പ്രതീക്ഷിച്ച ലാഭമുണ്ടാക്കാതെ കോർപ്പറേറ്റ് ഭീമൻമാർ; കണക്കുകൂട്ടലുകൾ തെറ്റി നിക്ഷേപകർ
text_fieldsകൊച്ചി: കോർപ്പറേറ്റ് ഭീമൻമാർക്ക് മികച്ച ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ ഒരുക്കാൻകഴിയാഞ്ഞത് നിക്ഷേപകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. വൻകിട കമ്പനികളിൽ നിന്ന് മികച്ച റിപ്പോർട്ട് പുറത്തുവരുമെന്ന നിഗമനത്തിൽ പണം ഇറക്കിയ നിക്ഷേപകർ പിന്നീട് ബാധ്യതകൾ കുറക്കാൻ മത്സരിച്ച് രംഗത്ത് ഇറങ്ങിയത്‌പ്രതിവാര തളർച്ചയ്‌ക്ക് ഇടയാക്കി. ബോംബെ സെൻസെക്‌സ് 164 പോയിൻറ്റും നിഫ്‌റ്റി 67 പോയിൻറ്റും നഷ്‌ടത്തിലാണ്.
ത്രൈമാസ പ്രവർത്തന ഫലങ്ങൾക്ക് തിളക്കം മങ്ങിയത് വാരത്തിൻറ്റ ആദ്യ പകുതിയിൽ ഓപ്പറേറ്റർമാരെ വിൽപ്പനയ്‌ക്ക് പ്രേരിപ്പിച്ചത് ഇൻഡക്‌സുകളിൽ സമ്മർദ്ദമുളവാക്കി. എന്നാൽ ബക്രീദ് അവധിക്ക് ശേഷം താഴ്‌ന്ന റേഞ്ചിൽ നിന്നും തിരിച്ചു വരവിന് വിപണി ശ്രമിച്ചത് പുതിയ പ്രതീക്ഷകൾക്കും അവസരം ഒരുക്കി.
അവസാന രണ്ട് ദിവസങ്ങളിലെ ബുൾ റാലയിൽ ബി.എസ്. ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂല്യം 4,09,200.15 കോടി രൂപ ഉയർന്ന് വാരാന്ത്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,35,11,063.15 കോടി രൂപയിലെത്തി. ഈ മാസം ആദ്യ മൂന്നാഴ്‌ച്ചകളിൽ രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ 45 ശതമാനം വർദ്ധിച്ച വിവരം വിപണിക്ക് അനുകൂലമാണ്. വിനിമയ നിരക്കിലുണ്ടായ ഇടിവ് കയറ്റുമതിക്ക് വേഗതപകർന്നു.
അമേരിക്കൻ ഓഹരി സൂചികയായ ഡൗജോൺസ് വാരാന്ത്യം കാഴ്‌ച്ചവെച്ച തകർപ്പൻ മുന്നേറ്റം ഈവാരം ഇന്ത്യൻ മാർക്കറ്റിന് തിളക്കം പകരാം. ഡൗ സൂചിക ചരിത്രത്തിൽ ആദ്യമായി 35,000 പോയിൻറ്റിന് മുകളിലെത്തി. ഈ വർഷം സൂചിക 14 ശതമാനം മുന്നേറി. യുറോപ്യൻ മാർക്കറ്റുകളും വാരാവസാനം നേട്ടത്തിലായിരുന്നു. അതേ സമയം ഏഷ്യൻ വിപണികളിൽ ചാഞ്ചാട്ടം ദൃശ്യമായി, ഹോങ്‌ങ്കോങ്, ചൈനീസ് മാർക്കറ്റുകൾ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുൻ നിര ഓഹരികളായ ഐ.ടി.സി, എയർ ടെൽ, സൺ ഫാർമ്മ, ഡോ: റെഡീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസീസ്, ടാറ്റാ സ്‌റ്റീൽ, ബജാജ് ഫൈനാൻസ് തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ എച്ച് .ഡി.എഫ്.സി ബാങ്ക്, എച്ച്. എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, എൽ ആൻറ് ടി, ആർ.ഐ.എൽ, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
നിഫ്‌റ്റി സൂചിക തൊട്ട് മുൻവാരം രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ 15,962 പോയിൻറ്റിൽ നിന്ന് ഇടപാടുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലായി ഏകദേശം 380 പോയിൻറ്റ് സാങ്കേതിക തിരുത്തൽ കാഴ്‌ച്ചവെച്ചു. ഈ അവസരത്തിൽ താഴ്‌ന്ന നിലവാരമായ 15,707 പോയിൻറ്റ് റേഞ്ചിൽ അനുഭവപ്പെട്ട ശക്തമായ വാങ്ങൽ താൽപര്യം വിപണിക്ക് പുതുജീവൻ പകർന്നതോടെ നിഫ്‌റ്റി 15,899 ലേയ്‌ക്ക് ഉയർന്നങ്കിലും ഒരു മാസമായി ഏറെ നിർണ്ണായകമായി നിലകൊള്ളുന്ന 15,900 റേഞ്ചിൽ സുചികയ്‌ക്ക് തിരിച്ചടിനേരിട്ടു. വാരാന്ത്യം നിഫ്‌റ്റി 15,856 പോയിൻറ്റിലാണ്.
ഈവാരം 16,012 ൽ ആദ്യ പ്രതിരോധമുണ്ടങ്കിലും വ്യാഴാഴ്‌ച്ചത്തെ ജൂലൈ സീരീസ് സെറ്റിൽമെൻറ്റ് കഴിയുന്നതോടെ 16,200 റേഞ്ചിലേയ്‌ക്ക് പ്രവേശിക്കാനാവശ്യമായ കരുത്ത് വിപണിക്ക് കണ്ടത്താനാവും. അതേ സമയം ഈ വാരം ആദ്യ പകുതിയിൽ 15,742 ലെ സപ്പോർട്ട് നഷ്‌ടപ്പെട്ടാൽ വിപണി 15,628 ലേയ്‌ക്ക് തിരുത്തലിന് ശ്രമിക്കാം.
ബോംബെ സെൻസെക്‌സ് 53,140 ൽ നിന്ന് 52,013 ലേയ്‌ക്ക് താഴ്‌ന്ന ശേഷമുള്ള തിരിച്ചു വരവിൽ 53,114 വരെ കയറിയെങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ സുചിക 52,975 പോയിൻറ്റിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.