കോവിഡ് രണ്ടാം തരംഗം: ഓഹരി സൂചികകൾ വീണ്ടും സമ്മർദത്തിൽ
text_fieldsകൊച്ചി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതീവ ഗുരുതരമായി തുടരുന്നതിനിടെ ഓഹരി സൂചിക വീണ്ടും സമ്മർദ്ദത്തിൽ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നിത്യേനെ ഉയർന്നത് ചെറുകിട നിക്ഷേപകരെ മാത്രമല്ല, ഫണ്ടുകളെയും വിൽപ്പനക്കാരുടെ മേലങ്കി അണിയാൻ നിർബന്ധിതരാക്കി. രണ്ടാഴ്‌ച്ചകളിൽവിപണി നിലനിർത്തിയ ആവേശം തുടരുമെന്ന് ഒരു വിഭാഗം വിലയിരുത്തിയെങ്കിലും വിദേ ധനകാര്യസ്ഥാപനങ്ങൾക്ക് ഒപ്പം ആഭ്യന്തര മ്യുച്വൽ ഫണ്ടുകളും ബാധ്യതകൾ പണമാക്കാൻ മത്സരിച്ചത്‌പ്രമുഖ ഇൻഡക്‌സുകളുടെ കരുത്ത് നഷ്‌ടപ്പെടുത്തി.
രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായതും രോഗികളുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താൽ ലോക്ക് ഡൗൺ സ്ഥിതി നീണ്ടുനിൽക്കാം, സാമ്പത്തിക വ്യവസായിക മേഖലകളെ പിടികൂടിയ മാന്ദ്യം വരും നാളുകളിൽ രൂക്ഷമാക്കുമെന്നത് കോർപ്പറേറ്റ് ഭീമൻമാർക്കും തിരിച്ചടിയാവും. പിന്നിട്ടവാരം സെൻസെക്‌സ് 473 പോയിൻറ്റും നിഫ്‌റ്റി 145 പോയിൻറ്റും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്‌റ്റി സൂചിക മുൻവാരത്തിലെ 14,823 പോയിൻറ്റിൽ നിന്ന് 14,966 വരെ മുന്നേറിയെങ്കിലും വിപണിക്ക് കഴിഞ്ഞലക്കം സൂചിപ്പിച്ച 14,985 ലെ പ്രതിരോധം മറികടക്കാനായില്ല, ഈ റേഞ്ചിൽ ഓപ്പറേറ്റർമാർ വിൽപ്പനയ്‌ക്ക് ഉത്സാഹിച്ചതോടെ 14,590 ലേയ്‌ക്ക് തളർന്ന നിഫ്‌റ്റി സൂചിക വാരാന്ത്യം 14,677 പോയിൻറ്റിലാണ്. സാങ്കേതികമായി വിപണി സെല്ലിങ് മൂഡിലേയ്‌ക്ക് തിരിഞ്ഞത് ഊഹക്കച്ചവടക്കാരെ വിപണിയിലേയ്‌ക്ക് അടുപ്പിക്കാം.
50 ദിവസങ്ങളിലെ ശരാശരിയായ 14,723 പോയിൻറ്റിലെ സപ്പോർട്ട് നഷ്‌ടമായത് സ്ഥിതി കൂടുതൽ പരിങ്ങലിലുമാക്കാം. ഈ റേഞ്ചിന് മുകളിൽ ഇടം കണ്ടാത്താനാവും ഇനിയുള്ള ദിവസങ്ങളിൽ നിഫ്‌റ്റിയുടെ ശ്രമം. സൂചികയുടെ മറ്റ് സാങ്കേതിക നീക്കങ്ങൾ പരിശോധിച്ചാൽ വരും ദിനങ്ങളിൽ വിപണി കൂടുതൽ ദുർബലമാകാൻ ഇടയുണ്ട്. തിരുത്തൽ സംഭവിച്ചാൽ 14,523 ലും 14,369 പോയിൻറ്റിലും താങ്ങ് പ്രതീക്ഷിക്കാം. അതേസമയം മുന്നേറ്റത്തിന് തുനിഞ്ഞാൽ 14,898 തടസംനേരിടാം.
മുൻ നിര ഓഹരികളിലെ വിൽപ്പന സമ്മർദ്ദം സെൻസെക്‌സിന് മുന്നേറാൻ തടസമായത് കണ്ട് ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികൾ വിറ്റുമാറാൻ തിരക്കിട്ട നീക്കം നടത്തി. 49,206 ൽ നിന്ന് ഒരു വേള 49,617 വരെ മുന്നേറിയ സൂചിക വിൽപ്പനതരംഗത്തിൽ 48,473 ലേയ്‌ക്ക് തളർന്നു. വെളളിയാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ ബോംബെ സൂചിക 48,732 പോയിൻറ്റിലാണ്. ഈവാരം വിപണി 47,796‐49,408 റേഞ്ചിൽ സഞ്ചരിക്കാം. ബാങ്കിങ് ഓഹരികളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി.
ഏഷ്യൻ പെയിൻറ്, കോൾ ഇന്ത്യ, ഐ.ഒ.സി, പവർ ഗ്രിഡ് തുടങ്ങിയവ മികവ് കാണിച്ചപ്പോൾ ജെ .എസ്.ഡബ്ല്യു സ്റ്റീൽ, ഗ്രാസിം, ഹിൻഡാൽകോ, അദാനി പോർട്ട്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയ്‌ക്ക് നിഫ്റ്റിയിൽ തിരിച്ചടിനേരിട്ടു. വിദേശ ഫണ്ടുകൾ 4205 കോടി രൂപയുട ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 1857 കോടിയുടെ വിൽപ്പനയും നടത്തി. അതേ സമയം വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 73.30 ൽനിന്ന് 73.23 ലേയ്‌ക്ക് മെച്ചപ്പെട്ടു.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം മെയ് ആദ്യ വാരം 1.444 ബില്യൺ ഡോളർ ഉയർന്ന്589.465 ബില്യൺ ഡോളറിലെത്തി. ആർ.ബി ഐയുടെ പ്രതിവാര സ്ഥിതി വിവര കണക്കാണിത്. കേന്ദ്ര ബാങ്കിൻറ്റ സ്വർണ്ണ ആസ്തികളുടെ മൂല്യം വർദ്ധിച്ചതാണ് കരുതൽ ശേഖരം ഉയർത്തിയത്.റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം സ്വർണ്ണ ശേഖരം 1.016 ബില്യൺ ഡോളർ ഉയർന്ന് 36.480ബില്യൺ ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 68.71 ഡോളറിലാണ്. ലോക്ക് ഡൗൺമൂലം ഇന്ത്യൻ ഡിമാൻറ് ക്രൂഡ് ഓയിലിന് കുറയുമെന്ന വിലയിരുത്തലിനിടയിൽ അമേരിക്കയിൽ ഉൽപാദനം ഉയരുന്നത് അന്താരാഷ്‌ട്രമാർക്കറ്റിൽ എണ്ണ വിലയെ ബാധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.