കോർപ്പറേറ്റ് ത്രൈമാസ റിപ്പോർട്ടിനെ ആശ്രയിച്ച് വിപണി
text_fieldsകൊച്ചി: കോർപ്പറേറ്റ് ഭീമൻമാർ ഈവാരം പുറത്തുവിടുന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ തിളക്കത്തെ ആശ്രയിച്ചാവും മുന്നിലുള്ള ദിവസങ്ങളിൽ ഓഹരി ഇൻഡക്‌സുകളുടെ നീക്കം. കോർപ്പറേറ്റ് ഫലങ്ങൾക്ക് മികവ് കാണിക്കാനായാൽ ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും റെക്കോർഡ് നേട്ടത്തിലേയ്ക്ക് ചുവടുവെക്കും. വൻ പ്രതീക്ഷകളോടെയാണ് നിക്ഷേപകർ വിപണിയെ ഉറ്റുനോക്കുന്നത്.
രണ്ടാഴ്‌ച്ചകളിലെ തളർച്ചയ്‌ക്ക് ശേഷം മുൻ നിര ഇൻഡക്‌സുകൾ പ്രതിവാരനേട്ടത്തിലേയ്‌ക്ക് പ്രവേശിച്ചത് അനുകൂല തരംഗത്തിന് അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് ഫണ്ട് മാനേജർമാരും. പിന്നിട്ടവാരം സെൻസെക്‌സ് 753 പോയിൻറ്റും നിഫ്‌റ്റി 233 പോയിൻറ്റും വർദ്ധിച്ചു.
ഈവാരം എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, സ്റ്റാൻഡേർഡ് ലൈഫ്, എച്ച് .സി.എൽ ടെക്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻറ്റ്, ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, എച്ച്.യു.എൽ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ആർ.ഐ. എൽ എന്നിവയുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവരും. പെരുന്നാൾ പ്രമാണിച്ച് ബുധനാഴ്‌ച്ച വിപണി അവധിയായതിനാൽ ഈ വാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. മികച്ച റിപ്പോർട്ടുകൾ മുന്നിൽ കണ്ട് താഴ്‌ന്ന റേഞ്ചിൽ പുതിയ ബയ്യിങിന് ആഭ്യന്തര ഫണ്ടുകൾ ഉത്സാഹിച്ചു.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പോയവാരം ഇടപാടുകൾ നടന്ന അഞ്ച് ദിവസങ്ങളിലും നിക്ഷേപകരുടെ മേലങ്ക അണിഞ്ഞ് വിപണിക്ക് ശക്തമായ പിൻതുണ നൽകി. പിന്നിട്ട വാരം അവർ 3232 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടി. അതേ സമയം വിദേശ ധനകാര്യസ്ഥാനപങ്ങൾ 2781 കോടി രൂപയുടെ വിൽപ്പന നാല് ദിവസങ്ങളിൽ നടത്തി. ചെവാഴ്‌ച്ച അവർ 114 കോടി രൂപയുടെ നിക്ഷേപത്തിന് താൽപര്യം കാണിച്ചു.
ബോംബെ സെൻസെക്‌സ് 52,386 ൽ നിന്ന് റെക്കോർഡായ 53,129 പോയിൻറ്റിലെ തടസവും ഭേദിച്ച് സർവകാല റെക്കോർഡായ 53,290 വരെ മുന്നേറി. വാരാന്ത്യം സൂചിക 53,140 ലാണ്. ഈവാരം 53,550 ലാണ് ആദ്യ പ്രതിരോധം, ഇത് മറികടക്കാൻ 52,468 ലെ താങ്ങ് നിലനിർത്താൻ വാരത്തിൻറ ആദ്യ പകുതിയിൽ സെൻസെക്‌സ് ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ ഒരിക്കൽ കൂടി റെക്കോർഡ് പ്രകടനം വിപണി പുറത്ത് എടുക്കും.
നിഫ്‌റ്റി താഴ്‌ന്ന റേഞ്ചായ 15,644 ൽ നിന്ന് കൈവരിച്ച ഊർജവുമായി എക്കാലത്തെയും ഉയർന്ന നിലവാരമായ 15,962 വരെ കയറിയ ശേഷം ക്ലോസിങിൽ 15,923 പോയിൻറ്റിലാണ്. ഈവാരം 16,000 ലെ നിർണായക തടസം വിപണി മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാർ
യു.എസ് ഫെഡ് റിസർവ് യോഗം ഈവാരം ഡോളർ സൂചികയിൽ ചാഞ്ചാട്ടം സൃഷ്‌ടിക്കാം. ഡോളർ മികവിലേയ്‌ക്ക് തിരിഞ്ഞാൽ സ്വാഭാവികമായും വിദേശ ഫണ്ടുകൾ ഏമർജിങ് വിപണികളിൽ വിൽപ്പനയ്‌ക്ക് മുൻ തൂക്കം നൽകും, അത്തരം ഒരു നീക്കം വിനിമയ വിപണിയിൽ രൂപയെ സമ്മർദ്ദത്തിലാക്കാം. വാരാവസാനം ഡോളറിന് മുന്നിൽ രൂപ 74.60 ലാണ്. പ്രതികൂല വാർത്തകൾ രൂപയെ 75 ലേയ്‌ക്ക് ദുർബലമാക്കാം.
അതേ സമയം രൂപയ്‌ക്ക് താങ്ങ് പകരുന്ന നീക്കങ്ങൾ ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ നിന്നും പ്രതീക്ഷിക്കുന്നു. യുറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാക്കുന്നത് കണക്കിലെടുത്താൽ വർഷാന്ത്യം എണ്ണ വിപണിയുടെ പ്രതീക്ഷയ്‌ക്ക് ഒത്ത് ഡിമാൻറ് ഉയരാൻ ഇടയില്ല. ക്രൂഡ് വില ബാരലിന് 76.68 ഡോളറിൽ നിന്ന് 72.38 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 73.13 ഡോളറിലാണ്. എണ്ണ വിപണി തണുക്കുന്നത് രൂപയുടെ മൂല്യം മെച്ചപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.