ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കടിഞ്ഞാൺ വീഴുമോ
text_fieldsകൊച്ചി: പുതിയ ഉയരങ്ങൾ സ്വന്തമാക്കി ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ വീണ്ടും മുന്നേറി. ബോംബെ സെൻസെക്‌സ് 66,000 പോയിൻറ്റിലേയ്‌ക്കും നിഫ്‌റ്റി 19,500 ന് മുകളിലുമാണ് വാരാവസാനം. വിപണി ഒരു ശതമാനത്തിൽ അധികം നേട്ടം കൈവരിച്ചു. സെൻസെക്‌സ് 780 പോയിൻറ്റും നിഫ്‌റ്റി 232 പോയിൻറ്റും വർദ്ധിച്ചു. മൂന്നാഴ്‌ച്ചകളിൽ സെൻസെക്‌സ് 3080 പോയിൻറ്റും നിഫ്‌റ്റി 897 പോയിൻറ്റും മുന്നേറിയ ആവേശത്തിലാണ് പ്രാദേശിക നിക്ഷേപകരും.
ടെക്‌നോളജി വിഭാഗം ഓഹരികളിൽ നിറഞ്ഞു നിന്ന വിദേശ നിക്ഷേപം പിന്നീട് മറ്റ് വിഭാഗങ്ങളിലേയ്‌ക്കും വ്യാപിച്ചത് പ്രദേശിക ഓപ്പറേറ്റർമാരെയും തിരക്കിട്ടുള്ള വാങ്ങലുകൾക്ക് പ്രേരിപ്പിച്ചു. വിദേശ ഓപ്പറേറ്റർമാർ 5417 കോടിയുടെ നിക്ഷേപം നടത്തി. ഇന്ത്യൻ മാർക്കറ്റ് സാങ്കേതികമായി ഓവർ ബ്രോട്ടായി മാറിയെങ്കിലും വിദേശ ഫണ്ട് പ്രവാഹം സൂചികയെ ഉയർത്തുകയാണ്.
ബി.എസ്.ഇയിൽ ഇൻഫോസിസ് ടെക്‌നോജി ഓഹരി വില ആറ് ശതമാനം ഉയർന്ന് 1425 രൂപയായി. അഞ്ച് ശതമാനം മികവിൽ ടി.സി.എസ് 3512 ലേയ്‌ക്ക് കയറി. ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ സ്‌റ്റീൽ, ആർ.ഐ.എൽ, സൺ ഫാർമ്മ, എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയിലും ഫണ്ടുകൾ താൽപര്യം കാണിച്ചു. എച്ച്.യു.എൽ, മാരുതി, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.സി.എൽ തുടങ്ങിയവ വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ചു.
സെൻസെക്‌സ് 65,280 ൽ നിന്നും നേട്ടതോടെയാണ് ഇടപാടുകൾ തുടങ്ങിയത്. ഹെവിവെയിറ്റ് ഓഹരികളിൽ നിലനിന്ന വാങ്ങൽ താൽപര്യം സൂചികയെ സർവകാല റെക്കോർഡായ 66,159 വരെ ഉയർത്തി. വെളളിയാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങായ 60,060 പോയിൻറ്റിലാണ് സെൻസെക്‌സ്. ഈ വാരം തുടക്കത്തിൽ 66,398 ലെ പ്രതിരോധത്തെയാണ് സൂചിക ഉറ്റ് നോക്കുന്നത്. ഈ തടസം ഭേദിച്ചാൽ 66,700 ന് മുകളിൽ ഇടം കണ്ടത്താം. വിപണിയുടെ താങ്ങ് 65,480‐64,900 റേഞ്ചിലാണ്.
നിഫ്‌റ്റിയുടെ ദൃഷ്‌ടി 20,000 പോയിൻറ്റിലേയ്‌ക്ക് തിരിഞ്ഞെങ്കിലും ഈ നിർണ്ണായക പ്രതിരോധം ഭേദിക്കാൻ അൽപ്പം കാത്തിരിക്കേണ്ടി വരും. സൂചിക 19,331 ൽ നിന്നുള്ള കുതിപ്പിൽ 19,523 ലെ റെക്കോർഡ് ഭേദിച്ച് 19,595 വരെ കയറി ചരിത്രമായ അവസരത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന് 19,564 പോയിൻറ്റിൽ വ്യാപാരം അവസാനിച്ചു.
രാജ്യത്തിൻറ്റ വിദേശനാണ്യ കരുതൽ ശേഖരം 1.229 ബില്യൺ ഡോളർ ഉയർന്ന് 596.28 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2021 ഒക്ടോബറിൽ വിദേശ നാണയ കരുതൽ ധനം സർവകാല റെക്കോർഡായ 645 ബില്യൺ ഡോളറിൽ എത്തിയിരുന്നു. നിലവിൽ റെക്കോർഡിലേയ്‌ക്കുള്ള ധൂരം 50 ബില്യൻ ഡോളറാണ്.
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഉയർന്നു. വാരാരംഭത്തിൽ 82.74 ൽ നിലകൊണ്ട രൂപ പിന്നീട് ശക്തിപ്രാപിച്ചത് 81.89 ലേയ്‌ക്ക് നീങ്ങിയ ശേഷം വാരാന്ത്യം 82.16 ലാണ്. രൂപയുടെ 83 ലേയ്‌ക്ക് ദുർബലമാകാനുള്ള സാധ്യതകളിലേയ്‌ക്ക് വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിരൽ ചുണ്ടുന്ന കാര്യം വ്യക്തമായതോടെ റിസർവ ബാങ്ക് ഉണർന്ന് പ്രവർത്തിക്കുകയാണ്.
വിവിധ രാജ്യങ്ങളുമായി രൂപ അടിസ്ഥാനത്തിൽ വ്യാപാരം നടത്തുമ്പോൾ കയറ്റുമതി മേഖല നേരിടുന്ന പ്രശ്നങ്ങൾ ആർ ബി ഐ ഇടം പരിഹാരം കണ്ടെത്തുമെന്നാണ് ധനമന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഡോളറിനെ ഒഴിവാക്കി രൂപ അടിസ്ഥാനത്തിൽ കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വന്നങ്കിലും റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ രൂപകെട്ടികിടക്കുന്ന സ്ഥിതിയാണ്.
നിലവിൽ ഒരു ബാർട്ടർ കറൻസിയുടെ റോളിലാണ് രൂപ പ്രവർത്തിക്കുന്നത്. ഇലട്രോണിക്ക് ട്രേഡിങിൽ രൂപ ഇനിയും ഏറെ മുന്നേറാനുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ചൈനീസ് നാണയമായ യുവാനിൽ ഇടപാടുകൾ നടത്താമെന്ന റഷ്യൻ നിലപാട് വിനിമയ വിപണിയിൽ രൂപയുടെ തിളക്കത്തിന് മങ്ങൽ ഏൽപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.