ദീപാവലി വെടിക്കെട്ട് പ്രതീക്ഷിച്ച് ഓഹരി വിപണി
text_fieldsകൊച്ചി: നിക്ഷേപകരുടെ സ്വപ്‌നങ്ങൾക്ക് നിറംപകരാൻ ദീപാവലിയുടെ വെടിക്കെട്ടിന് ഓഹരി വിപണി തിരികൊളുത്തി. ആറ് പ്രവർത്തി ദിനങ്ങൾ കൊണ്ട് സെൻസെക്‌സ് 2071 പോയിന്റ് മുന്നേറിയപ്പോൾ സൂചിക പോയവാരം രണ്ട് ശതമാനം നേട്ടം സ്വന്തമാക്കി. ബോംബെ സൂചിക 1441 പോയിന്റ് നിഫ്‌റ്റി 390 പോയിന്റും പ്രതിവാര മികവിലാണ്.
വിദേശ ഫണ്ടുകൾ വാരത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനക്കാരുടെ മേലങ്കി അഴിച്ചു മാറ്റിയതോടെ വിപണിയിൽ ബുൾ തരംഗം അലയടിച്ചു. വാരത്തിന്റെ അവസാന രണ്ട് ദിവസങ്ങളിൽ വിദേശ ഓപ്പറേറ്റർമാർ 2304 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടി.
മുൻനിര ഇൻഡക്‌സുകൾക്ക് ഒപ്പം ഓഹരി വിലകളും മുന്നേറിയതിനിടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ലാഭമെടുപ്പിന് നീക്കം നടത്തി. അവസാന രണ്ട് ദിവസങ്ങളിൽ അവർ 1006 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപ സർവകാല റെക്കോർഡ് തകർച്ചയെ അഭിമുഖീകരിച്ച ശേഷം നേരിയ തോതിൽ മികവ് കാണിച്ചു. തിരിച്ച് വരവിന് അവസരം ഒരുക്കിയത് വിദേശ ഫണ്ടുകളുടെ ഓഹരി വാങ്ങലായിരുന്നു. രൂപ 82.30 ൽ നിന്നും വിനിമയ നിരക്ക് 83.26 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാന്ത്യം 82.67 ലേയ്‌ക്ക് മെച്ചപ്പെട്ടങ്കിലും തൊട്ട് മുൻവാരവുമായി വിലയിരുത്തുമ്പോൾ രൂപയ്‌ക്ക് 37 പൈസയുടെ മൂല്യ തകർച്ച.
ബോംബെ സൂചിക 57,919 ൽ നിന്നുള്ള കുതിപ്പിൽ പോയവാരം വ്യക്തമാക്കിയ 58,550‐59,180 മേഖലയിലെ പ്രതിരോധങ്ങൾ തകർത്ത് 59,590 പോയിൻറ്റ് വരെ ഉയർന്നു. വെളളിയാഴ്‌ച്ച ഇടപാടുകളുടെ ആദ്യ പകുതിയിലെ ശക്തമായ മുന്നേറ്റത്തിനിടയിൽ ഒരു വിഭാഗം ഫണ്ടുകളും ഊഹക്കച്ചവടക്കാരും ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം ചെറിതോതിലുളള സാങ്കേതിക തിരുത്തലുകൾക്ക് കാരണമായി.
എന്നാൽ ഇടപാടുകളുടെ അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം വിപണിയെ വീണ്ടും സജീവമാക്കി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 59,361 പോയിന്റിലാണ്. ഈ വാരം സൂചിക 60,000 പോയിന്റിലെ ആദ്യ പ്രതിരോധം തകർക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത് മറികടന്നാൽ വിപണിയുടെ അടുത്ത ലക്ഷ്യം 60,675 പോയിന്റായി മാറും. വിൽപ്പന സമ്മർദ്ദം വാരത്തിന്റെ രണ്ടാം പകുതിയിൽ അനുഭവപ്പെട്ടാൽ 58,270 ൽ താങ്ങ് നിലവിലുണ്ട്.
നിഫ്‌റ്റി സൂചികയിൽ 2.27 ശതമാനം ഉണർവുണ്ടായി. മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം ഓരോ ദിവസവും വർദ്ധിച്ചതിനൊപ്പം സൂചിക 17,185 പോയിൻറ്റിൽ നിന്നും 17,500 ലെ നിർണായക കടമ്പ മറികടന്നതിനൊപ്പം മുൻ വാരം സൂചിപ്പിച്ച 17,550 ലേയ്‌ക്ക് ദീപാവലി വേളയിൽ വിപണി അടുത്തു. വ്യാപാരാന്ത്യം സൂചിക 17,576 പോയിന്റിലാണ്. തിങ്കളാഴ്‌ച്ച വൈകിട്ട് നടക്കുന്ന ദീപാവലി മുഹൂത്ത വ്യാപാരത്തിൽ സൂചിക ലക്ഷ്യമിടുക 17,657‐17,738 നെയാവും. വിപണിയുടെ പ്രതിദിന ചാർട്ട് നൽക്കുന്ന സൂചന വിലയിരുത്തിയാൽ ഈ വാരം സപ്പോർട്ട് 17,240‐16,900 റേഞ്ചിലാണ്.
മുൻ നിര ബാങ്കിങ് ഓഹരിയായ ആക്‌സിസ് ബാങ്ക് ഓഹരി വില 12 ശതമാനം വർദ്ധിച്ച് 900 രൂപയിലെത്തി. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആർ.ഐ.എൽ, ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്.സി.എൽ ടെക്, സൺ ഫാർമ്മ, ഡോ റെഡീസ്, എയർടെൽ, ടാറ്റാ സ്‌റ്റീൽ, എച്ച്.യു. എൽ, എം ആൻറ് എം, മാരുതി ഓഹരികൾ മികവ് കാണിച്ചു. എച്ച്.ഡി.എഫ്.സി, എൽ ആൻറ് ടി, ഇൻഡസ് ബാങ്ക് ഓഹരി വിലകൾ താഴ്‌ന്നു.
ഗുജറാത്തി പുതു വർഷമായ സംവത് 2079 നെ പ്രതീക്ഷയോടെ നിക്ഷേപകർ ഉറ്റുനോക്കുന്നത്. 2078 സംവത് വർഷത്തിൽ നിക്ഷേപകർ 11.3 ലക്ഷം കോടിയുടെ നേട്ടം സ്വന്തമാക്കിയെങ്കിലും സെൻസെക്‌സ് ഒരു വർഷകാലയളവിൽ 465 പോയിൻറ്റ് നഷ്‌ടത്തിലാണ്. റഷ്യ‐ഉക്രയിൻ യുദ്ധവും നാണയപെരുപ്പവും കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ അടിക്കടി വരുത്തിയ വർദ്ധനവുമെല്ലാം വിപണിയെ സമ്മർദ്ദത്തിലാക്കി. അതേ സമയം 2077 സംവത് വർഷത്തിൽ ഇന്ത്യൻ മാർക്കറ്റ് 38 ശതമാനം ഉയർന്നിരുന്നു. കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലാണ് ഇത്ര ശക്തമായ കുതിച്ചു ചാട്ടം കാഴ്‌ച്ചവെക്കാൻ അന്ന് ബോംബെ സെൻസെക്‌സിനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.