വീണ്ടും തളർന്ന് വിപണി; ഈയാഴ്ച സെൻസെക്സ് 63,000 പോയിന്റിലേക്ക് ചുവടുവെക്കുമെന്ന് പ്രതീക്ഷ
text_fieldsകൊച്ചി: ഓഹരി സൂചികയ്‌ക്ക് വീണ്ടും തളർച്ച. ബുൾ ഓപ്പറേറ്റർമാരുടെ നിയന്ത്രണത്തിലാണ് വിപണിയെങ്കിലും ഉയർന്ന തലത്തിൽ അവർ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയത് കരുത്ത് ചോർത്തി. ഫണ്ടുകളിൽ നിന്നും ഉടലെടുത്ത വിൽപ്പന സമ്മർദത്തിൽ സെൻസെക്‌സ് 298 പോയിൻറ്റും നിഫ്‌റ്റി സൂചിക 111 പോയിൻറ്റും ഇടിഞ്ഞു.
വിദേശ ഫണ്ടുകളുടെ പിൻതുണയിലാണ് സൂചിക പിന്നിട്ട ഏതാനും ആഴ്‌ച്ചകളിൽ മികവ് നിലനിർത്തിയത്. അതേ സമയം യു.എസ് മാർക്കറ്റിലെ മാന്ദ്യം ഇന്ത്യയിലും ചെറിയ അളവിൽ പ്രതിഫലിക്കുന്നുണ്ട്. ചൈന, കൊറിയൻ വിപണികൾ ഒഴികെ ഏഷ്യയിലെ മറ്റ് ഓഹരി ഇൻഡക്‌സുകൾ എല്ലാം നേട്ടത്തിലാണ് വാരാന്ത്യം വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ മാർക്കറ്റുകൾ മികവിലാണ്. യു.എസ് ഡെറ്റ് സീലിംഗ് ചർച്ചകൾ നിക്ഷേപകരുടെ ആത്‌മവിശ്വാസം വർധിപ്പിക്കാം.
ബോംബ സെൻസെക്‌സ് 62,027 പോയിന്റിൽ നിന്നുള്ള മുന്നേറ്റത്തിൽ 62,444 പ്രതിരോധം തകർത്ത് 62,559 വരെ ഉയർന്നശേഷം ക്ലോസിങിൽ 61,729 പോയിൻറ്റിലാണ്. ഈ വാരം 62,441 ലെ ആദ്യ പ്രതിരോധം തകർക്കാൻ ബുൾ ഓപ്പറേറ്റർമാർക്ക് കഴിഞ്ഞാൽ അവർ സൂചികയെ 63,154 ലേയ്‌ക്ക് കൈപിടിച്ച് ഉയർത്താം. പ്രതികൂല വാർത്തകൾ നിക്ഷേപകരെ സ്വാധീനിച്ചാൽ സെൻസെക്‌സിന് 61,133-60,538 സപ്പോർട്ടുണ്ട്. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഡെയ്‌ലി ചാർട്ടിൽ പാരാബോളിക്ക് എസ് ഏ ആർ സെല്ലിങ് മൂഡിലേയ്‌ക്ക് പ്രവേശിച്ചു. അതേ സമയം സൂപ്പർ ട്രെൻറ് ബുള്ളിഷാണ്.
നിഫ്‌റ്റി 18,200 ലെ നിർണായക സപ്പോർട്ട് നിലനിർത്തിയത് പ്രദേശിക നിക്ഷേപകർക്ക് ആശ്വാസം പകർന്നു. 18,314 ൽ നിന്നുള്ള കുതിപ്പിൽ 18,450 ലെ പ്രതിരോധമേഖലയിൽ എത്തിയതോടെ ഫണ്ടുകൾ ലാഭമെടുപ്പിന് കാണിച്ച തിടുക്കം മൂലം 18,060 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം നിഫ്‌റ്റി 18,203 പോയിന്റിലാണ്. ഈ വാരം 18,425-18,640 ലേയ്‌ക്ക് മുന്നേറാൻ ശ്രമം നടത്താം, വിപണിക്ക് 18,023 ൽ ആദ്യ സപ്പോർട്ട് നിലനിൽക്കുന്നു.
മുൻ നിര ഓഹരികളായ സൺ ഫാർമ്മ, സിപ്ല, ഡോ: റെഡീസ്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, മാരുതി, ടാറ്റാ സ്‌റ്റീൽ, ബജാജ് ഓട്ടോ, ടി.സി.എസ്,ആർ.ഐ.എൽ, ടാറ്റാ സ്‌റ്റീൽ, തുടങ്ങിയവയ്‌ക്ക് തിരിച്ചടി നേരിട്ടു. ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, എയർ ടെൽ, ടെക് മഹീന്ദ, ഇൻഡസ് ബാങ്ക് ഓഹരി വിലകൾ ഉയർന്നു.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 81.15 ൽ നിന്നും 82.89 ലേയ്‌ക്ക് ദുർബലമായെങ്കിലും വാരാന്ത്യം വിനിമയ നിരക്ക് 82.60 ലാണ്. വിദേശ നിക്ഷേപകർ 4211 കോടി രൂപ നിക്ഷേപിച്ചു. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷപം 17,376 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ പോയവാരം 1262 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനൊപ്പം 1940 കോടി രൂപയുടെ വിൽപ്പനയും നടത്തി.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 2010 ഡോളറിൽ ഇടപാടുകൾ പുനരാരംഭിച്ചെങ്കിലും കൂടുതൽ മുന്നേറാൻ അവസരം ലഭിച്ചില്ലെന്ന് മാത്രമല്ല, 2000 ഡോളറിലെ നിർണായക താങ്ങ് തകർത്ത് 1951 ഡോളറിലേയ്‌ക്ക് ഇടിയുകയും ചെയ്‌തു. വാരാന്ത്യം ഔൺസിന് 1977 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.