സംവത്-2080: വിപണി പ്രതീക്ഷയിൽ
text_fieldsമുംബൈ: നവംബറിൽ തുടർച്ചയായ രണ്ടാം ആഴ്ചയും ഓഹരി വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ടെക്നോളജി ഒഴികെ മറ്റ് സെക്ടറുകളിലെല്ലാം ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമാണ്. സംവത് 2080ന്റെ ആദ്യ ആഴ്ചയിൽ വിപണിയിൽ നേട്ടമുണ്ടാകാൻ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. യു.എസിലേയും ഇന്ത്യയിലേയും പണപ്പെരുപ്പനിരക്ക്, ആഗോള മാർക്കറ്റിലെ ചലനങ്ങൾ, എണ്ണവില, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങൾ എന്നിവയായിരിക്കും ഈ ആഴ്ച വിപണിയെ സ്വാധീനിക്കുക.
മുഹൂർത്ത വ്യാപാരത്തിനായി നവംബർ 12 ഞായറാഴ്ച ഒരു മണിക്കൂർ സമയം വിപണി തുറന്നിരിക്കും. പുതിയ ആഴ്ചയിലേക്ക് ഓഹരി വിപണി കടക്കുമ്പോൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ്.
യു.എസ് പണപ്പെരുപ്പം
യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ നവംബർ 14ന് പുറത്ത് വരും. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 3.5 ശതമാനത്തിൽ താഴെയാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ പണപ്പെരുപ്പം 3.7 ശതമാനമായിരുന്നു. ഇത് വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കും
ഗ്ലോബൽ ഇക്കണോമിക് ഡാറ്റ
പണപ്പെരുപ്പം റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾക്കൊപ്പം ഫെഡറൽ വകുപ്പ് ഉദ്യോഗസ്ഥരായ കുക്ക്, ജെഫേഴ്സൺ, ബാർ, മെസ്റ്റർ, ഗുൽസ്ബി, വില്യംസ്, വാല്ലർ, ഡാലി എന്നിവരുടെ സാമ്പത്തിക വിലയിരുത്തലുകളും ഓഹരി വിപണിയെ സ്വാധീനിച്ചേക്കും.
ഇതിനൊപ്പം യു.എസിന്റെ ജോബ് ഡാറ്റ, റീടെയിൽ വിൽപന, യുറോപ്പിലെ ഒക്ടോബറിലെ പണപ്പെരുപ്പം, ചൈനയിലെ റീടെയിൽ വിൽപന വിവരങ്ങൾ, യു.കെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ എന്നിവയും പുറത്ത് വരും. ഇതും അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കും.
എണ്ണവില
ബ്രെന്റ് ക്രൂഡോയലിന്റെ ഭാവി വിലകൾ വൻതോതിൽ കുറയുകയാണ്. 80 ഡോളറിന് താഴേക്ക് വിലയെത്തുമെന്ന് പ്രവചനമുണ്ട്. കഴിഞ്ഞ കുറേ ആഴ്ചകളായി ഓഹരി വിപണികളുടെ മികച്ച പ്രകടനത്തിന് പിന്നിൽ എണ്ണവില കുറയുന്നതും കാരണമാവുന്നുണ്ട്. വരും ദിവസങ്ങളിലും എണ്ണവില കുറയാൻ തന്നെയാണ് സാധ്യത. ഇതും വിപണിയെ സ്വാധീനിക്കും.
സംവത്-2080: വിപണി പ്രതീക്ഷയിൽ
വിദേശനിക്ഷേപകർ വിപണിയിൽ എത്രത്തോളം പണമിറക്കുന്നുവെന്നതും നിർണായകമാണ്. നവംബറിലും അവർ വിൽപനക്കാരായി തുടരുകയാണ്. 6100 കോടി രൂപയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റെങ്കിലും 6000 കോടിയുടെ ഓഹരികൾ വാങ്ങി ആഭ്യന്തര നിക്ഷേപകർ വിപണിയുടെ രക്ഷക്കെത്തി. യു.എസിലെ ട്രഷറി വരുമാനം കുറഞ്ഞത് ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപകരുടെ ഒഴുക്കിനേയും സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.