സർവകാല റെക്കോർഡിലെത്തുമോ സെൻസെക്‌സ്; പ്രതീക്ഷയിൽ നിക്ഷേപകർ
text_fieldsകൊച്ചി: ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ ആഭ്യന്തര ‐വിദേശ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചത് തുടർച്ചയായ മൂന്നാം വാരത്തിലും പ്രമുഖ ഇൻഡക്‌സുകൾക്ക് നേട്ടം പകർന്നു. നിഫ്‌റ്റി വീണ്ടും റെക്കോർഡ് പുതുക്കി മുന്നേറിയത് വിപണിയിൽ ബുൾ തരംഗം സൃഷ്‌ടിച്ചു. നിഫ്‌റ്റി സൂചിക തൊട്ട് മുൻവാരം രേഖപ്പെടുത്തിയ 15,469 ലെ റെക്കോർഡ് ജൂൺ ആദ്യവാരം 15,733 പോയിൻറ്റായി തിരുത്തി മുന്നേറിയതിനിടയിൽ ഹെവിവെയിറ്റ്‌ഓഹരികളിൽ കനത്ത വാങ്ങൽ താൽപര്യം ദൃശ്യമായി.
വാരാരംഭത്തിൽ 15,435 ൽ നിന്ന് ഒരവസരത്തിൽ 15,374 ലേയ്‌ക്ക് ലാഭമെടുപ്പിനെ തുടർന്ന് തളർന്ന സൂചിക പിന്നീട് കൂടുതൽ ശക്തിയാർജിച്ച് വാരാന്ത്യത്തിലാണ് ചരിത്രത്തിൽ ആദ്യമായി 15,700 ലെ തടസം മറികടന്നത്. വെളളിയാഴ്‌ച്ച സൂചിക സർവകാല റെക്കോർഡായ 15,733.60 വരെ ഉയർന്നു.
ഈ അവസരത്തിൽ റിസർവ് ബാങ്ക് വായ്‌പാ അവലോകനത്തിൽ പലിശ നിരക്കുകൾ സ്‌റ്റെഡിയായി നിലനിർത്താനുള്ള തീരുമാനം പുറത്ത് വിട്ടത് നിക്ഷേപകരെ നിരാശപ്പെടുത്തി. ആർ ബി ഐ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരാൻ തീരുമാനിച്ചു. കേന്ദ്ര ബാങ്ക് തുടർച്ചയായ ആറാം തവണയാണ് വായ്‌പാ അവലോകനത്തിൽ പലിശയിൽ മാറ്റം വരുത്താതെ യോഗം പിരിയുന്നത്.
ബോംബെ സെൻസെക്‌സ് 51,422 ൽ നിന്ന് 52,389 പോയിൻറ് വരെ ഉയർന്നു. സർവകാല റെക്കാർഡിലേയ്‌ക്കുള്ള ദൂരം കേവലം 127 പോയിൻറ്റ് അകലെ സൂചികയുടെ കാലിടറി. ഇതോടെ ബാധ്യതകൾ കുറക്കാൻ ഫണ്ടുകൾവെള്ളിയാഴ്‌ച്ച ഇടപാടുകളുടെ അവസാന മണിക്കൂറുകളിൽ നടത്തിയ തിരക്കിട്ട നീക്കം മൂലം സെൻസെക്‌സ് 52,100 ലേയ്‌ക്ക് താഴ്‌ന്ന് ക്ലോസിങ് നടന്നു.
ഈവാരം റെക്കോർഡായ 52,516 ൽ ആദ്യ പ്രതിരോധം നിലനിൽക്കുന്നു, ഇത് മറികടന്നാൽ 52,599 ലേയ്‌ക്ക് ഉയരാനാവും. വിപണിയുടെ താങ്ങ് 51,389 പോയിൻറ്റിലാണ്.ഒ.എൻ.ജി.സി, ആർ.ഐ.എൽ, എസ്.ബി ഐ, എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, മാരുതി, ബജാജ് ഓട്ടോ, ഡോ: റെഡീസ്, സൺ ഫാർമ്മ, എയർടെൽ, എൽ ആൻറ് ടി തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഇൻഫോസിസ്, ഐ.ടി.സി, എം ആൻറ് എം തുടങ്ങിയവയ്‌ക്ക് തളർച്ചടിനേരിട്ടു.
ഫോറെക്‌സ് മാർക്കറ്റിൽ പിന്നിട്ടവാരം രൂപയ്‌ക്ക് തിരിച്ചടിനേരിട്ടു. ഓഹരി സൂചിക മികവ് കാണിച്ചവേളയിൽ വിദേശ നിക്ഷേപം പതിവിലും ഉയർന്നിട്ടും രൂപ തളർന്നത് ആർ.ബി.ഐ യെ സമ്മർദ്ദത്തിലാക്കി. നാണയപെരുപ്പം നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്‌ച്ചകൾക്കിടയിൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ അവലോകന യോഗത്തിൽ കേന്ദ്ര ബാങ്ക് തയ്യാറാവാഞ്ഞതും തിരുത്തലിന് ഇടയാക്കി. ഒരു മാസമായി മികവ് കാണിച്ചിരുന്ന വിനിമയ മൂലം പോയവാരം 72.42 ൽ നിന്ന് 72.87 ലേയ്‌ക്ക് ഇടിഞ്ഞു.രാജ്യത്തെ വിദേശ നാണയ കരുതൽ ശേഖരംചരിത്രത്തിൽ ആദ്യമായി 600 ബില്യൻ ഡോളർ മറികടക്കാനുള്ള ഒരുക്കത്തിലാണ്. വാരാവസാനം കരുതൽ ശേഖരം 598.2 ബില്യൻ ഡോളറിൽ എത്തി. മെയ് 28 ന് അവസാനിച്ച വാരം കരുതൽ ശേഖരം 592.89 ബില്യൻ ഡോളറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.