണിയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.