വിൽപനക്കാരായി ആഭ്യന്തര നിക്ഷേപകർ; വിപണികളിൽ തകർച്ച
text_fieldsവിദേശ ഓപ്പറേറ്റർമാരുടെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ ബുള്ളിഷ് മൂഡിൽ നീങ്ങുന്നതിനിടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ബാധ്യതകൾ പണമാക്കാൻ മത്സരിച്ചത് വിപണിയെ പ്രതിവാര നഷ്‌ടത്തിലാക്കി. പുതുവത്സര ദിനത്തിൽ റെക്കോഡ് പ്രകടനത്തോടെ 2024 ലെ ആദ്യ ദിനത്തിന് തിളക്കം പകർന്നങ്കിലും ആ കരുത്ത് പിന്നീട് കാഴ്‌ച്ചവെക്കാൻ സൂചികയ്‌ക്കായില്ല. ബോംബെ സെൻസെക്‌സ് 214 പോയിന്റും നിഫ്‌റ്റി 20 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്.
ബി.എസ്.ഇ ടെക്‌നോളജി, മെറ്റൽ ഇൻഡക്‌സുകൾക്ക് തിരിച്ചടിനേരിട്ടപ്പോൾ റിയാലിറ്റി, ഹെൽത്ത് കെയർ, പവർ ഇൻഡക്‌സുകൾ മികവിലാണ്. മുൻ നിര ഓഹരിയായ ടാറ്റാ സ്‌റ്റീൽ, എം ആൻറ് എം, മാരുതി, എച്ച്.യു.എൽ, വിപ്രോ, ഇൻഫോസീസ്, ടി.സി.എസ്, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയ്‌ക്ക് തളർച്ച. അതേ സമയം താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് ഓപ്പറേറ്റർമാർ കാണിച്ച ഉത്സാഹം ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, സൺ ഫാർമ്മ, ആർ.ഐ.എൽ, എയർടെൽ ഓഹരികൾ നേട്ടമാക്കി.
ബോംബെ സൂചിക 72,240 പോയിന്റിൽ നിന്നും സർവകാല റെക്കോർഡായ 72,561 വരെ മുന്നേറി. ഈ അവസരത്തിൽ ബ്ലൂചിപ്പ് ഓഹരികളിലെ വിൽപ്പന മൂലം സൂചിക 71,359 ലേയ്‌ക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം ക്ലോസിങിൽ അൽപ്പം മികവ് കാണിച്ച് 72,026 പോയിന്റിലാണ്. ഈ വാരം സെൻസെക്‌സിന് 72,605 - 72,184 ൽ പ്രതിരോധം നിലനിൽക്കുന്നു. വിൽപ്പന സമ്മർദ്ദമുണ്ടായാൽ സൂചിക 71,403 - 70,780 ലേയ്‌ക്ക് പരീക്ഷണങ്ങൾ നടത്താം.
നിഫ്‌റ്റി 21,731 പോയിന്റിൽ നിന്നും പുതുവത്സര ദിനം സർവകാല റെക്കോഡായ 21,834 വരെ ഉയർന്നു. സൂചികയിലെ കുതിപ്പിനിടയിലെ ലാഭമെടുപ്പിൽ നിഫ്‌റ്റി 21,500 ലെ നിർണായക താങ്ങിലേയ്‌ക്ക് ഇടിഞ്ഞത് ഊഹക്കച്ചവടക്കാരെ പുതിയ വാങ്ങലുകൾക്ക് പ്രേരിപ്പിച്ചു. വാരത്തിൻറ രണ്ടാം പകുതിയിൽ കരുത്ത് തിരിച്ചു പിടിച്ച് നിഫ്‌റ്റി 21,710 ലേയ്‌ക്ക് ഉയർന്ന് ക്ലോസിങ് നടന്നു. ഡെയ്‌ലി ചാർട്ടിൽ ബുള്ളിഷ് ട്രൻറ് നിലനിർത്തുന്ന നിഫ്‌റ്റി 22,000 നെ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ്. സൂപ്പർ ട്രൻറും, പാരാബോളിക്ക് എസ് ഏ ആർ നിക്ഷേപകർക്ക് അനുകൂലമാണ്. ഇതിനിടയിൽ നിഫ്‌റ്റി ഫ്യൂചർ 21,794 ലേയ്‌ക്ക് താഴ്‌ന്നതിനൊപ്പം ഓപ്പൺ ഇൻറ്ററസ്‌റ്റ് 142.5 ലക്ഷം കരാറിൽ നിന്നും 132.3 ലക്ഷമായി താഴ്‌ന്നു.
വിദേശ ഫണ്ടുകൾ 4812 കോടി രൂപ രൂപ പുതുവർഷത്തിൽ നിക്ഷേപിച്ചു. ഇതിനിടയിൽ അവർ 1522 കോടി രൂപയുടെ ഓഹരികൾ വിൽപ്പനയും നടത്തി. വാരത്തിന്റെ ആദ്യ ദിനം 410 കോടിയുടെ നിക്ഷേപിച്ച ആഭ്യന്തര ഫണ്ടുകൾ പിന്നിടുള്ള ദിവസങ്ങളിൽ 7707 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 83.20 ൽ നിന്നും 83.33 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാന്ത്യം 83.16 ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.